
സ്വന്തം ലേഖകൻ: ദുബായിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കഫെകൾ, വിവാഹം തുടങ്ങിയ ചടങ്ങുകൾ നടക്കുന്ന ഹാൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം വർധിപ്പിച്ചു. കഴിഞ്ഞദിവസം മുതൽ ഇതു നിലവിൽ വന്നു. ഹോട്ടലുകളിൽ പൂർണതോതിൽ ആളുകളെ പ്രവേശിപ്പിക്കാമെന്ന് ദുബായ് വിനോദ സഞ്ചാര വാണിജ്യ വിപണന വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു.
റസ്റ്ററന്റുകളിലും കഫെകളിലും ഒരേസമയം 80% ആളുകളെ പ്രവേശിപ്പിക്കാം. രണ്ടു മേശകൾ തമ്മിലുള്ള അകലം ഒന്നര മീറ്ററാക്കി . നേരത്തെ രണ്ട് മീറ്ററായിരുന്നു. കോവിഡിന് മുൻപുള്ള പോലെ ആളുകളെ പ്രവേശിപ്പിക്കാമെങ്കിലും അധികൃതർ നൽകിയ മാർഗനിർദേശങ്ങൾ ഭക്ഷണശാലകൾ കർശനമായും പാലിക്കണമെന്ന് അറിയിച്ചു. ഇവിടങ്ങളിലെ വിനോദ പരിപാടികൾ പുലർച്ചെ 3 വരെ അനുവദിക്കും.
സിനിമാ തിയറ്റർ, റിക്രിയേഷൻ കേന്ദ്രങ്ങൾ, പ്രദർശനം, മ്യൂസിയം എന്നിവയടക്കമുള്ള വിനോദ കേന്ദ്രങ്ങളിലും 80% ആളുകളെ പ്രവേശിപ്പിക്കാം. ബിസിനസ് പരിപാടികളിൽ 100% ആളുകൾക്ക് പങ്കെടുക്കാം. അതേസമയം, ബിസിനസ് ഇവൻ്റ്സ് ചട്ടങ്ങളെല്ലാം നിർബന്ധമായും പാലിക്കണം.
തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന സാമൂഹിക പരിപാടികളിൽ 5,000 പേർക്കും അടച്ച സ്ഥലങ്ങളിലെ പരിപാടികളിൽ 2,500 പേർക്കും പങ്കെടുക്കാം. അതിഥികൾ പക്ഷേ, നിർബന്ധമായും കോവിഡ്19 വാക്സിനേഷൻ സ്വീകരിച്ചവരായിരിക്കണം.
കലാ–കായിക പരിപാടികളിലെ ആളുകളുടെ എണ്ണം 60% ആയി വർധിപ്പിച്ചു. എന്നാൽ, പങ്കെടുക്കാവുന്നവർക്ക് പരിധിയില്ല. കൂടാതെ, വാക്സിനേഷനും നിർബന്ധമില്ല. എന്നാൽ, കലാകാരന്മാർ നിർബന്ധമായും വാക്സീൻ സ്വീകരിച്ചവരായിരിക്കണം. അല്ലാത്തവർ 24 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തി നെഗറ്റീവ് സർടിഫിക്കറ്റ് ഹാജരാക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല