
സ്വന്തം ലേഖകൻ: ട്രക്ക് ഡ്രൈവർമാരുടെ കുറവ് മൂലമുള്ള ഇന്ധന പ്രതിസന്ധി യുകെയിൽ രൂക്ഷമാകുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്ന അടിയന്തിര പദ്ധതി പ്രകാരം പെട്രോൾ സ്റ്റേഷനുകളിലേക്ക് ഇന്ധനം എത്തിക്കാൻ സൈന്യത്തിന്റെ സേവനം ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.
രാജ്യത്തെ തൊണ്ണൂറു ശതമാനം പെട്രോൾ സ്റ്റേഷനുകളിലും നിലവിൽ ഇന്ധനമില്ലാത്ത സ്ഥിതിവിശേഷമാണ് ഉള്ളതെന്ന് പെട്രോളിയം റീട്ടെയിലേഴ്സ് അസോസിയേഷൻ (PRA) അറിയിച്ചു. ബ്രിട്ടീഷ് പെട്രോളിയത്തിൻ്റെ ഏകദേശം 5,500 പെട്രോൾ സ്റ്റേഷനുകളിൽ മൂന്നിലൊന്നിലും ഇന്ധനം തീർന്നുവെന്ന് ബിപി സമ്മതിച്ചതിനെ തുടർന്ന് “ഓപ്പറേഷൻ എസ്കലിൻ” പരിശോധിക്കാൻ പ്രധാനമന്ത്രി മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങളുമായി ഇന്ന് കൂടിയാലോചന നടത്തും. സ്വതന്ത്ര ഔട്ട്ലെറ്റുകൾ, 50% മുതൽ 90% വരെ ഇന്ധനം തീർന്നുപോയതായി റിപ്പോർട്ട് ചെയ്തു.
പുതിയ സംഭവവികാസങ്ങൾ രണ്ടാം “അസംതൃപ്തിയുടെ ശൈത്യകാലത്തേക്ക്” നീങ്ങുമെന്നും ക്രിസ്മസിന് മുൻപ് തന്നെ സൂപ്പർമാർക്കറ്റ് ഷെൽഫുകൾ ശൂന്യമാകുമെന്ന ആശങ്കയും വ്യാപകമാണ്. അതേസമയം ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കയിൽ ഡ്രൈവർമാർ തിരക്കു കൂട്ടുന്നതാണ് സ്റ്റേഷനുകളിലെ നീണ്ട ക്യൂവിന് കാരണമെന്നാണ് ഒരു വിഭാഗം പറയുന്നത്.
പ്രതിസന്ധി കൂടുതൽ വഷളാകുന്നത് തടയുന്നതിനായി, ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടെംഗ്, ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ്, ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ എന്നിവരുൾപ്പെടെയുള്ള മന്ത്രിമാർ ഞായറാഴ്ച അടിയന്തിര ചർച്ച നടത്തിയിരുന്നു. ഓപ്പറേഷൻ എസ്കലിൻ ഉൾപ്പെടെയുള്ള സാധ്യതകൾ പരിഗണിച്ച മന്ത്രിമാർ ചർച്ച ഇത് പൂർണ്ണമായി നടപ്പിലാക്കാൻ മൂന്നാഴ്ച വരെ എടുക്കുമെന്ന് സൂചന നൽകി.
വർഷങ്ങൾക്കുമുമ്പ് ബ്രെക്സിറ്റിനു വേണ്ടിയുള്ള ഒരുക്കത്തിനിടെ 80 ടാങ്കറുകളുടെ റിസർവ് ഫ്ലീറ്റ് ഓടിക്കാൻ നൂറുകണക്കിന് സൈനികരെ നിയോഗിച്ചതാണ് ഓപ്പറേഷൻ എസ്കിലിൻ എന്നറിയിയപ്പെടുന്നത്. ഇത്തവണയും കാര്യങ്ങൾ കൈവിട്ടുപോയാൽ സൈന്യത്തിൻ്റെ സഹായം തേടുന്നത് സർക്കാരിൻ്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം നിലവിലെ പ്രതിസന്ധി ക്രിസ്മസ് വരെയെങ്കിലും തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. സർക്കാർ ഇടപെടലുകൾ താൽക്കാലിക ആശ്വാസം നൽകാമെങ്കിലും ഡ്രൈവർമാരുടെ റിക്രൂട്ട്മെൻ്റ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ഇന്ധന നീക്കം സാധാരണ മട്ടിലാകാൻ സമയമെടുക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല