
സ്വന്തം ലേഖകൻ: അഫ്ഗാനിൽനിന്നും ചാർട്ടേഡ് വിമാനത്തിൽ യുകെയിൽ എത്തിയത് 140 നായ്ക്കളും 60 പൂച്ചകളും! മൃഗസ്നേഹിയായ പെൻ ഫെർത്തിംങ് എന്ന മുൻ റോയൽ മറീൻ ഉദ്യോഗസ്ഥന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന 140 നായ്ക്കളെയും 60 പൂച്ചകളെയുമാണ് ഞായറാഴ്ച പ്രത്യേക വിമാനത്തിൽ ഹീത്രൂവിൽ എത്തിച്ചത്. റസ്ക്യൂ ഓപ്പറേഷന്റെ അവസാനം, കൊണ്ടുവരേണ്ട എല്ലാവരെയും കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നു പറഞ്ഞ് ക്ഷമാപണം നടത്തിയശേഷം, ചാർട്ടേർഡ് വിമാനത്തിൽ നായ്ക്കളെയും പൂച്ചകളെയും കൊണ്ടു വന്നത് രാജ്യത്ത് വൻ വിവാദത്തിനും തിരി കൊളുത്തി.
പ്രതിരോധ മന്ത്രാലയം എതിർത്തിട്ടും ബോറിസ് ജോൺസന്റെ ഭാര്യ കാരി സിമൺസിന്റെ സമ്മർദ്ദത്തിനു വഴങ്ങി പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യത്തിൽ അമിത താൽപര്യം കാട്ടിയെന്നാണ് വിമർശനം. ഭാര്യയുടെ താൽപര്യപ്രകാരം പ്രധാനമന്ത്രിതന്നെ ഡിഫൻസ് സെക്രട്ടറിക്ക് ഇക്കാര്യത്തിൽ നിർദേശം നൽകിയെന്നും ആദ്യം ഇതിനെ എതിർത്ത സെക്രട്ടറി പിന്നീട് മനസില്ലാമനസോടെ ചാർട്ടേർഡ് വിമാനത്തിന് സൗകര്യം ഒരുക്കിയെന്നാണു റിപ്പോർട്ട്.
നൗസാദ് ഡോഗ് ഫൗണ്ടേഷന്റെ ഉടമയായ പെൻ ഫാർത്തിംങ് മൃഗങ്ങളെ ബ്രിട്ടനിലേക്ക് കൊണ്ടുപോന്നെങ്കിലും ഇവയെ പരിപാലിച്ചിരുന്ന ജീവനക്കാരെ കൂടെ കൊണ്ടുവാരൻ തയാറായില്ല. അവർക്ക് മൂന്നുമാസത്തെ അധികവേതനവും കരുതൽ ധനവും നൽകിയെന്നാണ് പെൻ ഫാർത്തിംങ് പറയുന്നത്. ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉപേക്ഷിച്ചുപോന്നതിൽ ദു:ഖമുണ്ടെന്നും തന്റെ ജീവനക്കാർ തന്നെയാണ് മൃഗങ്ങളോടൊപ്പം തന്നെ യാത്രയാക്കിയതെന്നുമാണ് ഫാർത്തിങ്ങിന്റെ വിശദീകരണം.
കഴിഞ്ഞയാഴ്ചതന്നെ പെൻ ഫാർത്തിംങ്ങിന്റെ ഭാര്യ കൈസ ബ്രിട്ടനിലേക്കു തിരിച്ചിരുന്നു. എന്നാൽ പെന്നിന്റെ പേപ്പർ വർക്കുകളും പ്രത്യേക വിമാനത്തിനുള്ള അനുമതിയും നീണ്ടുപോയതാണ് യാത്ര വൈകാൻ കാരണമായത്. ‘ഓപ്പറേഷൻ ആർക്ക്’ എന്നപേരിൽ നൗസാദ് നടത്തിയ വിപുലമായ ഫണ്ട്ശേഖരണത്തിലൂടെയാണു നായ്ക്കൾക്കും പൂച്ചകൾക്കും പ്രത്യേക വിമാനത്തിന് വഴിതെളിഞ്ഞത്. മൃഗസ്നേഹികളായ ബിസിനസുകാർ കൈയയച്ച് സഹായിച്ചതോടെ ഫണ്ട് പ്രശ്നമല്ലാതായി.
എയർബസ് എ 330 വിമാനത്തിൽ മസ്കത്ത് വഴിയാണ് പെൻ ഫാർത്തിംങ് തന്റെ വളർത്തു മൃഗങ്ങളെ ലണ്ടനിലെത്തിച്ചത്. ഹീത്രൂ വിമാനത്താവളത്തിൽനിന്നും പിന്നീട് കൺക്‌ഷൻ ഫ്ലൈറ്റിൽ ഇവയെ ഓസ്ലോയിലേക്ക് കൊണ്ടുപോയി. ഇനി പുതിയ അതിഥികളും കോവിഡ് മാനദണ്ഡപ്രകാരം പത്തു ദിവസത്തെ ക്വാറന്റീനിൽ കഴിയണം.
ബ്രിട്ടീഷ് ആർമിയെയും നയതന്ത്ര ഉദ്യോഗസ്ഥരെയും സഹായിച്ചവരെപോലും മുഴുവനായി രക്ഷപ്പെടുത്താനാകാത്ത സാഹചര്യത്തിൽ ഈ “മൃഗീയ“ രക്ഷാദൗത്യം അൽപ്പം കടന്നുപോയി എന്നാണ് വിമർശകരുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല