1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2021

സ്വന്തം ലേഖകൻ: കൊച്ചി – ലണ്ടൻ നേരിട്ടുള്ള എയർ ഇന്ത്യ സർവീസ് ഓഗസ്റ്റ് 18 മുതൽ എല്ലാ ബുധനാഴ്ചയും ഉ റപ്പായതോടെ യുകെ മലയാളികൾക്ക് ഓണ സമ്മാനം ലഭിച്ച പ്രതീതി. ഓഗസ്റ്റ് 18-ന് കൊച്ചിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രതിവാര സര്‍വീസ് ആരംഭിക്കും. എല്ലാ ബുധനാഴ്ചയുമാണ് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാനം പറക്കുന്നത്.

യൂറോപ്പിലേയ്ക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സിയാല്‍ പാര്‍ക്കിങ്, ലാന്‍ഡിങ് ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയെ റെഡ് പട്ടികയില്‍ നിന്ന് ആംബര്‍ പട്ടികയിലേയ്ക്ക് ബ്രിട്ടന്‍ മാറ്റിയതോടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്ര സുഗമമാകുന്നത്. ഈ തീരുമാനം വന്ന ഉടന്‍ തന്നെ കൊച്ചിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യയും സിയാലും നീക്കം തുടങ്ങിയിരുന്നു.

കേരളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് സര്‍വീസുള്ള ഏക വിമാനത്താവളമാണ് കൊച്ചി. ഡ്രീംലൈനര്‍ ശ്രേണിയിലുള്ള വിമാനമാണ് എയര്‍ എന്ത്യ ലണ്ടന്‍-കൊച്ചി-ലണ്ടന്‍ സര്‍വീസിന് ഉപയോഗിക്കുക. എല്ലാ ബുധനാഴ്ചയും രാവിലെ 03.45-ന് കൊച്ചിയിലെത്തുന്ന വിമാനം 05.50-ന് ഹീത്രൂവിലേയ്ക്ക് മടങ്ങും.

സിയാലിന്റെയും എയര്‍ഇന്ത്യയുടേയും യോജിച്ചുള്ള പ്രവര്‍ത്തനഫലമായാണ് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാനസര്‍വീസ് തുടങ്ങാനായതെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് അറിയിച്ചു.

“പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് യൂറോപ്പിലേയ്ക്ക് നേരിട്ടുള്ള സര്‍വീസ്. പാര്‍ക്കിങ്, ലാന്‍ഡിങ് ഫീസ് ഒഴിവാക്കിയതോടെ കൂടുതല്‍ വിമാനക്കമ്പനികള്‍ ഇത്തരം സര്‍വീസുകള്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ. ചെയര്‍മാനും ഡയറക്ടര്‍ബോര്‍ഡും ഇക്കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യമെടുത്തിട്ടുണ്ട്. ഒരുവര്‍ഷത്തിനുള്ളില്‍ കൂടുതല്‍ രാജ്യാന്തര എയര്‍ലൈനുകള്‍ സിയാലില്‍ എത്തുമെന്നാണ് പ്രതീക്ഷ,“ സുഹാസ് കൂട്ടിച്ചേര്‍ത്തു.

ലണ്ടനിലേക്ക് നേരിട്ട് സര്‍വീസ് തുടങ്ങുന്നതോടെ, ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകും. കൊച്ചി-ഹീത്രൂ യാത്രാസമയം 10 മണിക്കൂര്‍ ആണ്. ആമ്പര്‍ വിഭാഗത്തിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ യുകെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പും എത്തിച്ചേരുന്ന ദിനവും കോവിഡ് പരിശോധിക്കണം. യു.കെയില്‍ എത്തി എട്ടാംദിനവും പരിശോധന നടത്തണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.