1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2021

സ്വന്തം ലേഖകൻ: ഖത്തറിലേക്ക് മടങ്ങിയെത്തുമ്പോഴുള്ള ഹോട്ടൽ ക്വാറന്റീന് തിരക്കേറുന്നു. മുറി ലഭ്യത കുറവ് പ്രവാസികളുടെ മടങ്ങിവരവും പ്രതിസന്ധിയിലാക്കും. മധ്യവേനൽ അവധിക്ക് ശേഷം വരും ആഴ്ചകളിലായി ദോഹയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസി കുടുംബങ്ങളുടെ തിരക്കു വർധിക്കുന്നതാണ് ഹോട്ടൽ ക്വാറന്റീൻ മുറി ലഭ്യത കുറയാൻ കാരണം.

ഇന്ത്യക്കാർക്കുള്ള പുതുക്കിയ ക്വാറന്റീൻ നയം അനുസരിച്ച് ഖത്തറിൽ കോവിഡ് വാക്‌സീൻ എടുത്തവരും കോവിഡ് വന്നു സുഖപ്പെട്ടവരും മടങ്ങിയെത്തുമ്പോൾ രണ്ടു ദിവസവും മറ്റെല്ലാ വിഭാഗം യാത്രക്കാരും പത്തു ദിവസവും ഹോട്ടൽ ക്വാറന്റീനിൽ കഴിയണം. അതേസമയം വാക്‌സീൻ എടുക്കാത്ത സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശനവുമില്ല.

ഖത്തർ അംഗീകൃത കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ ഖത്തർ പ്രവാസികൾക്കും സ്വദേശികൾക്കും വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ ഹോട്ടൽ ക്വാറന്റീൻ വേണ്ടെന്ന വ്യവസ്ഥ ഇക്കഴിഞ്ഞ ജൂലൈ എട്ടിന് പ്രാബല്യത്തിൽ വന്നതിന്റെ ആശ്വാസത്തിലാണ് ഭൂരിഭാഗം പേരും അവധിയാഘോഷിക്കാൻ പോയത്.

എന്നാൽ ഡെൽറ്റ വൈറസിന്റെ വരവും പ്രതിദിന കോവിഡ് പോസിറ്റീവ് സംഖ്യയിലുണ്ടായ വർധനവുമാണ് കോവിഡ് വ്യാപനം കൂടിയ ഇന്ത്യ ഉൾപ്പെടെയുള്ള ആറു രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാർക്കും വീണ്ടും ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കാൻ കാരണം.

ഈ മാസം അവസാനത്തോടെ ഇന്ത്യൻ സ്‌കൂളുകൾ പ്രവർത്തനം പുനരാരംഭിക്കും. സ്‌കൂൾ തുറക്കുന്നതിന് മുൻപായി ദോഹയിലേക്ക് മടങ്ങിയെത്താൻ കഴിയുമോയെന്ന ആശങ്കയിലാണ് മിക്ക പ്രവാസികളും. ഹോട്ടൽ ക്വാറന്റീൻ ബുക്കിങ് രേഖയുണ്ടെങ്കിൽ മാത്രമേ വിമാന യാത്ര അനുവദിക്കൂ.

നാട്ടിൽ പോയി വന്ന ശേഷം റസിഡൻസി പെർമിറ്റ് പുതുക്കാമെന്ന് കരുതി പോയവരെയും മുറി ലഭ്യത കുറവ് ആശങ്കയിലാക്കിയിട്ടുണ്ട്. അടുത്ത മൂന്നാഴ്ചകളിലായി വിദേശയാത്രയ്ക്ക് ശേഷം മടങ്ങിയെത്തുന്നവരുടെ എണ്ണം കൂടുമെന്നതിനാൽ യാത്രക്കാരുടെ എണ്ണത്തിന് പര്യാപ്തമായി കൂടുതൽ ഹോട്ടൽ ക്വാറന്റീൻ മുറികൾ ലഭ്യമാക്കിയില്ലെങ്കിൽ മടങ്ങി വരവിലെ കാലതാമസം പ്രവാസികളുടെ ജോലിയെയും സാരമായി ബാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.