1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2021

സ്വന്തം ലേഖകൻ: കുട്ടികള്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാതിരുന്നാല്‍ അതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കായിരിക്കുമെന്ന് സൗദി പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. കുട്ടികളോട് രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള അവഗണനയായിട്ടാണ് ഇത് കണക്കാക്കപ്പെടുക. ഇത്തരം കേസുകളില്‍ രക്ഷിതാക്കള്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. 18 വയസ്സിന് താഴെ പ്രായമുള്ളവരെയാണ് കുട്ടികളായി പരിഗണിക്കപ്പെടുക.

കുട്ടികളോടുള്ള അവഗണനയെന്ന വിഭാഗത്തില്‍ അവരുടെ ശാരീരികവും വൈകാരികവും ആരോഗ്യപരവും വിദ്യാഭ്യാസപരവും ബുദ്ധിപരവും മറ്റുമായ കാര്യങ്ങളെല്ലാം ഉള്‍പ്പെടും. എന്നാല്‍ ഇതിനുള്ള ശിക്ഷ എന്തായിരിക്കുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. രാജ്യത്ത് വാക്‌സിനേഷന്‍ ക്യാംപയിന്‍ ശക്തിയാര്‍ജ്ജിച്ച സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. കഴിഞ്ഞ ജൂണിലാണ് സൗദിയില്‍ 12നും 18നും ഇടയില്‍ പ്രായമായവര്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചത്.

ഓഗസ്റ്റ് അവസാനത്തോടെ പുതിയ അക്കാദമിക വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായാണ് കുട്ടികള്‍ക്കിടയില്‍ വാക്‌സിന്‍ ശക്തിപ്പെടുത്തിയത്. പുതിയ അക്കാദമിക വര്‍ഷത്തില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. രാജ്യത്തെ സ്‌കൂള്‍, യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളില്‍ 61 ശതമാനത്തിലേറെ പേരും വാക്സിന്‍ എടുത്തുകഴിഞ്ഞതായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്ക്.

അധ്യാപകര്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ 92 ശതമാനവും ഇതിനകം വാക്സിന്‍ സ്വീകരിച്ചു. യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളിലാണ് വാക്സിനേഷന്‍ നിരക്ക് കൂടുതല്‍. ആണ്‍ കുട്ടികളും പെണ്‍ കുട്ടികളുമായി 85 ശതമാനം വിദ്യാര്‍ഥികളും വാക്സിന്‍ ലഭിച്ചവരാണ്. ഓഗസ്റ്റ് 29നാണ് സൗദിയില്‍ പുതിയ അക്കാദമിക വര്‍ഷം ആരംഭിക്കുന്നത്.

ഇന്റര്‍മീഡിയറ്റ്, സെക്കന്ററി സ്‌കൂളുകളിലെയും യൂനിവേഴ്സിറ്റികളിലെ വിദ്യാര്‍ഥികളെയും നേരിട്ടുള്ള ക്ലാസ്സുകളില്‍ എത്തിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇതിന്റെ മുന്നോടിയായി ഓഗസ്റ്റ് എട്ടിനകം 12 വയസ്സുള്ള എല്ലാ വിദ്യാര്‍ഥികളും ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ക്ലാസ്സുകള്‍ തുറക്കുന്നതിനു മുമ്പായി രണ്ടാം ഡോസ് കൂടി നല്‍കാനുള്ള അവസരം ഒരുക്കുന്നതിനു വേണ്ടിയാണിത്.

കഴിഞ്ഞ ഡിസംബറിലാണ് സൗദിയില്‍ വാക്‌സിനേഷന്‍ ക്യാംപയിന്‍ ആരംഭിച്ചത്. ഇതിനകം മൂന്ന് കോടിയിലേറെ വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു. സ്വദേശികളും പ്രവാസികളുമായി ജനസംഖ്യയുടെ 30 ശതമാനത്തോളം പേര്‍ ഇതിനകം രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചുകഴിഞ്ഞതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.