
സ്വന്തം ലേഖകൻ: അമേരിക്കൻ സൈന്യത്തിൻ്റെ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാനിൽ താലിബാൻ കൂടുതൽ കരുത്താർജ്ജിക്കുന്നു. തന്ത്രപ്രധാന പ്രദേശങ്ങൾ നിയന്ത്രണത്തിലാക്കിയ ഭീകരൻ ഗ്രാമങ്ങൾ താവളങ്ങളാക്കി. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ രൂക്ഷമായതോടെ ആളുകൾ പുറത്തിറങ്ങാത്ത സാഹചര്യമാണുള്ളതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഫ്ഗാൻ സർക്കാരും താലിബാനും നേർക്കുനേർ എത്തിയതോടെയാണ് സ്ഥിതിഗതികൾ ഗുരുതരമായത്. ഇതിനിടെ ഭീകരർ വ്യാപകമായ രീതിയിൽ സ്ത്രീകളെ ലക്ഷ്യം വെക്കുന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മിക്ക ഗ്രാമ പ്രദേശങ്ങളും താലിബാൻ്റെ നിയന്ത്രണത്തിലായെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ നിന്നും അഫ്ഗാൻ സൈന്യം പിൻവാങ്ങിയതായി വടക്കൻ സാർ-ഇ-പുൾ പ്രവിശ്യയിലെ കൗൺസിൽ മേധാവി മുഹമ്മദ് നൂർ റഹ്മാനി പറഞ്ഞു.
കാബൂൾ ലക്ഷ്യമാക്കിയാണ് താലിബാൻ നീങ്ങുന്നതെന്നാണ റിപ്പോർട്ട്. ഇതുവരെ 421 ജില്ലകൾ താലിബാന്‍ അധീനതയിലാക്കി. സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ വർധിപ്പിക്കുമെന്ന് താലിബാൻ അറിയിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി. താത്കാലിക പ്രതിരോധമന്ത്രി ബിസ്‌മില്ല മുഹമ്മദിയുടെ വീടിന് നേരെ താലിബാൻ ആക്രമണം നടത്തിയിരുന്നു.
ഗ്രാമങ്ങളിൽ നിന്ന് സൈന്യം പിൻവാങ്ങിയതോടെ സ്ത്രീകളെ ലക്ഷ്യമാക്കി താലിബാൻ ആക്രമണം ശക്തമാക്കിയെന്ന് ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്തു. പിടിച്ചെടുക്കുന്ന ഗ്രാമങ്ങളിലെയും പ്രദേശങ്ങളിലെയും സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ട് പോകുകയും ലൈംഗിക അടിമകളാക്കി തീർക്കുകയുമാണ്. ഭയം മൂലം സ്ത്രീകളെ ഒളിപ്പിക്കുകയാണ് കുടുംബങ്ങൾ.
സ്ത്രീകളെ കടത്തിക്കൊണ്ട് പോകുന്നത് ക്രൂരമായ പ്രതികാരമാണെന്ന് ബമ്യാന്‍ പ്രവിശ്യ ഗവര്‍ണര്‍ മുഹമ്മദ് താഹിര്‍ സുഹൈര്‍ പറഞ്ഞു. തട്ടിക്കൊണ്ട് പോകുന്ന സ്ത്രീകളെ ഭീകരർ വിവാഹം ചെയ്യാറില്ലെന്നും ലൈംഗിക അടിമകളാക്കി മാറ്റുകയാണ് ചെയ്യുന്നതെന്ന് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് അഫ്ഗാനിസ്ഥാനിലെ പ്രൊഫസർ ഒമര്‍ സദര്‍ വ്യക്തമാക്കി.
നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സ്ത്രീകളെ യുദ്ധമുതലായി നൽകണമെന്ന നിർദേശമാണ് താലിബാൻ നൽകിയിരിക്കുന്നതെന്ന് ഡെയ്‌ലി മെയിലിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ ലഭിക്കുന്ന സ്ത്രീകളെ ഭീകരർ സ്വന്തമാക്കും. സർക്കാർ ഉദ്യോഗസ്ഥരുടെയും പോലീസിൻ്റെയും സൈന്യത്തിൻ്റെയും കുടുംബങ്ങളെ ലക്ഷ്യമാക്കിയാണ് കൂടുതൽ പ്രതികാര നടപടി.
ഈ കുടുംബങ്ങളിൽ നിന്നുള്ള വിധവകൾ ഉൾപ്പെടെയുള്ള സ്ത്രീകളുടെ വിവരങ്ങള്‍ കൈമാറാൻ താലിബാൻ നിർദേശം നൽകി. ഇത്തരത്തിൽ നിരവധി സ്ത്രീകളെ തട്ടിക്കൊണ്ട് പോയതായും റിപ്പോർട്ടുകളുണ്ട്. പേരും വയസും അറിയിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. നിർദേശം അവഗണിക്കുന്ന കുടുംബങ്ങളിലെ പുരുഷന്മാർ ക്രൂര പീഡനങ്ങൾക്ക് ഇരയാകുന്നത് പതിവാണ്.
സ്ത്രീകള സ്വന്തമാക്കുന്നതിനായി താലിബാൻ വീടുകളിൽ പരിശോധന വ്യാപകമാക്കി. അലമാരകൾ പരിശോധിച്ച് വസ്ത്രങ്ങൾ കണ്ടെത്തിയാണ് വീടുകളിലുള്ള സ്ത്രീകളുടെ പ്രായവും എണ്ണവും കണക്കാക്കുന്നത്. പരിശോധനകൾക്കായി എത്തുമ്പോൾ പുരുഷന്മാരെ വധിക്കപ്പെടുന്നത് പതിവാണ്. ടാഖര്‍, ബദക്ഷാന്‍, ബമ്യാന്‍ എന്നീ പ്രദേശങ്ങള്‍ നിരവധി പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി. സ്കൂളുകൾ അടച്ചുപൂട്ടാൻ നിർദേശം നൽകിയിട്ടുണ്ട്. ഭർത്താവിനോ പിതാവിനോ ഒപ്പം മാത്രമേ സ്ത്രീകൾ പുറത്തിറങ്ങാൻ പാടുള്ളൂ. സ്ത്രീകള്‍ ബുര്‍ഖ നിർബന്ധമായും ധരിച്ചിരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
താലിബാൻ ഭീഷണി രൂക്ഷമായതോടെ മിക്ക ഗ്രാമങ്ങളിൽ നിന്നും സ്ത്രീകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നു. തലസ്ഥാന നഗരമായ കാബുളിൽ നിന്നടക്കം ഭയം മൂലം സ്ത്രീകളെ മാറ്റുകയാണ്. സൈഗാൻ പ്രവശ്യയിൽ നിന്നാണ് ഏറ്റവുമധികം പെൺകുട്ടികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയത്.
വാഹനങ്ങളിൽ രഹസ്യമായിട്ടാണ് സ്ത്രീകളെ മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത്. യുവതികൾക്കും പെൺകുട്ടികൾക്കുമാണ് കൂടുതൽ പരിഗണന നൽകുന്നതെന്ന് പ്രദേശവാസികൾ വ്യക്തമാക്കിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിൽ പോലീസിൻ്റെയും സൈന്യത്തിൻ്റെയും പിന്തുണയും സഹായവും ലഭിക്കുന്നുണ്ട്.
അതിനിടെ സൈന്യവും താലിബാനും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായ വടക്കൻ അഫ്ഗാൻ നഗരമായ മസാറെ ശരീഫിൽ നിന്ന് എത്രയും വേഗം തിരികെയെത്താൻ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം. ഇന്ന് പ്രത്യേക വിമാനത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. വടക്കൻ അഫ്ഗാനിലെ ഏറ്റവും വലിയ നഗരമായ മസാറെ ശരീഫ് ലക്ഷ്യമാക്കിയാണ് തങ്ങൾ നീങ്ങുന്നതെന്ന് താലിബാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മസാറെ ശരീഫിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല