
സ്വന്തം ലേഖകൻ: അഫ്ഗാൻ അഭയാർഥി പ്രതിസന്ധി കൈകാര്യം ചെയ്തതിൻ്റെ പേരിൽ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബിന് വിമർശനം. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ താലിബാൻ കീഴടക്കുന്ന സമയത്ത് റാബ് വേനൽക്കാല അവധി ആഘോഷിക്കാൻ പോയതാണ് വിമർശകർ ആയുധമാക്കുന്നത്. കാബൂളിൽ ജനങ്ങൾ യുഎസ് വിമാനത്തിൽ തൂങ്ങി വീണ് മരിക്കുമ്പോൾ റാബ് ക്രീറ്റിലെ ബീച്ചിൽ സമയം ചെലവഴിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
കാബൂൾ താലിബാൻ്റെ പിടിയിലമരുമ്പോൾ ബ്രിട്ടീഷ് സൈന്യവുമായി യോജിച്ച് പ്രവർത്തിച്ച അഫ്ഗാനികളെ രക്ഷിക്കാൻ റാബ് ഒന്നും ചെയ്തില്ലെന്നാണ് വിമർശനം. അഫ്ഗാൻ വിദേശകാര്യമന്ത്രിയുമായി ബന്ധപ്പെട്ട് കാബൂൾ വിമാനത്താവളം അടച്ചിടും മുമ്പ് ഇവരെ ഒഴിപ്പിക്കാനാവാതിരുന്നത് വൻ പരാജയമാണെന്നും വിമർശകർ ആരോപിക്കുന്നു.
എന്നാൽ റാബിനെതിരായ വിമർശനങ്ങൾ തള്ളിയ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അദ്ദേഹത്തിൻ്റെ കഴിവിൽ വിശ്വാസമുണ്ടെന്നും വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ സർക്കാർ നിലവിൽ സമയം നോക്കാതെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച സർക്കാരിന്റെ അടിയന്തര കോബ്ര കമ്മിറ്റി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ജോൺസൺ.
അഫ്ഗാനിസ്താൻ വിഷയത്തിൽ പരിഹാരം കണ്ടെത്താനുള്ള രാഷ്ട്രീയ, നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ആവശ്യമെന്നു കണ്ടാൽ താലിബാനൊപ്പം മുന്നോട്ടു പോകുമെന്ന് ഉറപ്പു നൽകുകയാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. കാബൂൾ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരുന്നതായും ശാന്തമാകുന്നതിന്‍റെ ലക്ഷണം കാണുന്നതായും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് പൗരന്മാരും അവർക്കൊപ്പമുണ്ടായിരുന്ന അഫ്ഗാനികളും ഉൾപെടെ 2,000 പേരെയാണ് ഇതുവരെയായി ബ്രിട്ടൻ രക്ഷപ്പെടുത്തിയത്. മൊത്തം 20,000 അഫ്ഗാനികൾക്ക് രാജ്യത്ത് പുനരധിവാസം നൽകുമെന്ന് ജോൺസൺ വാഗ്ദാനം നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല