
സ്വന്തം ലേഖകൻ: ഒമാനില്‍ പുതിയ അധ്യയന വര്‍ഷം സെപ്റ്റംബര്‍ 12 മുതല്‍ ആരംഭിക്കുമെന്ന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം. 2021-2022 അധ്യയന വര്‍ഷത്തിലെ അവസാനത്തെ പ്രവര്‍ത്തി ദിനം 2022 ജൂലൈ ഏഴ് ആയിരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകര്‍, ഓഫീസ് ജീവനക്കാര്‍, സൂപ്പര്‍വൈസര്‍മാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ 2021 സെപ്റ്റംബര്‍ 12 മുതല്‍ ജോലിയില്‍ തിരികെ പ്രവേശിക്കം.
അതേസമയം എല്ലാ ഗ്രേഡുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ 19 മുതലാണ് ആരംഭിക്കുക. അതേസമയം, രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് തീരുമാനങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നും മന്ത്രാലയം അറിയിച്ചു.
പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂളുകള്‍ എങ്ങനെ തുറന്നു പ്രവര്പ്പിക്കണം എന്നതിനെ കുറിച്ച് ഒമാന്‍ സുപ്രീം കമ്മിറ്റിയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നേരത്തേ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് അധ്യാപകര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും 12 വയസ്സിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും വാക്സിന് നല്‍കുന്നതിനുള്ള പദ്ധതി നേരത്തേ ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരില്‍ ഭൂരിപക്ഷം പേരും വാക്സിന് എടുത്തുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഒന്നു മുതല്‍ ആറു വരെയുള്ള ക്ലാസ്സുകളില്‍ ഓണ്‍ലൈന്‍- ഓഫ് ലൈന്‍ ക്ലാസ്സുകള്‍ ഇടകലര്ത്തിക്കൊണ്ടുള്ല പഠന രീതിയായിരിക്കും അവലംബിക്കുക. ഒരാഴ്ച നേരിട്ടുള്ള ക്ലാസ്സും അടുത്തയാഴ്ച ഓണ്‍ലൈന്‍ ക്ലാസ്സും നടത്തും. അതേസമയം, ക്ലാസ്സിലെ കുട്ടികളുടെ എണ്ണം 20ല്‍ കുറവുള്ള സ്കൂളുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ നേരിട്ടുള്ള ക്ലാസ്സുകള്‍ പൂര്‍ണതോതില്‍ നടത്താന്‍ അനുവാദം നല്‍കും.
ഏഴ് മുതല്‍ 11 വരെയുള്ള ക്ലാസ്സുകളിലും പൂര്‍ണമായും നേരിട്ടുള്ള ക്ലാസ്സുകളാവും നടത്തുക. എന്നാല്‍ ക്ലാസ്സിലെ കുട്ടികളുടെ എണ്ണം 30ല്‍ കൂടുന്ന പക്ഷം ഒരാഴ്ച ഓണ്ലാനും തൊട്ടടുത്ത ആഴ്ച നേരിട്ടുള്ള ക്ലാസ്സും നല്‍കും.
പന്ത്രണ്ടാം ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നേരിട്ടുള്ള ക്ലാസ്സുകളായിരിക്കും നടത്തുക. ഒന്നു മുതല്‍ 12 വരെ ഗ്രേഡുകളിലെ കുട്ടികളും ഒന്നിച്ച് പഠിക്കുന്ന സ്കൂളുകളില്‍ ഓരോ വിഭാഗത്തിനും നേരത്തേ പറഞ്ഞ രീതിയില്‍ തന്നെ വേണം ക്ലാസ്സുകള്‍ സംഘടിപ്പിക്കാനെന്നും മന്ത്രാലയം വ്യക്തമാക്കി. സ്കൂളുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല