1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2021

സ്വന്തം ലേഖകൻ: ദുബായില്‍ വിസയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കും അബുദാബിയില്‍ വിമാനമിറങ്ങാമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു. അബുദാബിയില്‍ വിസയുള്ളവര്‍ക്കു മാത്രമേ ഇവിടെ പ്രവേശനമുള്ളൂ എന്ന് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ച പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ഇത്തിഹാദ് എയര്‍വെയ്‌സ് രംഗത്തെത്തിയത്.

മറ്റ് എമിറേറ്റ്‌സില്‍ വിസയുള്ളവര്‍ക്ക് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ബെംഗളൂരു, ന്യൂഡല്‍ഹി, അഹ്മദാബാദ്, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ഇത്തിഹാദ് സര്‍വീസ് ആരംഭിച്ച പശ്ചാത്തലത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണം.

അതിനിടെ, അബൂദാബിയിലെത്തുന്ന യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അധികൃതര്‍ പുറപ്പെടുവിച്ചു. ഇന്ത്യയില്‍ നിന്ന് അബൂദാബിയിലേക്ക് എത്തുന്നവര്‍ 12 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നാണ് പുതിയ നിര്‍ദേശം. ഇത്തിഹാദ് എയര്‍വെയ്സിന്റെ പുതിയ മാര്‍ഗ നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അബൂദാബിയില്‍ എത്തുന്നവര്‍ 12 ദിവസത്തെ ഹോം ക്വാറന്റൈനില്‍ കഴിയണമെന്നും അംഗീകൃത റിസ്റ്റ് ബാന്‍ഡ് ധരിക്കണമെന്നും നിര്‍ദേശമുണ്ട്. യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം എയര്‍പോര്‍ട്ട് അധികൃതര്‍ റിസ്റ്റ് ബാന്‍ഡ് നല്‍കും. ക്വാറന്റൈന്‍ സമയത്ത് ആറാം ദിവസവും പതിനൊന്നാം ദിവസവും പിസിആര്‍ പരിശോധന നടത്തണം. ട്രാവല്‍ ഏജന്റുമാര്‍ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍ അയച്ച നോട്ടീസിലും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

ആഗസ്ത് 15 മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇഷ്യൂ ചെയ്ത വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും അംഗീകാരം നല്‍കാന്‍ യുഎഇ തീരുമാനിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ സിറ്റിസണ്‍ഷിപ്പ് വക്താവ് ബ്രിഗേഡിയര്‍ ഖാമിസ് അല്‍ കഅബിയാണ് ഇക്കാര്യം അറിയിച്ചത്. നാഷനല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ പ്രതിവാര വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം.

യുഎഇയില്‍ അംഗീകാരമുള്ള വാക്‌സിന്‍ എടുത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തവര്‍ക്കായിരിക്കും ഈ ആനുകൂല്യം. smartservices.ica.gov.aeയില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് യുഎഇയിലേക്ക് സുഗമമായ യാത്ര എളുപ്പമാവും.
വാക്‌സിനേഷന്‍ സ്റ്റാറ്റസ് അല്‍ ഹുസ്ന്‍ ആപ്പില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇതുപയോഗിച്ച് രാജ്യത്തെ മാളുകള്‍, ഓഫീസുകള്‍, ഹോട്ടുലുകള്‍, റെസ്‌റ്റൊറന്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രവേശിക്കാനും സാധിക്കും. അതേസമയം, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യുകയെന്നത് നിര്‍ബന്ധമുള്ള കാര്യമല്ലെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ, ദുബായില്‍ റെസിഡന്‍സ് വിസയുള്ള ഇന്ത്യക്കാര്‍ക്ക് ഇവിടേക്ക് യാത്ര ചെയ്യാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സും വ്യക്തമാക്കി. നേരത്തേ യുഎഇയില്‍ നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ എന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്. ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സിന്റെ (ജിഡിആര്‍എഫ്എ) മുന്‍കൂര്‍ അനുമതി ഉള്ളവര്‍ക്ക് വാക്‌സിന്‍ എടുത്തിട്ടില്ലെങ്കിലും ദുബായിലേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്ന് എയര്‍ലൈന്‍സ് ട്വിറ്ററിലും വെബ്‌സൈറ്റിലും വ്യക്തമാക്കി.

ജിഡിആര്‍എഫ്എയുടെ അനുമതിക്കൊപ്പം യാത്ര തിരിക്കുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പുറപ്പെടുന്ന വിമാനത്താവളത്തില്‍ നിന്ന് നാലു മണിക്കൂറിനിടയില്‍ എടുത്ത റാപ്പിഡ് ടെസ്റ്റ് റിസല്‍ട്ടും കൈയില്‍ കരുതണം. ഈ രണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ വിമാനത്താവളങ്ങളിലെ ചെക്കിന്‍ കൗണ്ടറില്‍ നിന്ന് എയര്‍ലൈന്‍ അധികൃതര്‍ പരിശോധിക്കുന്നുള്ളൂ എന്ന് ഖലീജ് ടൈംസ് ദിനപ്പത്രം നേരത്തേ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.