
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദര്‍ശക വിസ കാലാവധി വീണ്ടും പുതുക്കി നല്‍കി. സെപ്തംബര്‍ 30 വരെ സൗജന്യമായാണ് കാലാവധി നീട്ടിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികൾക്ക് തീരുമാനം ഉപകാരപ്പെടും. സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
ഉപയോഗിക്കാത്ത വിസിറ്റ് വിസകളുടെ കാലാവധിയാണ് വീണ്ടും പുതുക്കി നല്‍കിയത്. കാലാവധി അവസാനിച്ചതും വരും ദിവസങ്ങളില്‍ അവസാനിക്കുന്നതുമായ സന്ദര്‍ശക വിസകള്‍ സെപ്തംബര്‍ 30 വരെ കാലാവധി നീട്ടി നല്‍കും. സൗജന്യമായും ഓട്ടോമാറ്റിക് സംവിധാനം വഴിയുമാണ് കാലാവധി നീട്ടി നല്‍കുക. സൗദി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് ഉത്തരവ് പ്രയോജനപ്പെടുക.
ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാനാവില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കു പുറമേ പാകിസ്താന്‍, ഇന്തോനീഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, യുഎഇ, എേ്രത്യാപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍, ലബനാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശന വിലക്ക് തുടരുക.
നിലവില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കണമെങ്കില്‍ മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നതാണ് വ്യവസ്ഥ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല