
സ്വന്തം ലേഖകൻ: അഫ്ഗാനിൽ നിന്നുള്ള യുഎസ് സേനാ പിന്മാറ്റത്തിൽ ബൈഡനോട് വിയോജിപ്പ് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുഎസ് സേനയെ പിൻവലിക്കാനുള്ള സമയപരിധി നീട്ടാണമെന്നും ജോൺസൺ ബൈഡനോട് അഭ്യർഥിച്ചു. ഏകപക്ഷീയമായി സൈന്യത്തെ പിൻവലിക്കാനുള്ള യുഎസിൻ്റെ തീരുമാനം അഫ്ഗാനിസ്ഥാനെ അരാജകത്വത്തിലേക്ക് തള്ളിവിട്ടതായി ടോണി ബ്ലെയർ ഉൾപ്പെടെയുള്ള മുതിരന്ന് യുകെ നേതാക്കൾ ആരോപിച്ചതിന് പിന്നാലെയാണ് പ്രശ്നത്തിൽ ജോൺസൻ്റെ ഇടപെടൽ.
താലിബാൻ്റെ ഭീകര വാച്ചയിൽ നിന്ന് കൂടുതൽ ആളുകളെ രക്ഷപ്പെടാൻ അനുവദിക്കുന്നതിനായി അഫ്ഗാനിസ്ഥാൻ വിടുന്ന യുഎസ് സൈന്യത്തിന്റെ സമയപരിധി നീട്ടണമെന്നാണ് യുകെയുടെ നിലപാട്. കാബൂൾ വിമാനത്താവളത്തിലെ അരാജകത്വവും ആക്രമങ്ങളും താലിബാൻ ഓഗസ്റ്റ് 31 ഓടെ അവസാനിപ്പിക്കുമെന്നാണ് യുഎസ് പ്രതീക്ഷ.
എന്നാൽ സൈനിക പിൻമാറ്റം പൂർത്തിയാകുന്ന ഈ അവസാന തീയതി വൈകിപ്പിക്കാൻ അടിയന്തര ജി 7 ഉച്ചകോടിയ്ക്കിടെ ജോൺസൺ യുഎസ് പ്രസിഡന്റിനോട് അഭ്യർത്ഥിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബൈഡൻ താലിബാനെ സംബന്ധിച്ച തൻ്റെ നിലപാട് ആവർത്തിക്കുകയാണെങ്കിലും ജി7 സഖ്യ കക്ഷികൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യവും പരിഗണിക്കുമെന്നാണ് നിലവിൽ വൈറ്റ് ഹൗസ് നൽകുന്ന സൂചന.
അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ അവസ്ഥയുടെ ഉത്തരവാദിത്തത്തിൽ നിന്ന് അമേരിക്കയ്ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. സൈനിക പിൻമാറ്റത്തെ അതിരൂക്ഷമായ ഭാഷയിലാണ് ബ്ലെയർ വിമര്‍ശിച്ചത്. ഒരു രാജ്യത്തെ അനാവശ്യമായി അപകടത്തിൽ ഉപേക്ഷിച്ച് പോകുകയാണ് അമേരിക്ക ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
2001ൽ യുഎസിനൊപ്പം അഫ്ഗാനിലേക്ക് ബ്രിട്ടൻ സൈന്യത്തെ അയച്ചപ്പോൾ ടോണി ബ്ലെയർ ആയിരുന്നു പ്രധാനമന്ത്രി. അഫ്ഗാൻ വിഷയത്തിൽ ആദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്. തന്ത്രപരമായി വിജയിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾ വിജയിച്ചോ എന്ന ചോദ്യം ഉയരുന്നു. പാശ്ചാത്യരുടെ നിലപാട് എന്താണെന്ന് ലോകത്തിന് നിശ്ചയമില്ല.
അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പിൻവലിച്ചത് തന്ത്രങ്ങളുടെ ഭാഗമായല്ല, മറിച്ച് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. ദുരന്തത്തിലേക്ക് അഫ്ഗാൻ ജനതയെ തള്ളി വിടുകയാണ് അമേരിക്ക ചെയ്തത്. ലോകത്തെ മുഴുവൻ ഭീകര സംഘടനകൾക്കും ആഹ്ലാദിക്കാനുള്ള അവസരമാണ് അമേരിക്കയുടെ പിൻമാറ്റത്തിലൂടെ ഉണ്ടായിരിക്കുന്നത്. നയങ്ങളിൽ പുനരാലോചന വേണമെന്നും തന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ബ്ലെയർ പറയുന്നു.
അതിനിടെ അഫ്ഗാനിസ്ഥാനിലെ യുഎസ് സേനാപിന്മാറ്റവും താലിബാന്റെ മടങ്ങിവരവും സൃഷ്ടിച്ച ഭയാശങ്കയും ബൈഡന്റെ കീർത്തിക്കു കോട്ടമായെന്നു പല രാജ്യാന്തര മാധ്യമങ്ങളും വിധിയെഴുതിക്കഴിഞ്ഞു. പ്രമുഖ സർവേകളെ സൂചകമായെടുത്താൽ, ബൈഡനോടുള്ള യുഎസ് ജനതയുടെ താൽപര്യത്തിൽ കാര്യമായ ഇടിവുണ്ടെന്നു വ്യക്തമാണെന്നു രാജ്യാന്തര മാധ്യമമായ സിഎൻഎൻ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല