
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടമായ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം ആരംഭിച്ചു. സ്വദേശികളുും പ്രവാസികളുമായ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്കാണ് അഞ്ച് ലക്ഷം സൗദി റിയാല്‍ ധനസഹായം ലഭിക്കുക. ഇതിന്റെ വിതരണം ആരംഭിച്ചതായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ തമ്മില്‍ സഹായ വിതരണത്തിന്റെ കാര്യത്തില്‍ വ്യത്യാസമില്ല.
മലയാളികളുള്‍പ്പെടെ ഇന്ത്യക്കാരായ നിരവധി നഴ്സ്മാരും ഡോക്ടര്‍മാരും കോവിഡിനെതിരായ പോരാട്ടത്തിനിടെ മരിച്ചവരിലുള്‍പ്പെടും. മഹാമാരി കാലത്ത് രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷക്കായി സ്വന്തം ജീവന്‍ ത്യജിച്ചവരാണ് ഇവരെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഇവരുടെ ആത്മാര്‍ഥതയ്ക്കും ത്യാഗത്തനും അര്‍ഹമായ അംഗീകാരം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്തെ ആരോഗ്യ മേഖലയിലെ എല്ലാ ജീവനക്കാരും നടത്തിയ മഹത്തായ ശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു. ഏകദേശം ഒരു കോടിയോളം ഇന്ത്യന്‍ രൂപയാണ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി ലഭിക്കുക.
കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് പ്രത്യേക ധനസഹായം വിതരണം ചെയ്യാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ഒക്ടോബര്‍ 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഇതുപ്രകാരം അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കുന്നതിനും ധനസാഹയം നല്‍കുന്നതിനുളള രൂപരേഖ തയ്യാറാക്കുന്നതിനുമായി പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം സൗദി റിയാല്‍ ഇപ്പോള്‍ വിതരണം ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31ന് സൗദിയില്‍ ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ചത് മുതല്‍ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. രാജ്യത്തെ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ള ജനങ്ങളോട് ഭരണകൂടം കാണിക്കുന്ന കരുതലിന്റെ ഭാഗമാണ് ഈ നടപടിയെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്തുന്നതില്‍ ആരോഗ്യ മേഖല മികച്ച സംഭാവനകളാണ് നല്‍കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല