
സ്വന്തം ലേഖകൻ: കാബൂള്‍ കീഴടക്കുകയും അഫ്ഗാനിസ്ഥാൻ പൂര്‍ണമായി നിയന്ത്രണത്തിലാക്കിയെന്ന് അവകാശപ്പെടുകയും ചെയ്ത താലിബാന് അപ്രതീക്ഷിത തിരിച്ചടി. താലിബാന് ഇനിയും വഴങ്ങാത്ത ചുരുക്കം ചില മേഖലകളിലാണ് താലിബാന് നിയന്ത്രണം കൈവിട്ടത്. ബാനു, പോള്‍ ഇ ഹസര്‍, ദേ സലാഹ് എന്നിങ്ങനെ മൂന്ന് ജില്ലകളാണ് താലിബാൻ്റെ കൈയ്യിൽ നിന്ന് തിരിച്ചു പിടിച്ചതായി പ്രതിരോധ സേന വ്യക്തമാക്കുന്നത്.
ഖൈര്‍ മുഹമ്മദ് ആന്ദറാബിയുടെ നേതൃത്വത്തിലുള്ള പ്രതിരോധസഖ്യമാണ് ഈ മേഖലകളിൽ നിന്ന് താലിബാനെ തുരത്തിയത്. നാൽപതോളം താലിബാൻ ഭീകരര്‍ ഇവിടെ കൊല്ലപ്പെട്ടെന്നാണ് അഫ്ഗാൻ വാര്‍ത്താ ഏജൻസിയായ അസ്വാകയുടെ റിപ്പോര്‍ട്ടുകള്‍. താലിബാൻ്റെ പ്രവര്‍ത്തനം പൊതുനന്മ മുൻനിര്‍ത്തിയല്ലെന്നാണ് പ്രതിരോധ സേനയുടെ വിമര്‍ശനം.
താലിബാനെ പുറത്താക്കിയ സന്തോഷത്തിൽ ആളുകള്‍ കെട്ടിടത്തിനു മുകളിൽ നിന്ന് അഫ്ഗാൻ പതാക വീശുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. വെള്ളിയാഴ്ചയോടു കൂടിയാണ് പോൽ ഐ ഹെസാര്‍ ജില്ല താലിബാനിൽ നിന്ന് പ്രതിരോധ സേന തിരിച്ചു പിടിച്ചത്. ചരിത്രപരമായി താലിബാനെ എതിര്‍ത്തു നിൽക്കുന്ന പഞ്ച്ശീര്‍ താഴ്വരയോടു ചേര്‍ന്ന് കാബൂളിൻ്റെ വടക്കുഭാഗത്താണ് ഈ ജില്ലയുടെ സ്ഥാനം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടും ഈ പ്രദേശം വ്യത്യസ്തമാണ്.
അതേസമയം, പല വിദേശരാജ്യങ്ങളും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം വിച്ഛേദിക്കുകയും വ്യാപാര രംഗത്ത് രാജ്യം ഒറ്റപ്പെടുകയും ചെയ്തതോടെ താലിബാനിലെ സാമ്പത്തികരംഗം തകിടം മറിഞ്ഞ നിലയിലാണ്. ജനസംഖ്യയിൽ മൂന്നിലൊന്നു പേരും ഗുരുതരമായ പട്ടിണിയിലാണെന്നാണ് യുഎൻ അനുമാനം. ആഗോള താപനത്തിൻ്റെ ഭാഗമായുണ്ടാകുന്ന വരള്‍ച്ചയ്ക്കു പുറമെയാണ് നിലവിലെ സവിശേഷ അന്തരീക്ഷം.
താലിബാനെതിരെ അഫ്ഗാനിസ്താനില്‍ പ്രതിഷേധങ്ങളും അടിച്ചമർത്തലും തുടരുമ്പോൾ അന്താരാഷ്ട്ര തലത്തിലുള്ള മോശം പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഭീകര സംഘടന. പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളിലടക്കം താലിബാന് സജീവമായി ഇടപെടുന്നുണ്ട്. കഴിഞ്ഞകാലത്തെ തെറ്റുകളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് താലിബാന് ഈ മാറ്റങ്ങള്‍ക്ക് വിധേയരയാതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് 2021-ലെ താലിബാന് സാമ്പത്തികമായി ഏറെ വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ സാമ്പത്തികരംഗത്ത് ആഴത്തിലുള്ള സാന്നിധ്യം നിലനിര്‍ത്താന്‍ താലിബാന് കഴിഞ്ഞു. തങ്ങളുടെ ദൗത്യങ്ങള്‍ക്കുള്ള പണം കണ്ടെത്താനും സാധിച്ചു. ഫ്രാന്‍സ് 24 റിപ്പോര്‍ട്ട് പ്രകാരം 2001-ലെ തകര്‍ച്ചയ്ക്ക് ശേഷം താലിബാന് രാജ്യത്തുടനീളം നിരന്തരമായ സായുധ കലാപം നടത്തി.
ഇതിനു വേണ്ടി നികുതി സംവിധാനവും പരിഷ്കൃതമായ സാമ്പത്തികശൃംഖലകളും ഉപയോഗപ്പെടുത്തി. അതിര്‍ത്തിയിലെ പോസ്റ്റുകള്‍ പിടിച്ചെടുത്തത് ഉള്‍പ്പെടെ ദശലക്ഷകണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവില്‍ താലിബാന് നേടാനായതെന്നും പറയുന്നു. താലിബാന് കാബൂള്‍ കീഴടക്കി രണ്ടുദിവസത്തിന് ശേഷം അഫ്ഗാനിലെ ടി.വി. ചാനലില്‍ ഒരു അഭിമുഖം സംപ്രേഷണം ചെയ്തിരുന്നു. ടോളോ ന്യൂസ് ചാനലിലെ ഒരു വനിതാ അവതാരകയാണ് താലിബാന് അംഗവുമായി അന്ന് അഭിമുഖം നടത്തിയത്.
താലിബാനുമായുള്ള അഭിമുഖത്തിന് പുറമേ ടി.വി. മാധ്യമപ്രവര്‍ത്തക കാബൂളിലെ തെരുവുകളില്‍നിന്ന് വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. താലിബാന്റെ കഴിഞ്ഞ ഭരണകാലയളവിലാണെങ്കില് ഇത്തരമൊരു സംഭവം അഫ്ഗാന് പൗരന്മാര്ക്ക് ചിന്തിക്കാനേ കഴിയില്ല. അതിനാല്‍ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താലിബാന് വളരേയേറെ മാറ്റങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
1996-2001 കാലയളവില്‍ സ്ത്രീകള്‍ ജോലിക്ക് പോകുന്നത് താലിബാന് വിലക്കിയിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും നിഷേധിച്ചു. ഇതിനുപുറമേ രാജ്യത്ത് ടി.വി. പരിപാടികള്‍ കാണുന്നതിനും സംഗീതം ആസ്വദിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.
താലിബാന് അംഗങ്ങളുടെ വസ്ത്രധാരണത്തിലും ഏറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പരമ്പരാഗത വസ്ത്രമണിഞ്ഞ് നീണ്ടതാടിയുള്ളവരായിരുന്നു മുതിര്‍ന്ന താലിബാന് അംഗങ്ങള്‍. എന്നാല്‍ പുതിയ അംഗങ്ങള്‍ വസ്ത്രധാരണത്തില്‍ അടിമുടി മാറ്റംവരുത്തിയിട്ടുണ്ട്. അഫ്ഗാനില്‍നിന്നുള്ള വീഡിയോകളില്‍ ഇക്കാര്യം വ്യക്തമായി കാണാം.
ക്ലീന്‍ഷേവ് ചെയ്ത് പുതിയ വസ്ത്രങ്ങളണിഞ്ഞ് ബേസ്ബോള്‍ തൊപ്പിയുമിട്ട താലിബാന് അംഗങ്ങളാണ് പല വീഡിയോകളിലും പ്രത്യക്ഷപ്പെടുന്നത്. ഇതോടെ താലിബാന്റെ വസ്ത്രധാരണം അത്ര സിമ്പിളല്ലെന്ന ട്രോളുകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. വിലകൂടിയ വസ്ത്രത്തിന്റെയും സണ്ഗ്ലാസിന്റെയും വിലവിവരങ്ങളടക്കം ഉള്‍പ്പെടുത്തിയാണ് ഇത്തരം ട്രോളുകള്‍ നിര്‍മിച്ചിരിക്കുന്നത്.
പാകിസ്താന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെര്‍വിസ് ചെരുപ്പ് നിര്‍മാണ കമ്പനിയുടെ സ്നീക്കറുകളാണ് താലിബാന് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചീറ്റ എന്ന വിളിക്കുന്ന ഇത്തരം സ്നീക്കറുകള്‍ കായികതാരങ്ങളടക്കം ഉപയോഗിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല