
സ്വന്തം ലേഖകൻ: ഒമാനിൽ സർക്കാർ തലത്തിലുള്ള സൗജന്യ കോവിഡ് വാക്സിൻ കൂടുതൽ സ്ഥലങ്ങളിൽ വിദേശികൾക്ക് നൽകും. മസ്കത്തിൽ മത്ര സൂഖിലെ സ്ഥാപനങ്ങളിലുള്ളവർക്ക് വാക്സിനെടുക്കാൻ അപ്പോയിൻമെന്റ് കാർഡ് നൽകി. ഇന്ന് സിബ്ല മത്രയിലാണ് വാക്സിനേഷൻ ക്യാമ്പ് നടക്കുക. ആദ്യ ഘട്ടത്തിൽ സൂഖിലുള്ളവർക്ക് മാത്രമാണ് വാക്സിൻ നൽകുകയെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച വൈകീട്ട് ആരോഗ്യ വകുപ്പ് ജീവനക്കാർ കടകളിലെത്തി വാക്സിനെടുക്കാത്തവരുടെ വിവരങ്ങൾ ചോദിച്ച് അപ്പോയിൻമെന്റ് കാർഡ് നൽകുകയായിരുന്നു. ദാഹിറ ഗവർണറേറ്റിൽ വിദേശ തൊഴിലാളികൾക്ക് ഞായറാഴ്ച മുതൽ സൗജന്യ വാക്സിനേഷൻ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ബാർബർമാർ, ബ്യൂട്ടി സലൂൺ ജീവനക്കാർ, വീട്ടുജോലിക്കാർ, കൃഷിത്തോട്ടങ്ങളിൽ തൊഴിലെടുക്കുന്നവർ എന്നിവർക്കാണ് നൽകുക. മറ്റ് വിഭാഗങ്ങളിലുള്ളവരുടെ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇബ്രിയിലെ അൽ മുഹല്ല ബിൻ അബി സൂഫ ഹാൾ, ദങ്കിലെ സ്പോർട്സ് ഹാൾ, യൻകലിൽ വാലി ഒാഫിസ് എന്നിവിടങ്ങളിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നര വരെയാണ് വാക്സിൻ നൽകുക. https://forms.gle/VLHi21HCkH9M2D129 എന്ന ലിങ്കിൽ ഓൺലൈനായി അപ്പോയിൻമെന്റ് രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മസീറയിൽ വെള്ളിയാഴ്ച മുതൽ വിദേശികൾക്ക് വാക്സിനേഷൻ ആരംഭിച്ചു. മസീറ സ്പോർട്സ് ഹാളിലെ കുത്തിവെപ്പ് കേന്ദ്രത്തിൽ നൂറു കണക്കിന് വിദേശികൾ വാക്സിൻ സ്വീകരിച്ചു.
സൗജന്യ വാക്സിനേഷൻ യജ്ഞവുമായി ആരോഗ്യ വകുപ്പ് ജീവനക്കാർ തേടിയെത്തിയതോടെ ആശ്വാസത്തിെൻറ നെടുവീർപ്പിലാണ് മത്രയിലെ കുറഞ്ഞ വരുമാനക്കാരും സാധാരണക്കാരുമായ വിദേശികൾ. മാസങ്ങളായി കൃത്യമായ ജോലിയോ വരുമാനമോ ഇല്ലാതെ കഷ്ടപ്പെടുന്ന ഇടത്തരക്കാരായ ഇത്തരം തൊഴിലാളികൾ ദിവസങ്ങളായി വാക്സിനായി 22 റിയാല്‍ എങ്ങനെ കണ്ടെത്തുമെന്ന ആധിയിലായിരുന്നു ഇത്രനാളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല