
സ്വന്തം ലേഖകൻ: യുഎസിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഡെൽറ്റ വകദേദം പടർന്ന് പിടിക്കുന്നതും വാക്സിനേഷൻ കുറഞ്ഞതുമാണ് ഇതിന് കാരണം. രാജ്യത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ലക്ഷത്തിനടുത്ത് കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലൂസിയാന, ഫ്ലോറിഡ, അർകാൻസസ് എന്നിവിടങ്ങളിലാണ് രോഗബാധ രൂക്ഷമായത്.
മഹാമാരി വീണ്ടും രാജ്യത്ത് പിടിമുറുക്കുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ചില പ്രധാന പരിപാടികൾ റദ്ദാക്കി. ഈ മാസം നടക്കാനിരുന്ന ന്യൂയോർക്ക് ഓട്ടോ ഷോ അധികൃതർ റദ്ദാക്കി. ലൂസിയാനയിൽ വൈറസ് ബാധ രൂക്ഷമായതോടെ ദ ന്യൂ ഓർലിയൻസ് ജാസ് ഫെസ്റ്റ് തുടർച്ചയായി രണ്ടാംവർഷവും ഉപേക്ഷിച്ചു.
ഫ്ലോറിഡയടക്കം സ്കൂളുകൾ തുറന്നപ്പോൾ വിദ്യാർഥികൾക്ക് മാസ്ക് നിർബന്ധമാക്കണോയെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. ഡെൽറ്റ വകഭേദം ആൽഫ വകദേദത്തെ അപേക്ഷിച്ച് കുഞ്ഞുങ്ങളെ കൂടുതലായി ബാധിക്കുന്നതിനാൽ മാസ്ക് നിർബന്ധമാക്കണമെന്നാണ് വാദം.
കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ മടിക്കുന്നവര്‍ക്കായി വ്യത്യസ്തമായ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ച് വിവിധ ഭരണകൂടങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാല്‍, വിലപിടിപ്പുള്ള വാഗ്ദാനങ്ങളാണ് വാഷിങ്ടണ്‍ ഡി.സി മേയര്‍ മ്യൂരിയൽ ബൗസർ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുന്ന കൗമാരക്കാർക്ക് ഒരു ആപ്പിൾ എയർപോഡാണ് സൗജന്യമായി ലഭിക്കുക.
കൂടാതെ, ഭാഗ്യവാൻമാരാണെങ്കിൽ 25,000 ഡോളറിന്റെ സ്കോളർഷിപ്പോ ഐപാഡോ ലഭിക്കും. ഇതിനു പുറമെ ഗിഫ്റ്റ് കാര്‍ഡുകളുമുണ്ടാകും. വിദ്യാർഥികൾക്കായിരിക്കും പ്രഥമ പരിഗണന. ബ്രൂക്ക്ലാൻഡ് എം.എസ്, സോസ എം.എസ്, ജോൺസൺ എം.എസ് എന്നിവിടങ്ങളിൽ നിന്ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുന്ന 12നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കുമെന്ന കാര്യം തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മുഖേനയാണ് മേയര്‍ അറിയിച്ചത്.
പല കാരണങ്ങൾ ചൂണ്ടിക്കാട്ടി വാക്സിൻ സ്വീകരിക്കാൻ ആളുകൾ മടികാണിക്കുന്നതാണ് പാരിതോഷികങ്ങൾ പ്രഖ്യാപിക്കാനുള്ള പ്രധാന കാരണം. മേരിലാൻഡ്, മിഷിഗൺ, ഒഹിയോ തുടങ്ങിയ അമേരിക്കൻ സ്റ്റേറ്റുകളും നേരത്തെ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല