
സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡ് രോഗമുക്തിനിരക്ക് 96 ശതമാനമായി. മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് രോഗമുക്തിനിരക്ക് 96 ശതമാനമാകുന്നത്. 607 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ രോഗം ഭേദമായത്. 285664 പേരാണ് ഇതുവരെ രോഗമുക്തരായത്. 236 പേർ പുതുതായി രോഗബാധിതരായി. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 298942 ആയി. 12 പേർ കൂടി മരിച്ചു. 3948 പേരാണ് ഇതുവരെ മരണപ്പെട്ടത്. 28 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 344 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 158 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടതായും ആരോഗ്യ വകുപ്പ് അറിയിച്ചു. 2,008,140 പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. മുൻഗണനപ്പട്ടികയിലുള്ളവരുടെ 57 ശതമാനമാണിത്. മുൻഗണനപ്പട്ടികയിലുള്ളവരുടെ 68 ശതമാനം അഥവാ 1,359,622 പേരും ഒറ്റ േഡാസ് വാക്സിൻ മാത്രമാണ് സ്വീകരിച്ചത്. 6.48 ലക്ഷം പേരാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർ. ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും വാക്സിനേഷൻ പുരോഗമിക്കുകയാണ്. തിങ്കളാഴ്ച നല്ല തിരക്കാണ് സെൻററുകളിൽ അനുഭവപ്പെട്ടത്.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലെ കുറവിനൊപ്പം വാക്സിനേഷൻ തോത് വർധിച്ചതും കണക്കിലെടുത്ത് അടുത്ത സുപ്രീം കമ്മിറ്റി യോഗം മുൻകരുതൽ നടപടികൾ പാലിച്ച് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. രോഗബാധിതരുടെ എണ്ണം ഉയർന്നത് കണക്കിലെടുത്ത് ബലിപെരുന്നാൾ ദിവസങ്ങളിൽ രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 16 മുതൽ ജൂലൈ 29 വരെ വൈകീട്ട് അഞ്ച് മുതൽ പുലർച്ചെ നാലുവരെ വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടലും യാത്രാ വിലക്കും ഉണ്ടായിരുന്നു.
29 മുതൽ ലോക്ഡൗൺ രാത്രി പത്ത് മുതൽ പുലർച്ചെ നാലു വരെയാക്കി. രാത്രി ലോക്ഡൗൺ ഇപ്പോഴും തുടർന്ന് വരുകയാണ്. നിയന്ത്രണങ്ങൾ വഴി രോഗവ്യാപനം കുറഞ്ഞതിനൊപ്പം ആശുപത്രികളിലും ഐ.സി.യുവിലും പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇന്ത്യയും പാകിസ്താനുമടക്കം രാജ്യങ്ങളിൽ നിന്നുള്ള യാത്രവിലക്ക് നീക്കുമോയെന്ന കാര്യമാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ മാർച്ച് ആദ്യം മുതൽ രാജ്യത്ത് ഭാഗിക നിയന്ത്രണങ്ങൾ നിലവിലുണ്ട്. ഇത് വ്യാപാര സ്ഥാപനങ്ങളെ പ്രത്യേകിച്ച് ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെ ബാധിച്ചിട്ടുണ്ട്. നിലവിൽ മാളുകൾക്കും കടകൾക്കും റസ്റ്റാറന്റുകൾക്കും കഫേകൾക്കും അമ്പത് ശതമാനം ശേഷിയിൽ മാത്രം പ്രവർത്തിക്കാനാണ് അനുമതിയുള്ളത്. ഭക്ഷണശാലകൾക്ക് മുൻകൂർ അനുമതിയോടെ രാത്രി ഹോം ഡെലിവറി നടത്താനും സാധിക്കും. ജീവനക്കാരുടെ കുറവിനെ തുടർന്ന് പല സ്വകാര്യ സ്ഥാപനങ്ങളിലും കാര്യമായ പ്രതിസന്ധി തന്നെയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല