
സ്വന്തം ലേഖകൻ: ദേശീയ ദുരന്തനിവാരണ അതോറിറ്റി രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു.പ്രതിരോധ നടപടികളും സ്ഥാപനങ്ങളുടെ പ്രവർത്തന ശേഷിയും സംബന്ധിച്ച പുതുക്കിയ നിയമങ്ങളാണ് ഞായറാഴ്ച പുറത്തുവിട്ടിരിക്കുന്നത്. മാളുകളിലും ഹോട്ടലുകളിലും കൂടുതൽ പേർക്ക് പ്രവേശിപ്പിക്കാം എന്നതടക്കം ഘട്ടംഘട്ടമായി രാജ്യത്തെ സാധാരണനിലയിലേക്ക് എത്തിക്കുന്നതിെൻറ ഭാഗമായ ഇളവുകളാണ് പ്രഖ്യാപിച്ചത്.
രാജ്യത്ത് കോവിഡ് കേസുകൾ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്ത ദിവസമാണ് ഇളവുകൾ നൽകി ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, ഓരോ എമിേററ്റിലെയും ദുരന്തനിവാരണ വിഭാഗങ്ങൾക്ക് തങ്ങളുടെ പ്രദേശത്തെ നിയന്ത്രണങ്ങൾ പ്രത്യേകം തീരുമാനിക്കാനും പിഴകൾ ചുമത്താനും രോഗപ്രതിരോധ നടപടികൾ സ്വീകരിക്കാനും ഉത്തരവാദിത്തമുണ്ടെന്നും അതോറിറ്റി അറിയിച്ചു.
ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, തിയറ്ററുകൾ, ഭക്ഷണശാലകൾ എന്നിവ 80 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. റസ്റ്റാറൻറുകൾ, കഫേകൾ എന്നിവിടങ്ങളിൽ ഒരു ടേബിളിൽ 10 പേർക്ക് വരെ ഇരിക്കാം. പൊതുപരിപാടികളിൽ 60 ശതമാനം പേരെ പങ്കെടുപ്പിക്കാം. എന്നാൽ, പങ്കെടുക്കുന്നവർ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം.
പൊതുഗതാഗത സൗകര്യങ്ങളിൽ 75 ശതമാനം യാത്രക്കാരെ പ്രവേശിപ്പിക്കാം. വിവാഹ ഹാളുകളിൽ 60 ശതമാനം പേരെ പ്രവേശിപ്പിക്കാം. എന്നാൽ, ആകെ ആളുകളുടെ എണ്ണം 300ൽ കവിയരുത്. പരിപാടികളിലും പ്രദർശനങ്ങളിലും രണ്ട് ഡോസ് വാക്സിൻ എടുത്തവരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഇവർ രണ്ടാം ഡോസെടുത്ത് ആറുമാസം പിന്നിട്ടവരാകരുത്. വയോധികൾ, രോഗികൾ എന്നിവർ മൂന്നുമാസം പിന്നിട്ടവർ ആകരുതെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല