
സ്വന്തം ലേഖകൻ: രാജ്യത്ത് താലിബാൻ ആക്രമണങ്ങൾക്ക് പാകിസ്താന്‍ നൽകുന്ന പിന്തുണ ഐക്യരാഷ്ട്ര സഭയിൽ തുറന്നു കാട്ടി അഫ്ഗാനിസ്താന്‍. ഐക്യരാഷ്ട്ര സഭയിൽ അഫ്ഗാനിസ്താന്‍ പ്രതിനിധി ഗുലാം എം. ഇസാക്സൈ ആണ് പാകിസ്താനെതിരെ രംഗത്തെത്തിയത്. താലിബാന്റെ സുരക്ഷിത താവളമായി പാകിസ്താന്‍ തുടരുകയാണെന്നും ആവശ്യമായ യുദ്ധ സാമഗ്രികൾ പാകിസ്താനിൽ നിന്ന് താലിബാന് ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സംസാരിക്കുകയായിരുന്നു ഗുലാം എം. ഇസാക്സൈ. ഇന്ത്യയുടെ നേതൃത്വത്തിലാണ് ഐക്യരാഷ്ട്ര സഭയിൽ സുരക്ഷാ കൗൺസിൽ വിളിച്ചു ചേർത്തത്. അഫ്ഗാൻ വിദേശകാര്യ മന്ത്രി ഹനീഫ് ആത്മർ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനെ വിളിച്ചതിന് ശേഷമാണ് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ സംഘടിപ്പിച്ചത്.
രാജ്യത്തേക്ക് പ്രവേശിക്കാന്‍ താലിബാന്‍ തീവ്രവാദികള്‍ ഡ്യുറന്‍ഡ് ലൈനിന് സമീപം ഒത്തുകൂടുന്നതും അവരുടെ ഫണ്ട് ശേഖരണ പരിപാടികള്‍, കൂട്ട ശവസംസ്‌കാരത്തിനായി മൃതദേഹങ്ങള്‍ കൈമാറല്‍, പാകിസ്താന്‍ ആശുപത്രികളില്‍ പരിക്കേറ്റ താലിബാന്‍ ചികിത്സ തുടങ്ങിയവ എങ്ങനെ നടക്കുന്നുവെന്ന് ഗ്രാഫിക് റിപ്പോര്‍ട്ടുകളും വീഡിയോകളും ഉയര്‍ത്തിക്കാട്ടി അഫ്ഗാന്‍ പ്രതിനിധി വിശദീകരിച്ചു.
1988-ലെ ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗൺസിലിന്റെ ഉപരോധ വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. മാത്രമല്ല അഫ്ഗാനിസ്താനില്‍ യുദ്ധം ഇല്ലാതാക്കാൻ വേണ്ടി പാകിസ്താനുമായി സഹകരിക്കുന്നതിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഉസ്ബക്കിസ്താനില്‍ നടന്ന ഉച്ചകോടിയില്‍ അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി പരസ്യമായിത്തന്നെ പാകിസ്താനെതിരെ രംഗത്തെത്തിയിരുന്നു. തീവ്രവാദികൾക്ക് പാകിസ്താന്‍ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് പറഞ്ഞായിരുന്നു അഫ്ഗാൻ പ്രസിഡന്റ് രംഗത്തെത്തിയത്.
അതിനിടെ യു.എസ് സൈനിക പിന്തുണയില്ലാതെ അഫ്ഗാൻ സേന പതറുേമ്പാൾ കൂടുതൽ സ്ഥലങ്ങൾ പിടിച്ചെടുത്ത് താലിബാൻ. വെള്ളിയാഴ്ച നിംറോസ് തലസ്ഥാനമായ സരഞ്ജ്, ജൗസ്ജാനിലെ ഷെബർഗാൻ പട്ടണങ്ങൾ പിടിച്ച താലിബാൻ കുന്ദുസിലും മുന്നേറുന്നതായി അന്താരാഷ്ട്ര വാർത്താ എജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
നഗരം വീഴുന്നതോടെ അഫ്ഗാൻ സേനയുടെ പ്രതിരോധം കൂടുതൽ ദുർബലമാകും. പട്ടണത്തിന്‍റെ പ്രധാന ചത്വരം താലിബാൻ നിയന്ത്രണത്തിലായതായാണ് സൂചന. താലിബാനെതിരെ ബോംബാക്രമണം നടക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങൾ പറയുന്നുണ്ടെങ്കിലും വിജയം കാണുമോയെന്ന ആശങ്ക ശക്തമാണ്. കുന്ദുസിനു പിറകെ മറ്റു പ്രവിശ്യകൾ കൂടി പിടിക്കാനാണ് താലിബാൻ നീക്കം.
അഫ്ഗാനിസ്ഥാൻ്റെ വിവിധ മേഖലകളിൽ താലിബാൻ കുതിപ്പ് തുടരുന്നതിനിടെ ഭീകരസംഘടനയ്ക്ക് തിരിച്ചടി. ഷെബര്‍ഗാൻ നഗരത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇരുനൂറിലധികം താലിബാൻ ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്നും ആക്രമണത്തിൽ നൂറിലധികം വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടെന്നും പ്രതിരോധ മന്ത്രാലയ വക്താവായ ഫവദ് അമൻ വ്യക്തമാക്കി. ഭീകരരുടെ ആയുധശേഖരങ്ങളും സ്ഫോടകവസ്തുക്കളും തകര്‍ത്തതായും സൈന്യം അവകാശപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല