
സ്വന്തം ലേഖകൻ: ഡൊമിനിക് റാബിനെ ഡെപ്യൂട്ടി പ്രധാനമന്ത്രിയാക്കി ബോറിസ് ജോൺസൺ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലയിൽനിന്നും മാറ്റിയ ഡൊമിനിക്കിനെ ജസ്റ്റിസ് സെക്രട്ടറിയുടെ അധിക ചുമതല നൽകിക്കൊണ്ടാണ് ഡെപ്യൂട്ടി പ്രധാനമന്ത്രിയാക്കിയത്. വനിതാ നേതാവ് ലിസ് ട്രസ്സാണ് പുതിയ വിദേശകാര്യ സെക്രട്ടറി.
നിലവിൽ വനിതാ- സാമൂഹ്യക്ഷേമ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ലിസ് ഇനി മുതൽ രാജ്യാന്തര വേദികളിൽ ബ്രിട്ടന്റെ മുഖവും ശബ്ദവുമായി മാറും. മാർഗരറ്റ് ബെക്കറ്റിനു ശേഷം ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറിയാകുന്ന രണ്ടാമത്തെ വനിതാ നേതാവാണ് ലിസ് ട്രസ്.
കഴിഞ്ഞവർഷം കോവിഡ് ബാധിതനായി ബോറിസ് ജോൺസൺ ആശുപത്രിയിലും വിശ്രമത്തിലുമായപ്പോൾ മൂന്നു മാസത്തോളം പ്രധാനമന്ത്രിയുടെ ചുമതല വഹിച്ചിരുന്നത് ഡൊമിനിക് റാബാണ്. തന്റെ അസാന്നിധ്യത്തിൽ വിശ്വസ്തതയോടെ ഫലപ്രദമായി കടമകൾ നിർവഹിച്ചതിന്റെ പ്രതിഫലം കൂടിയാണ് ഡെപ്യൂട്ടി പ്രധാനമന്ത്രിയായുള്ള ഡൊമിനിക്കിന്റെ സ്ഥാനക്കയറ്റം.
വിദ്യാഭ്യാസ മന്ത്രി ഗാവിൻ വില്യംസൺ, ജസ്റ്റിസ് സെക്രട്ടറി റോബർട്ട് ബക്ലാൻഡ്, കമ്മ്യൂണിറ്റി സെക്രട്ടറി റോബർട്ട് ജെനറിക് എന്നിവരാണ് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട പ്രമുഖർ. കോവിഡ് കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതമായി അടച്ചിടേണ്ടി വന്നതും ജിസിഎസ്ഇ, എ-ലെവൽ പരീക്ഷകളുമായി ഉയർന്ന പരാതികളും വില്യംസണ് വിനയായി. മുൻ ബിസിനസ് – വാക്സിൻ സെക്രട്ടറി നദീം സഹാവിയാണ് പുതിയ വിദ്യാഭ്യാസ സെക്രട്ടറി.
പുതിയ ഹൗസിംങ്, കമ്മ്യൂണിറ്റീസ് ആൻഡ് ലോക്കൽ ഗവൺമെന്റ് സെക്രട്ടറിയായ മുതിർന്ന നേതാവ് മൈക്കിൾ ഗോവിനെ നിയമിച്ചു. ബോറിസിനും തെരേസ മേയ്ക്കുമെതിരേ പ്രധാനമന്ത്രിസ്ഥാനത്തേക്കു മൽസരിച്ച നേതാവാണ് മൈക്കിൾ ഗോവ്. നദീൻ ഡോറിസാണ് പുതിയ കൾച്ചർ സെക്രട്ടറി. മീഡിയ, സ്പോട്സ് എന്നിവയുടെ ചുമതലയും ഇവർ വഹിക്കും.
കൺസർവേറ്റീവ് പാർട്ടിയുടെ കോ-ചെയർ സ്ഥാനത്തുനിന്നും അമാൻഡ മില്ലിംങ്ങിനെ മാറ്റി. ഓലിവർ ഡൌഡെന്നാണ് പാർട്ടിയുടെ പുതിയ കോ- ചെയർ. പ്രതിരോധ സെക്രട്ടറി ബെൻ വാലസിനും ബോറിസ് മന്ത്രിസഭയിലെ ഇന്ത്യൻ മുഖങ്ങളായ ചാൻസിലർ ഋഷി സുനാക്കിനും ഹോം സെക്രട്ടറി പ്രീതി പട്ടേലിനും മാറ്റമില്ല.
എന്നാൽ ഇന്ത്യൻ വംശജനായ മറ്റൊരു മന്ത്രി അലോക് ശർമ്മയെ നംവംബറിൽ ഗ്ലാസ്ഗോയിൽ നടക്കുന്ന യു.എൻ ക്ലൈമറ്റ് സമ്മിറ്റിന്റെ പൂർണ ചുമതലക്കാരനാക്കി. നേരത്തെ ബിസിനസ് സെക്രട്ടറിയുടെ ചുമതല അലോക് ശർമ്മയ്ക്കായിരുന്നു. ജൂനിയർ മന്ത്രിമാരുടെ കാര്യത്തിലും ഏറെ മാറ്റങ്ങളുണ്ട്. ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉടനെ ഉണ്ടാകുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് നൽകുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല