1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2021

സ്വന്തം ലേഖകൻ: പടിഞ്ഞാറന്‍ ആഫ്രിക്കയെ ഭീതിയിലാഴ്ത്തി എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് സ്ഥീരികരിച്ചു. ഗിനിയയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. തെക്കന്‍ ഗ്വാക്കൊഡോ പ്രവിശ്യയില്‍ ഓഗസ്റ്റ് രണ്ടിന് മരണപ്പെട്ട രോഗിയുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് മാര്‍ബര്‍ഗ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

വവ്വാലുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. റൗസെറ്റസ് വവ്വാലുകള്‍ താമസിക്കുന്ന ഗുഹകളിലോ ഖനികളിലോ നിന്നാണ് വൈറസ് പടരാന്‍ സാധ്യത. വൈറസ് ബാധിതരായ ആളുകളുടെ ശരീര ദ്രവങ്ങളില്‍ നിന്ന് മറ്റുള്ളവരിലേക്കും വൈറസ് പകരും. രോഗം പിടിപെടുന്നവരില്‍ മരണസാധ്യത 24 ശതമാനം മുതല്‍ 88 ശതമാനം വരെയാണെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍.

വൈറസ് സ്ഥിരീകരിക്കപ്പെട്ട മേഖലയിലും ഗിനിയയിലും രോഗഭീഷണി വളരെയധികമാണ്. എന്നാല്‍ ആഗോള തലത്തില്‍ ഇത് വലിയ ഭീഷണിയുണ്ടാക്കില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനും കൂടുതല്‍ രോഗബാധിതരുണ്ടോയെന്നും തിരിച്ചറിയാനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും ഡബ്യുഎച്ച്ഒ അറിയിച്ചു.

ഗിനിയയില്‍ എബോളയുടെ രണ്ടാം തരംഗം അവസാനിച്ചെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് രണ്ട് മാസങ്ങള്‍ക്കകമാണ് കൂടുതല്‍ അപകടകാരിയായ മാര്‍ബര്‍ഗ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഇതാദ്യമായാണ് മാര്‍ബര്‍ഗ് വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണാഫ്രിക്ക, അംഗോള, കെനിയ, ഉഗാണ്ട, കോംഗോ എന്നീ രാജ്യങ്ങളിലാണ് നേരത്തെ മാര്‍ബര്‍ വൈറസ് സ്ഥിരീകരിച്ചിരുന്നത്.

പെട്ടെന്നുള്ള കടുത്ത പനി, തലവേദന, ശാരീരിക അസ്വസ്ഥത എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. അതേസമയം വൈറസിനെതിരേ ഫലപ്രദമായ മരുന്നോ അംഗീകൃത വാക്‌സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.