
സ്വന്തം ലേഖകൻ: പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെങ്കിലും അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്തെ എല്ലാ പ്രവിശ്യകളിലുമുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു. ഈ വൈറസ് ബാധ തടയാൻ ഒരു ഡോസ് വാക്‌സിൻ മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പരിവർത്തനം ചെയ്ത ഡെൽറ്റ മ്യുട്ടെന്റിന്റെ വ്യാപന ശേഷി മൂന്നിരട്ടിയാണ്.വാക്സിനേഷൻ ത്വരിതഗതിയിൽ പൂർത്തിയാക്കാൻ മുഴുവൻ ആളുകളോടും അദ്ദേഹം അഭ്യർഥിച്ചു. കോവിഡ് വൈറസിനോട് താരതമ്യപ്പെടുത്തുമ്പോൾ ലക്ഷണങ്ങൾ കൂടുതൽ കഠിനമാണെന്നാണ് ലഭ്യമായ പരിമിത പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ മുൻകരുതൽ നടപടികൾ ശക്തമായി പിന്തുടരുക എന്നതാണ് പ്രതിരോധത്തിന്റെ ഏറ്റവും അടിസ്ഥാനമെന്ന് അദ്ദേഹം ഉണർത്തി. സ്‌കൂളുകൾ വീണ്ടും ഉണരുകയാണ്. ഈ ഘട്ടത്തിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കോവിഡ് പ്രതിരോധത്തിനായി 12നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മൊഡേണ വാക്‌സിന്‍ നല്‍കാന്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് മൊഡേണ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് നടപടി. 12 വയസ്സിന് മുകളിലുള്ളവരില്‍ മൊഡേണ വാക്‌സിന്‍ കോവിഡിനെ പ്രതിരോധിക്കുന്നതിന് ഫലപ്രദമാണെന്ന് ക്ലിനിക്കല്‍ ട്രയലുകളില്‍ വ്യക്തമായിരുന്നു.
17നു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ വാക്‌സിന്‍ ഉപയോഗിക്കാന്‍ കഴിഞ്ഞ ജൂലൈയില്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കിയിരുന്നു. സൗദിയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക ചുവടുവപ്പാണ് ഈ തീരുമാനം. അതിനിടെ, ആസ്ട്ര സെനക്കയുടെയും ഫൈസറിന്റെയും രണ്ട് ഡോസുകള്‍ക്കിടയില്‍ ചുരുങ്ങിയത് മൂന്ന് ആഴ്ചയുടെ ഇടവേളയെങ്കില്‍ വേണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രാലയം വ്യക്തത വരുത്തിയത്. കോവിഡ് മുക്തി നേടിയവര്‍ക്കും കോവിഡ് വാക്‌സിന്‍ എടുക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. കോവിഡ് ബാധിച്ച് ചുരുങ്ങിയത് 10 ദിവസം കഴിഞ്ഞാല്‍ ആദ്യ ഡോസ് സ്വീകരിക്കാം. പിന്നീട് മൂന്നാഴ്ച കഴിഞ്ഞ രണ്ടാം ഡോസും എടുക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല