1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2021

സ്വന്തം ലേഖകൻ: സൗദിയിലും കോവിഡിന്റെ തീവ്ര വകഭേദമായ ഡെല്‍റ്റ വൈറസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി അറിയിച്ചു. രണ്ട് ഡോസ് വാക്‌സിനേഷനിലൂടെയല്ലാതെ അതിനെ ചെറുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്ന വകഭേദമായണ് ഡെല്‍റ്റ. നിലവിലെ ഭൂരിപക്ഷം കോവിഡ് കേസുകളും ഡെല്‍റ്റ വൈറസ് ബാധമൂലമാണ്.

ഡെല്‍റ്റ വൈറസ് ബാധിച്ച ഒരാളില്‍ നിന്ന് ചുരുങ്ങിയത് ആറോ ഏഴോ പേരിലേക്കെങ്കിലും വൈറസ് പകരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. സൗദിയില്‍ വാക്‌സിനേഷന്‍ ക്യാംപയിനിലുണ്ടായ വലിയ പുരോഗതി രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ തോത് നിയന്ത്രണ വിധേയമാക്കാന്‍ സഹായിച്ചതായും അദ്ദേഹം അറിയിച്ചു. ഇതിനകം 3.15 കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തുകഴിഞ്ഞു. പ്രതിദിനം ശരാശരി 2,71,000 ഡോസുകളാണ് നല്‍കുന്നത്.

വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതയുള്ളവരില്‍ 35 ശതമാനത്തിലേറെ പേരും ഇതിനകം രണ്ട് ഡോസ് വാക്‌സിനും എടുത്തുകഴിഞ്ഞു. രണ്ടു മാസത്തിനകം സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാന്‍ സൗദിക്ക് കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷനിലുണ്ടായ പുരോഗതി രാജ്യത്തെ ആശുപത്രി കേസുകളുടെ എണ്ണം വലിയ തോതില്‍ കുറച്ചുകൊണ്ടുവരാന്‍ സഹായിച്ചതായി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല അല്‍ അസീരി അറിയിച്ചു.

ആശുപത്രി കേസുകളുടെ എണ്ണത്തില്‍ 71 ശതമാനത്തിന്റെ കുറവും ഐസിയു കേസുകളുടെ എണ്ണത്തില്‍ 80 ശതമാനത്തിന്റെ കുറവുമാണ് കണക്കാക്കപ്പെടുന്നത്. ആദ്യ ഡോസ് ലഭിക്കുന്നതോടെ തന്നെ ഈ മാറ്റങ്ങളുണ്ടായതായും അദ്ദേഹം അറിയിച്ചു. രാജ്യത്തെ 70 വയസ്സ് കഴിഞ്ഞവരില്‍ ഇനിയും വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ക്ക് വീടുകളില്‍ ചെന്ന് വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് വരാനുള്ള ബുദ്ധിമുട്ടും വാക്‌സിനേഷന്‍ കേങ്ങ്രളില്‍ നിന്ന് അവര്‍ക്ക് രോഗബാധയുണ്ടാവാനുള്ള സാധ്യതയും പരിഗണിച്ചാണ് നടപടി. ഈ സേവനം ആവശ്യമുള്ളവര്‍ https://www.moh.gov.sa/eServices/Pages/COVID-19-Vaccination-at-Home.aspx?autologin=1 എന്ന ലിങ്ക് വഴി അപേക്ഷിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.