1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2021

സ്വന്തം ലേഖകൻ: ഞായറാഴ്ച പുലർച്ചെ മുതൽ ഇന്ത്യ യുകെയുടെ ആംബർ ലിസ്റ്റിലായതോടെ ഇനി ഹോട്ടൽ ക്വാറൻ്റീനില്ലാതെ യാത്ര ചെയ്യാം. 2 ഡോസ് കോവിഡ് വാക്സിനും എടുത്ത ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇനി മുതൽ 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ വേണ്ടെന്നു യുകെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ആശ്വാസത്തിലും ആശങ്കയായി വിമാന ടിക്കറ്റ് നിരക്ക് മാറുമെന്നാണ് സൂചന.

“യുഎഇ, ഖത്തർ, ഇന്ത്യ, ബഹ്‌റൈൻ എന്നിവയെ റെഡ് ലിസ്റ്റിൽനിന്ന് ആംബർ ലിസ്റ്റിലേക്ക് മാറ്റും. എല്ലാ മാറ്റങ്ങളും ഓഗസ്റ്റ് എട്ടിനു പുലർച്ചെ നാലു മുതൽ പ്രാബല്യത്തിൽ വരും,“ എന്നാണു യുകെ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് ട്വിറ്ററിൽ അറിയിച്ചത്.

എന്നാൽ, മൂന്നു മാസത്തിലധികം നീണ്ട യാത്രാവിലക്കും വിദ്യാർഥി സീസണും കാരണം യാത്രാനിരക്കിൽ കുത്തനെ വർധനയുണ്ടായതാണ് ഇന്ത്യക്കാർക്കു തിരിച്ചടിയാകുന്നത്. ഗൂഗിൾ ട്രാവൽ അനുസരിച്ച്, ഓഗസ്റ്റ് 26ന് ഡൽഹിയിൽനിന്നു ലണ്ടനിലേക്കുള്ള യാത്രാ നിരക്ക് ബ്രിട്ടിഷ് എയർവേസിൽ 3.95 ലക്ഷം രൂപയാണ്. എയർ ഇന്ത്യയിലും എയർ വിസ്താരയിലും ടിക്കറ്റ് ചെലവ് 1.2 ലക്ഷം മുതൽ 2.3 ലക്ഷം വരെയാണെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

കോളജ് പ്രവേശന സമയത്തെ ഉയർന്ന ടിക്കറ്റ് നിരക്കിനെക്കുറിച്ച് ആശങ്കയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി സഞ്ജീവ് ഗുപ്ത, ഡൽഹി– ലണ്ടൻ വിമാന റൂട്ടിലെ ഇക്കോണമി ക്ലാസിന്റെ മിനിമം നിരക്കിന്റെ സ്ക്രീൻഷോട്ടുകൾ ട്വിറ്ററിൽ പങ്കിട്ടു. ഈ നിരക്കുകളുടെ ഉറവിടമറിയാൻ ശ്രമിക്കുകയാണ് എന്നായിരുന്നു ഗുപ്തയുടെ ട്വീറ്റിന് എയർ ഇന്ത്യ മറുപടി നൽകിയത്. ഔദ്യോഗിക വെബ്‌സൈറ്റിൽ നിലവിലുള്ള നിരക്ക് ഏകദേശം 1.15 ലക്ഷം രൂപയാണെന്നും എയർ ഇന്ത്യ വ്യക്തമാക്കി.‌

അതേസമയം, ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. നിലവിൽ സർവീസുള്ള ഡൽഹി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങൾക്കു പുറമേ കൊച്ചി, അമൃത്‍സർ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കു കൂടി ഈ മാസം 16 മുതൽ നേരിട്ടു സർവീസ് ആരംഭിക്കാനാണു തീരുമാനം. സെപ്റ്റംബർ ഒന്നു വരെയുള്ള ഷെഡ്യൂളുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതനുസരിച്ച് എല്ലാ ബുധനാഴ്ചയും കൊച്ചിയിൽനിന്നു ലണ്ടൻ ഹീത്രൂവിലേക്കു നേരിട്ടു സർവീസ് ഉണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.