
സ്വന്തം ലേഖകൻ: അമേരിക്കയുടെ അവസാന സൈനികനും അഫ്ഗാന്‍ മണ്ണിൽ നിന്നും പോയതോടെ കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ തയ്യാറെടുത്ത് താലിബാൻ. ഇതിനായി താലിബാനെ സഹായിക്കാൻ വ്യോമയാന വിദഗ്ദ്ധരുടെ ഒരു സംഘം അഫ്ഗാനിസ്ഥാനിലെ കാബൂളിൽ എത്തിയതായി അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുധനാഴ്ച സാങ്കേതിക വിദഗ്ദ്ധരുടെ സംഘവുമായി ഒരു ഖത്തര്‍ വിമാനം കാബൂളിൽ എത്തിയിരുന്നു. കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് ഇവര്‍ എത്തിയിരിക്കുന്നത് എന്നാണ് ഇന്ത്യാ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അൽ അറേബ്യ ഇംഗ്ലീഷ് എന്ന അറബ് മാധ്യമമാണ് കാബൂളിൽ വിദേശ സാങ്കേതിക വിദഗ്ദ്ധര്‍ എത്തിയ വിവരം പുറത്തു വിട്ടത്. ഖത്തറിൽ നിന്നുള്ള വിമാനം ലാന്‍ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഇവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, സാങ്കേതിക സഹായം നൽകുന്നത് സംബന്ധിച്ച് ഉടമ്പടികള്‍ ഒന്നും ഒപ്പു വച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ ഖത്തറിന്റെ സാങ്കേതിക സംഘം ചർച്ചകള്‍ ആരംഭിച്ചെന്നും വിമാനത്താവളത്തിന്റെ സുരക്ഷ സംബന്ധിച്ചും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ നടന്ന് വരികയാണെന്നുമാണ് റിപ്പോര്‍ട്ടുകൾ.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനസ്ഥാപിക്കുക വഴി രാജ്യത്തേയ്ക്കുള്ള യാത്രാമാർഗങ്ങൾ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനാണ് താലിബാൻ ലക്ഷ്യം വയ്ക്കുന്നത്. ഇതിലൂടെ, ഒഴിപ്പിക്കൽ നടപടികള്‍ അടക്കം സുഗമമായി പോകുമെന്നും ഇവര്‍ വിലയിരുത്തുന്നു.
അതേസമയം, പാശ്ചാത്യ സേന നടത്തിയ ഒഴിപ്പിക്കൽ നടപടിയിൽ ‘നശിപ്പിക്കപ്പെട്ട’ കാബൂൾ വിമാനത്താവളം പുനസ്ഥാപിക്കാനും സംഘം ഉദ്ദേശിക്കുന്നുവെന്നാണ് മുതിര്‍ന്ന താലിബാൻ നേതാവ് അനാസ് ഹഖാനി വ്യക്തമാക്കിയത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടൻ തന്നെ ആരംഭിക്കുമെന്നും താലിബാൻ നേതാവ് പറഞ്ഞു.
20 വര്‍ഷത്തിന് ശേഷം ഓഗസ്റ്റ് 31 നാണ് അഫ്ഗാനിസ്ഥാനിൽ നിന്നും യുഎസ് സൈന്യം പൂര്‍ണമായും പിന്മാറി. കാബൂൾ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനത്തിൽ യുഎസിൻ്റെ അഫ്ഗാൻ അംബാസിഡർ റോസ് വിൽസൺ ഉൾപ്പെടെ നൂറിലധികം പേരാണ് ഉണ്ടായിരുന്നത്. ഓഗസ്റ്റ് 31 വരെ രക്ഷാദൗത്യം തുടരുമെന്നായിരുന്നു അമേരിക്ക മുൻപ് വ്യക്തമാക്കിയിരുന്നത്.
അവസാന യുഎസ് സൈനികരും അഫ്ഗാൻ വിട്ടതോടെ ചൊവ്വാഴ്ച പുലർച്ചെ വെടിയുതിർത്താണ് താലിബാൻ ആഘോഷിച്ചത്.
അവസാന യുഎസ് വിമാനവും കാബൂൾ വിട്ടതിൽ സന്തോഷം പങ്കുവച്ച താലിബാൻ ‘ചരിത്ര നിമിഷം’ എന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്. കടുത്ത സമ്മർദ്ദത്തിനും ഭീഷണിയ്ക്കുമിടെ 18 ദിവസങ്ങൾ നീണ്ട രക്ഷാദൗത്യത്തിൽ 123,000 പേരെ അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിച്ചെന്ന് പെൻ്റഗൺ പറഞ്ഞു.
അതിനിടെ കാബൂൾ വിമാനത്താവളം അടച്ചതോടെ, കരമാർഗം രാജ്യം വിടാൻ പതിനായിരങ്ങൾ അഫ്ഗാനിസ്ഥാൻ അതിർത്തിയിലേക്കു പലായനം തുടങ്ങി. യുഎസ്– നാറ്റോ സഖ്യസേന ഒഴിഞ്ഞതിനു പിന്നാലെയാണു വിമാനത്താവളം അടച്ചത്. അതേസമയം, താലിബാൻ സർക്കാർ രൂപീകരണം നീളുകയാണ്.
ഇറാൻ, പാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തജിക്കിസ്ഥാൻ എന്നീ അയൽരാജ്യങ്ങളിലേക്കാണ് അഫ്ഗാൻ അഭയാർഥികൾ പ്രവഹിക്കുന്നത്. പാക്ക് അതിർത്തിയിലെ പ്രധാന പാതയായ തോർഖമിൽ ഇന്നലെ നൂറുകണക്കിനാളുകളാണു കാത്തുനിന്നത്. ഇറാന്റെ ഇസ്‌ലാം ഖലാ അതിർത്തിപാതയിലും സമാന സ്ഥിതിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല