1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2021

സ്വന്തം ലേഖകൻ: കാബൂളിൽ പാകിസ്താനെതിരെ സ്ത്രീകളടക്കം അണിനിരന്ന വൻ പ്രതിഷേധം. പാഞ്ച്ഷീർ പിടിക്കാനുള്ള താലിബാന്റെയും പാക് ഭരണകൂടത്തിന്റെയും നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. ഐഎസ്‌ഐ ഡയരക്ടർ അടക്കമുള്ള പാക് വൃത്തങ്ങൾ താമസിക്കുന്ന കാബൂളിലെ ഹോട്ടലിലേക്ക് പ്രതിഷേധം നീണ്ടതോടെ സമരക്കാരെ പിരിച്ചുവിടാന്‍ താലിബാൻ ആകാശത്തേക്ക് വെടിവച്ചു.

നൂറുകണക്കിനു സ്ത്രീകളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. പാകിസ്താനെതിരെ ഇവർ പ്ലക്കാർഡുകളുയർത്തുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പ്രതിഷേധം ഹോട്ടലിലേക്കുള്ള വഴിയിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിനുമുന്നിലെത്തിയതോടെ താലിബാൻ സൈന്യം വെടിയുതിർത്തു.

താലിബാനോ പാകിസ്താനോ പാഞ്ച്ഷീർ കീഴടക്കാനുള്ള അവകാശമില്ലെന്ന് സമരക്കാർ പറഞ്ഞു. താലിബാനെതിരെ അവസാന ചെറുത്തുനിൽപ്പ് നടക്കുന്ന മേഖലയാണ് പാഞ്ച്ഷീർ. താഴ്‌വര സമ്പൂർണമായി പിടിച്ചടക്കിയതായി കഴിഞ്ഞ ദിവസം താലിബാൻ അവകാശപ്പെട്ടിരുന്നു. പാക് വിരുദ്ധ പ്രതിഷേധം അഫ്ഗാന്റെ വടക്കൻ പ്രവിശ്യയായ ബൽഖിലേക്കും നീണ്ടിട്ടുണ്ട്.

അതിനിടെ രണ്ടാഴ്ചയിലേറെയായി ചെറുത്തുനിൽക്കുന്ന പഞ്ച്ശീറും കീഴടക്കിയെന്നു താലിബാൻ പ്രഖ്യാപിച്ചു. പാക്കിസ്ഥാൻ വ്യോമസേന ഇവിടെ പ്രതിപക്ഷസഖ്യ സേനയുടെ ഒളിത്താവളങ്ങളിൽ ഡ്രോൺ ഉപയോഗിച്ചു ബോംബാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. സൈനിക നടപടിയെ ശക്തമായി വിമർശിച്ച് ഇറാൻ രംഗത്തെത്തി. ഓഗസ്റ്റ് 15നു താലിബാൻ അഫ്ഗാൻ പിടിച്ചശേഷം അയൽരാജ്യമായ ഇറാൻ അവരെ വിമർശിക്കുന്നത് ഇതാദ്യമാണ്.

ബസാറക്കിലെ പ്രവിശ്യ ഗവർണറുടെ ഓഫിസ് വളപ്പിൽ താലിബാൻ അംഗങ്ങൾ നിലയുറപ്പിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പ്രതിപക്ഷ സഖ്യ വക്താവ് ഫാഹിം ദഷ്തെ ഞായറാഴ്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. കാബൂളിൽനിന്ന് 144 കിലോമീറ്റർ അകലെ ഹിന്ദുക്കുഷ് മലനിരകളുടെ താഴ്‌വാരമായ പഞ്ച്ശീർ കീഴക്കിയതോടെ അഫ്ഗാനിൽ താലിബാൻ പൂർണവിജയം നേടിയതായി താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് അവകാശപ്പെട്ടു.

അതിനിടെ അഫ്ഗാന്‍ രക്ഷാദൗത്യമായ ‘ദേവീശക്തി’ പുനരാരംഭിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അഫ്ഗാന്‍ പൗരന്മാര്‍ അടക്കം 300 പേരെ ഇന്ത്യയിലെത്തിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച്ച ചേരുന്ന ബ്രിക്സ് സമ്മേളനത്തില്‍ അഫ്ഗാന്‍ വിഷയവും ഭീകരഭീഷണിയും മുഖ്യ ചര്‍ച്ചയായും. ഇന്ത്യയോടു യോജിച്ച നിലപാടാണുള്ളതെന്നു റഷ്യ വ്യക്തമാക്കി. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണു ചര്‍ച്ചയില്‍ പങ്കെടുക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.