
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താന്റെ മുന്‍ വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ് ദോസ്തമിന്റെ ആഡംബരഭവനം പിടിച്ചെടുത്ത് താലിബാന്. ഇതിനു പിന്നാലെ താലിബാന് സംഘാംഗങ്ങള്‍ കൊട്ടാരത്തിനുള്ളില്‍ ഇരിക്കുന്നതിന്റെയും കാഴ്ചകള്‍ കാണുന്നതിന്റെയും ഫോട്ടോകള്‍ പുറത്തെത്തി. താലിബാന്റെ പ്രമുഖ എതിരാളികളില്‍ ഒരാളും പട്ടാളമേധാവിയുമായിരുന്ന ദോസ്തം, നിലവില്‍ അഫ്ഗാനില്‍നിന്ന് പലയാനം ചെയ്തിരിക്കുകയാണ്.
പുതുതായി രൂപവത്കരിക്കപ്പെട്ട താലിബാന് സര്‍ക്കാരിലെ ഏറ്റവും കരുത്തരായ നേതാക്കളിലൊരാളായ ക്വാരി സലാഹുദ്ദീന് അയ്യൂബിയുടെ സ്വകാര്യപടയാളികളെയാണ് ആഡംബരഭവനത്തില്‍ കാവലിനായി നിയോഗിച്ചിട്ടുള്ളത്. ഓഗസ്റ്റ് 15-ന് കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ തന്റെ 150 പടയാളികളെയാണ് അയ്യൂബി ഇവിടെ നിയോഗിച്ചത്. ദീര്‍ഘകാലത്തെ അഴിമതിയുടെ ഫലമാണ് ഈ ഭവനവും അതിലെ ആഡംബരവുമെന്നാണ് താലിബാന്റെ വിലയിരുത്തല്‍.
അനവധി ശാഖകളോടു കൂടിയ ചില്ലുവിളക്കുകള്‍, നീന്തല്‍ക്കുളം, മൃദുലമായ സോഫകള്‍ അങ്ങനെ നിരവധി അത്യാഡംബരങ്ങളുണ്ട് ഈ ഭവനത്തില്‍. സകല സജ്ജീകരണങ്ങളുമുള്ള ജിമ്മും ഇതിനുള്ളിലുണ്ട്. എന്നാല്‍ തന്റെ ആളുകള്‍ ആഡംബരത്തില്‍ മയങ്ങില്ലെന്ന് അയ്യൂബി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോടു പ്രതികരിച്ചു.
ആര്‍ഭാടജീവിതം നയിക്കാന്‍ ഇസ്ലാം അനുശാസിക്കുന്നില്ലെന്ന് നാല് പ്രവിശ്യകളുടെ മിലിട്ടറി കമാന്‍ഡര്‍ കൂടിയായ അയ്യൂബി പറഞ്ഞു. മരണാനന്തര ജീവിതത്തില്‍ സ്വര്‍ഗത്തിലാണ് ആഡംബരം ലഭ്യമാവുകയെന്നും അയ്യൂബി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ നേതാവ്, സൈനിക മേധാവി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ നാലു പതിറ്റാണ്ടോളം അഫ്ഗാനില്‍ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ദോസ്തം. എന്നാല്‍ താലിബാന് അഫ്ഗാന് കീഴ്പ്പെടുത്തിയതിനു പിന്നാലെ 67-കാരനായ ദോസ്തം ഉസ്ബെക്കിസ്താനിലേക്ക് കടക്കുകയായിരുന്നു.
അതിനിടെ മരിച്ചെന്ന് കരുതിയ അല്‍ ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരി വീണ്ടും പ്രത്യക്ഷപ്പെട്ടു. യുഎസില്‍ അല്‍ ഖ്വയ്ദ നടത്തിയ 9/11 ഭീകരാക്രമണത്തിന്റെ 20-ാം വാര്‍ഷിക ദിനത്തിലാണ് അല്‍ സവാഹിരിയുടെ പുതിയ വീഡിയോ പുറത്തുവന്നത്. 60 മിനിറ്റ് ദൈര്‍ഘ്യമുള്ള സവാഹിരിയുടെ പ്രസ്താവന ഉള്‍പ്പെട്ട വീഡിയോ അല്‍ ഖ്വയ്ദയുടെ ഔദ്യോഗിക മാധ്യമ വിഭാഗമാണ് പുറത്തുവിട്ടത്.
ഡോക്യുമെന്ററി രീതിയിലുള്ള വീഡിയോ ടെലഗ്രാമിലൂടെയാണ് അല്‍ ഖ്വയ്ദ പുറത്തുവിട്ടത്. ജെറുസലേമിനെ ജൂതവത്ക്കരില്ലെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. കൊല്ലപ്പെട്ട നിരവധി അല്‍ ഖ്വയ്ദ ഭീകരരെ വീഡിയോയില്‍ അനുസ്മരിക്കുന്നുണ്ട്. അതേസമയം അമേരിക്കന്‍ സൈന്യം അഫ്ഗാന് വിട്ടതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും പുതിയ താലിബന്‍ സര്‍ക്കാരിനെക്കുറിച്ചൊന്നും വീഡിയോയില്‍ പറയുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല