1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2021

സ്വന്തം ലേഖകൻ: ദിവസങ്ങൾക്ക് മുൻപ് ബ്രിട്ടനിലെത്തിയതെന്ന് കരുതപ്പെടുന്ന അഞ്ച് വയസ്സുള്ള അഫ്ഗാൻ അഭയാർത്ഥി ഷെഫീൽഡിലെ ഹോട്ടൽ ജനാലയിൽ നിന്ന് 70 അടി താഴേക്ക് വീണു മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30 ന് ബ്ളോങ്ക് സ്ട്രീറ്റിലെ ഷെഫീൽഡ് ഒയോ മെട്രോപൊളിറ്റൻ ഹോട്ടലിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയുടെ മരണത്തെ തുടർന്ന് സൗത്ത് യോർക്ക്ഷയർ പോലീസ് അന്വേഷണം ആരംഭിച്ചു.

ദിവസങ്ങൾക്ക് മുമ്പ് അഫ്ഗാനിസ്ഥാനിൽ നിന്ന് യുകെയിലെത്തിയ ശേഷം കുട്ടി അമ്മ, അച്ഛൻ, രണ്ട് സഹോദരന്മാർ, രണ്ട് സഹോദരിമാർ എന്നിവർക്കൊപ്പം ഹോട്ടലിൽ താമസിച്ചിരുന്നതായി കരുതപ്പെടുന്നു. കുട്ടിയുടെ പിതാവ് കാബൂളിലെ ബ്രിട്ടീഷ് എംബസിയിൽ ജോലി ചെയ്ത് വരുകയായിരുന്നു. അഫ്‌ഗാനിൽ നിന്നുള്ള സൈനിക പിന്മാറ്റത്തെ തുടർന്ന് അവിടെ ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് അഭയാർത്ഥി വിസകൾ നൽകുന്നതിന്റെ ഭാഗമായാണ് കുട്ടിയുടെ കുടുംബവും യുകെയിലെത്തിയത്.

ഒരു കുട്ടിക്ക് എളുപ്പത്തിൽ കയറാൻ കഴിയുന്ന തരത്തിൽ ജനൽ തുറന്ന് കിടന്നതാണ് അപകട കാരണമെന്നാണ് കരുതപ്പെടുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണം പുരോഗമിക്കുകയാണ്. ഒയോ ഹോട്ടൽ നിലവിൽ നിരവധി അഫ്ഗാൻ കുടുംബങ്ങളുടെ താൽക്കാലിക ഷെൽട്ടറായാണ് പ്രവർത്തിക്കുന്നത്. കാബൂളിലെ ബ്രിട്ടീഷ് എംബസിയിൽ ജോലി ചെയ്തിരുന്ന ഒമർ മജീദി എന്നയാളാണ് മരിച്ച കുട്ടിയുടെ പിതാവെന്നാണ് സൂചന.

താലിബാൻ നിയന്ത്രണം കൈയ്യടിക്കിയതിനെ തുടർന്ന് രാജ്യം വിട്ടോടുന്ന അഫ്ഗാനികൾക്കായി യുകെ സർക്കാർ അവതരിപ്പിച്ച പുനരധിവാസ പദ്ധതി വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് പിഞ്ചു ബാലൻ്റെ മരണം. 20,000 അഭയാർഥികളെ ഉൾക്കൊള്ളാനുള്ള പദ്ധതി പ്രകാരം ആദ്യ വർഷത്തിൽ 5,000 അഫ്ഗാനികൾക്ക് യുകെ സർക്കാർ അഭയം നൽകിയിരുന്നു.

എന്നാൽ പദ്ധതി അഭയാർഥി പ്രതിസന്ധി കൈകാര്യം ചെയ്യാൻ അപര്യാപ്തമാണെന്നും മെല്ലെപ്പോക്കാണെന്നും ആരോപിച്ച് വിമർശകർ രംഗത്തെത്തുകയായിരുന്നു. തുടർന്ന് യുകെയ്ക്ക് 20,000 പേരെ ഒറ്റയടിക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നും ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ ഭേദം അൽപ്പമെങ്കിലും ഫലം ചെയ്യുന്ന പദ്ധതിയാണെന്നും ഹോം സെക്രട്ടറി പ്രീതി പട്ടേൽ വിമർശകർക്ക് മറുപടി നൽകുകയും ചെയ്തിരുന്നു.

ഹോം ഓഫീസിൻ്റെ കണക്കുകൾ അനുസരിച്ച്, അഫ്ഗാനിൽ ബ്രിട്ടീഷ് സേനയെ സഹായിച്ചവരും ചെറു ജോലികൾ ചെയ്തിരുന്നവരുമായ 5,000 ത്തോളം അഫ്ഗാനികളുടേയും കുടുംബാംഗങ്ങളുടേയും പുനരധിവാസം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.