
സ്വന്തം ലേഖകൻ: കൃഷിയിടങ്ങളും തോട്ടങ്ങളും നശിപ്പിച്ച് ഒരു വർഷത്തോളമായി തുടരുന്ന യാത്ര അവസാനിപ്പിച്ച് ചൈനയിലെ ആനക്കൂട്ടം യാത്ര തുടങ്ങിയ സിഷ്വങ്ബന്ന വന്യജീവി സങ്കേതത്തിലേക്കു മടങ്ങുന്നു. വ്യവസായ, വിനോദ സഞ്ചാര മേഖലയായ കുൻമിങ്ങിനു സമീപം വരെ എത്തിയ ശേഷമാണു മടക്കം. ഞായറാഴ്ച രാത്രിയോടെ യുവാൻജാങ് നദി കടന്ന ആനകൾ, യാത്ര തുടങ്ങിയ പ്രദേശത്തു നിന്നു 200 കിലോമീറ്റർ അകലെയാണ് ഇപ്പോൾ.
സഞ്ചാരം നിരീക്ഷിക്കാൻ ഡ്രോണുകൾ ഉൾപ്പെടെ സംവിധാനം ഒരുക്കിയിട്ടുണ്ട്. യാത്രയിൽ ആനക്കൂട്ടത്തിനു തടസ്സം സൃഷ്ടിക്കാതിരിക്കാനും നാശനഷ്ടങ്ങൾ കുറയ്ക്കാനുമായി പ്രത്യേക താരയും ആഹാരവും സജ്ജമാക്കിയിട്ടുണ്ട്. നദി കടന്നതോടെ ആനകൾ സ്വാഭാവിക ജീവിതം സാധ്യമാകുന്ന സ്ഥലത്തേക്കാണ് എത്തുന്നത്.
ഒരു വർഷം മുൻപാണ് 16 ആനകളുടെ കൂട്ടം യാത്ര തുടങ്ങിയത്. കാരണം വ്യക്തമല്ലാത്ത യാത്ര ലോകശ്രദ്ധയാകർഷിച്ചിരുന്നു. വടക്കോട്ട് 500 കിലോമീറ്ററിലധികമാണ് ഇവ പോയത്. തുടക്കത്തിലേ യാത്ര മതിയാക്കിയ 2 ആനയും കൂട്ടം തെറ്റിപ്പോയ കൊമ്പനും നേരത്തേ തന്നെ വനത്തിലേക്കു മടങ്ങിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല