
സ്വന്തം ലേഖകൻ: നിലവിലെ യാത്രപ്രശ്നങ്ങൾ കണക്കിലെടുത്ത് നാഷനൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റിനുള്ള (നീറ്റ്) കേന്ദ്രം സൗദിയിലും അനുവദിക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ആലപ്പുഴ എം.പി എ.എം. ആരിഫ് നൽകിയ നിവേദനത്തിനു മറുപടിയായാണ് സെൻറർ അനുവദിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി വാക്കു നൽകിയത്.
സൗദിയിലെ നിരവധി സംഘടനകളും വ്യക്തികളും ഇതുമായി ബന്ധപ്പെട്ട് അംബാസഡർക്കും ചീഫ് ജസ്റ്റിസ്, മന്ത്രിമാർ ഉൾെപ്പടെയുള്ളവർക്കും നിവേദനങ്ങൾ നൽകിയിരുന്നു. ജി.സി.സിയിലെ ചില രാജ്യങ്ങളിൽ നീറ്റ് സെൻറർ അനുവദിച്ച വാർത്ത സൗദിയിലെ കുട്ടികൾക്കും പ്രതീക്ഷ നൽകിയിരുന്നു.
നിലവിൽ നാട്ടിലേക്കുള്ള യാത്രയും തിരിച്ചുള്ള യാത്രകളും ഏറെ കടമ്പകൾ സൃഷ്ടിക്കുന്നതിനാൽ സൗദിയിലുള്ള കുട്ടികൾക്ക് ഇവിടെ തന്നെ നീറ്റ് പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം. ഉപരിപഠനത്തിന് നാട്ടിൽപോകാൻ കഴിയാത്ത പല കുട്ടികളും മറ്റു വിദേശ രാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളിൽ മെഡിസിൻ ഉൾെപ്പടെയുള്ള പഠനം ആരംഭിച്ചിരുന്നു.
എന്നാൽ നീറ്റ് പരീക്ഷയിൽ വിജയികളല്ലാത്തതിനാൽ കോഴ്സ് പൂർത്തിയാക്കിയാലും ഇവർക്ക് ഇന്ത്യയിൽ ജോലിചെയ്യാനുള്ള അംഗീകാരം ലഭിക്കില്ല. കഴിഞ്ഞവർഷവും ഇൗ വർഷവുമായി സൗദിയിൽ സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 1,200 കുട്ടികളിൽ ഭൂരിപക്ഷം പേരെയും ഇൗ പ്രശ്നം പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. അതേസമയം മറ്റ് ജി.സി.സി രാജ്യങ്ങളിലെ പോലെ സൗദിയിലെ പ്രശ്നങ്ങൾ അത്രവേഗം പരിഹരിക്കാൻ സാധിക്കുന്നതല്ല എന്നാണ് പൊതുവേ ചൂണ്ടിക്കാട്ടപ്പെടുന്നത്.
സെൻറർ അനുവദിക്കുന്നതിന് സൗദിയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ അനുമതിയാണ് പ്രധാനമായും വേണ്ടത്. ഇപ്പോഴും അനുകൂലമായ നീക്കമൊന്നും ഇൗ രംഗത്ത് ഉണ്ടായിട്ടിെല്ലന്നാണ് മനസ്സിലാകുന്നത്. മാത്രമല്ല നീറ്റ് പരീക്ഷകൾ സുരക്ഷിതമായും സൗകര്യപ്രദമായും എവിടെ നടത്തും എന്നതും വെല്ലുവിളിയാണ്.
സൗദിയിലെ നഗരങ്ങൾ തമ്മിൽ 500 മുതൽ 1000 വരെ കിലോമീറ്ററുകൾ വ്യത്യാസമുള്ളതിനാൽ ഒന്നിലധികം സെൻററുകൾ അനുവദിക്കേണ്ടി വരും. എന്നാൽ നീറ്റ് രജിസ്ട്രേഷനുള്ള സമയം അഞ്ചു ദിവസം കൂടി നീട്ടി ആഗസ്റ്റ് 10 വരെയാക്കി 11 മുതൽ ആവശ്യമായ തിരുത്തലുകൾ വരുത്താനുള്ള സൗകര്യമുണ്ട്. ഇത് 14 വരെ തുടരും. സെപ്റ്റംബർ 12നാണ് ഇപ്പോൾ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം സൗദി അറേബ്യയിൽ നീറ്റ് പരീക്ഷ എഴുതാൻ സെൻറർ അനുവദിച്ചു എന്ന തരത്തിലുള്ള വാർത്തകൾ ശരിയെല്ലന്നും ആലോചിക്കാമെന്നാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞതെന്നും എ.എം. ആരിഫ് എം.പി വ്യക്തമാക്കി. ഇത് സംബന്ധമായി ഒരു പത്രത്തിലും ചില ഓൺലൈൻ മാധ്യമങ്ങളിലും വന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഈ ആവശ്യം ലക്ഷ്യത്തിലെത്തിക്കാൻ പരമാവധി ശ്രമിക്കുമെന്നും എം.പി കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല