
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ രണ്ടു പ്രവിശ്യാ തലസ്ഥാന നഗരങ്ങൾ താലിബാന്റെ നിയന്ത്രണത്തിലായി. ഇറാൻ അതിർത്തിയിലെ നിമ്രോസ് പ്രവിശ്യാ തലസ്ഥാനമായ സരാഞ്ജ് പിടിച്ചതിനു പിന്നാലെ തന്ത്രപ്രധാനമായ വടക്കൻ കിഴക്കൻ പ്രവിശ്യയായ കുൻഡൂസിന്റെയും വടക്കൻ പ്രവിശ്യയായ സരേ പുലിന്റെയും തലസ്ഥാനനഗരങ്ങൾ താലിബാന്റെ നിയന്ത്രണത്തിലായത്.
സൈന്യവുമായുള്ള കനത്ത ഏറ്റുമുട്ടലിന് ശേഷമാണ് കുൻഡൂസ് താലിബാന്‍ കീഴടക്കിയത്. നഗരത്തിലെ വിമാനത്താവളം ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തീവ്രവാദികളുടെ പിടിയിലായെന്നാണ് പ്രദേശിക ഉദ്യോഗസ്ഥര്‍ പറയുന്നത്. നഗര മധ്യത്തില്‍ താലിബാന്‍ പതാക ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
ഇവിടുത്തെ കെട്ടിടങ്ങളും കടകളും അഗ്നിക്കിരയാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ചക്ക് ശേഷം നാല് പ്രാദേശിക തലസ്ഥാനങ്ങളാണ് താലിബാന്‍ കീഴടക്കിയിട്ടുള്ളത്. അതില്‍ ഏറ്റവും പ്രധാനമാണ് കുൻഡൂസ്. അതേ സമയം കൈവിട്ട നഗരങ്ങളില്‍ സൈന്യം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
പിടിച്ചെടുത്ത നഗരങ്ങളിലെ ജയിലില്‍ നിന്ന് നൂറുകണക്കിന് താലിബാനികളെ മോചിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മെയ് മാസത്തില്‍ താലിബാന്‍ പോരാട്ടം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ നേട്ടമാണ് കുൻഡൂസ് പിടിച്ചെടുക്കല്‍. രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യകളിലേക്കുള്ള ഒരു കവാടമായിട്ടാണ് ഈ നഗരം കണക്കാക്കപ്പെടുന്നത്.
തലസ്ഥാനമായ കാബൂള്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന നഗരങ്ങളുമായി കുണ്ടുസിനെ ബന്ധിപ്പിക്കുന്ന ഹൈവേകള്‍ ഉള്ളതിനാല്‍ അതിന്റെ സ്ഥാനം തന്ത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നു, കൂടാതെ കുൻഡൂസ് താജികിസ്താനുമായും അതിര്‍ത്തി പങ്കിടുന്നുണ്ട്. അഫ്ഗാനില്‍ നിന്ന് യൂറോപ്പിലേക്കും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലേക്കും മയക്കുമരുന്ന് ഒഴുകുന്ന ഒരു അതിര്‍ത്തി കൂടിയാണിത്.
അതിനിടെ താലിബാൻ നിയന്ത്രിത മേഖലയിൽ ഭീകരര്‍ യുവതിയെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചെന്നും പുറത്തിറങ്ങിയപ്പോള്‍ ബന്ധുവായ പുരുഷൻ ഒപ്പമില്ലെന്നും ആരോപിച്ചാണ് 21കാരിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കൻ അഫ്ഗാനിസ്ഥാനിലെ ബാൽഖ് പ്രവിശ്യയിലാണ് സംഭവം നടന്നത്.
നിലവിൽ താലിബാൻ്റെ നിയന്ത്രണത്തിലുള്ള സമര്‍ ഖണ്ഡ് എന്ന ഗ്രാമത്തിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയെ താലിബാൻ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തിയതായി റേഡിയോ സ്റ്റേഷനായ റേഡിയോ ആസാദി റിപ്പോര്‍ട്ട് ചെയ്തു. നസറിൻ എന്ന 21കാരിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെടുന്ന സമയത്ത് യുവതി തനിച്ചായിരുന്നുവന്നും മസറി ഷരിഫിലേയ്ക്കുള്ള വാഹനത്തിൽ കയറാൻ ഒരുങ്ങവേയായിരുന്നു കൊലപാതകമെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, ആക്രമണം നേരിടുന്ന സമയത്ത് മുഖമടക്കം മറയ്ക്കുന്ന ബുര്‍ഖയാണ് നസറിൻ ധരിച്ചിരുന്നതെന്നണ് പോലീസ് പറയുന്നത്. യുവതിയെ വെടിവെച്ചു കൊന്നെന്ന ആരോപണം താലിബാനും നിഷേധിച്ചിട്ടുണ്ട്. താലിബാൻ നിയന്ത്രണത്തിലുള്ള മേഖലകളിൽ പലയിടത്തും ഭീകരര്‍ കടുത്ത നിയന്ത്രണങ്ങളും കരിനിയമങ്ങളുമാണ് പൊതുജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പെൺകുട്ടികള്‍ സ്കൂളിൽ പോകുന്നതും സ്ത്രീകള്‍ ജോലിയ്ക്കായി പോകുന്നതും താലിബാൻ വിലക്കിയിട്ടുണ്ട്. ബന്ധുവായ പുരുഷനോടൊപ്പമല്ലതെ തനിയെ പുറത്തിറങ്ങുന്നതിനും സ്ത്രീകളെ താലിബാൻ വിലക്കിയിട്ടുണ്ട്. എന്നാൽ പൊതുജനങ്ങള്‍ക്കെതിരായ അക്രമങ്ങളിൽ തങ്ങള്‍ക്ക് പങ്കില്ലെന്ന നിലപാടാണ് ഭീകര സംഘടനയുടേത്.
യുഎസ് സൈന്യം ഈ മാസം അവസാനത്തോടെ അഫ്ഗാനിസ്ഥാനിൽ നിന്ന് പൂര്‍ണമായും പിന്മാറുന്ന സാഹചര്യത്തിലാണ് രാജ്യത്ത് താലിബാൻ പിടിമുറുക്കുന്നത്. പല പ്രദേശങ്ങളിലും അഫ്ഗാൻ സൈന്യവും താലിബാനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്. താലിബാൻ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അഫ്ഗാൻ സൈന്യത്തിനും സര്‍ക്കാരിനും പൊതുജന പിന്തുണയേറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല