
സ്വന്തം ലേഖകൻ: ഷാർജയിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരും. കോവിഡ് മഹാമാരിയെ ചെറുക്കാൻ നിയന്ത്രണങ്ങൾ കൂടിയെ തീരുവെന്ന് ഷാർജ ദുരന്തനിവാരണ സമിതി അറിയിച്ചു. വീടുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ 50 പേരിൽ കൂടാൻ പാടില്ല.
ഡിസ്ട്രിക്ട് ആൻഡ് വില്ലേജസ് അഫയേഴ്സ് ഡിപ്പാർട്മെന്റിന് കീഴിലുള്ള ഹാളുകളിൽ 100 പേർക്കു വരെ പ്രവേശനം നിബന്ധനകളോടെ അനുവദിക്കും. സീറ്റുകൾ ക്രമീകരിക്കുമ്പോൾ നാലു മീറ്റർ അകലം ഉണ്ടാകണം. വിവാഹ ചടങ്ങുകളിൽ പരമാവധി 200 പേർക്ക് പ്രവേശിക്കാം.
സാനിറ്റൈസർ എല്ലായിടത്തും ലഭ്യമാക്കണം. പങ്കെടുക്കുന്നവർ വാക്സിനേഷൻ പൂർത്തിയാക്കുകയും അൽ ഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടാകുകയും വേണം. ആഘോഷ പരിപാടികൾ നാലു മണിക്കൂറിൽ കൂടരുത്.
വയോധികർ, 12 വയസിനു താഴെ പ്രായമുള്ളവർ, വിട്ടുമാറാത്ത രോഗമുള്ളവർ, രോഗലക്ഷണങ്ങൾ ഉള്ളവർ എന്നിവർക്കു പ്രവേശനം അനുവദിക്കരുത്. ഹസ്തദാനവും ആശ്ലേഷണവും ഒഴിവാക്കണം. മാസ്ക്, ശുചിത്വം, സുരക്ഷിത അകലം എന്നിവ പാലിക്കണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല