1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2021

സ്വന്തം ലേഖകൻ: 7500 വ്യത്യസ്ത വിനോദ പരിപാടികളുമായി നടക്കുന്ന സൗദി അറേബ്യയിലെ ഏറ്റവും വലിയ ഉത്സവമായ റിയാദ് സീസണ്‍ ഫെസ്റ്റിവലിനെ വരവേല്‍ക്കാന്‍ രാജ്യം ഒരുങ്ങി. ലോകത്തെ സൗദിയിലേക്ക് സ്വാഗതം ചെയ്യുന്ന റിയാദ് സീസണ്‍ ഫെസ്റ്റിവലിന് ഒക്ടോബര്‍ 20ന് തുടക്കമാകും. രണ്ട് കോടി സന്ദര്‍ശകരെയാണ് ഇത്തവണത്തെ റിയാദ് സീസണ്‍ ഫെസ്റ്റിവലിന് പ്രതീക്ഷിക്കുന്നത്. സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയാണ് റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ സംഘാടകര്‍.

തലസ്ഥാന നഗരി ഉള്‍ക്കൊള്ളുന്ന റിയാദിലെ 14 ജില്ലകളിലായി 54 ലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ പ്രമേയം ഇമേജിന്‍ മോര്‍ എന്നതാണ്. കൂടുതല്‍ സ്വപ്‌നങ്ങള്‍ കാണാന്‍ ജനങ്ങളെ ആഹ്വാം ചെയ്യുന്നതാണിത്. 11 വെന്യുകളിലായി 70 അറബ് സംഗീത പരിപാടികള്‍, ആറ് അന്താരാഷ്ട്ര കണ്‍സേര്‍ട്ടുകള്‍, 10 അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍, 350 നാടക പ്രദര്‍ശനങ്ങള്‍, റെസ്ലിംഗ് ചാംപ്യന്‍ഷിപ്പ്, പിഎസ്ജിയുടെ ഫുട്‌ബോള്‍ മത്സരം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ തുടങ്ങിയ 7500ലേറെ പരിപാടികള്‍ ഫെസ്റ്റിലവിന്റെ ഭാഗമായി നടക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശെയ്ഖ് അറിയിച്ചു.

200 റസ്റ്റോറന്റുകളും 70 കഫേകളും നിരവധി കാറ്ററിംഗ് സര്‍വീസുകളും പരിപാടിയുടെ ഭാഗമാകും. കൂടുതല്‍ വിശദാംശങ്ങള്‍ ഒക്ടോബര്‍ നാലിന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. രാജ്യത്തെ ടൂറിസം, എക്‌സിബിഷന്‍ മേഖലകളുടെ വികസനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന സീസണ്‍ ഫെസ്റ്റിവല്‍ വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും തുര്‍ക്കി അല്‍ ശെയ്ഖ് അറിയിച്ചു.

2019ല്‍ ആരംഭിച്ച സീസണ്‍ ഫെസ്റ്റിവല്‍ കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വേണ്ടെന്നു വച്ചിരുന്നു. 2019ല്‍ ഒരു കോടി പേരാണ് ഫെസ്റ്റിലില്‍ പങ്കാളികളായത്. കലാ- കായിക- സാംസ്‌ക്കാരി പരിപാടികളിലൂടെ രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സമൂഹങ്ങളെ ഒന്നിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു. സൗദി സമ്പദ് വ്യവസ്ഥയെ എണ്ണയിതര മേഖലകളിലൂടെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായാണ് റിയാദ് സീസണ്‍ ഫെസ്റ്റിവല്‍ ആരംഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.