
സ്വന്തം ലേഖകൻ: നാട്ടിൽനിന്ന് ഒമാനിലേക്കുള്ള വിമാനയാത്ര നിരക്ക് ഉയർന്നനിലയിൽ തുടരുന്നത് പ്രവാസികളെ വലക്കുന്നു. നാലുമാസത്തോളം നീണ്ട യാത്രവിലക്കിനൊടുവിൽ എയർബബ്ൾ കരാർ പ്രകാരമുള്ള വിമാനങ്ങൾക്ക് സീറ്റ് അടിസ്ഥാനത്തിൽ സർവിസ് നടത്താൻ അനുവദിച്ചത് ആശ്വാസമായാണ് പ്രവാസികൾ കണ്ടത്. സെപ്റ്റംബർ ഒന്നു മുതലാണ് യാത്രാ വിലക്ക് നീക്കി വിമാന സർവിസുകൾ പുനരാരംഭിച്ചത്.
തുടക്കത്തിൽ ലക്ഷത്തിനു മുകളിൽവരെ ടിക്കറ്റ് നിരക്ക് നൽകേണ്ടിവന്നു. തിരക്ക് കുറയുന്ന മുറക്ക് നിരക്കും കുറയുമെന്ന് കരുതി യാത്ര നീട്ടിെവച്ചവർ നിരാശയിലാണ്. വിലക്ക് നീങ്ങി ഒരുമാസം പിന്നിടുമ്പോഴും നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. നാട്ടിൽ കുടുങ്ങിയവരിൽ കാലാവധി കഴിഞ്ഞ റെസിഡൻസ് വിസകൾ തൊഴിലുടമക്ക് പുതുക്കിയെടുക്കാം എന്ന പ്രഖ്യാപനം ചെറിയ ആശ്വാസം പകർന്നിട്ടുണ്ട്.
അതേസമയം ഫാമിലി വിസയുള്ളവർ കാലാവധിക്കു മുമ്പ് രാജ്യത്ത് തിരിച്ചെത്തണമെന്ന വാർത്തകൾ ആശങ്ക പടർത്തുന്നുണ്ട്. നാട്ടിൽനിന്ന് ഇപ്പോൾ രണ്ട് കുട്ടികൾ അടങ്ങിയ ഒരു കുടുംബം ഒമാനിൽ എത്തണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് രണ്ട് ലക്ഷത്തിനടുത്ത് രൂപ വേണ്ടിവരുമെന്ന് ട്രാവൽ രംഗത്തുള്ളവർ പറയുന്നു. സ്കൂൾ തുറക്കുമെന്ന് അറിയിപ്പ് കിട്ടിയതുമുതൽ തിരിച്ചുവരാൻ കുടുംബങ്ങൾ കുറഞ്ഞ ടിക്കറ്റിനായി നിരന്തരം ട്രാവൽ മേഖലയിലുള്ളവരെ ബന്ധപ്പെടുന്നുണ്ട്.
കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ജി.സി.സി രാജ്യങ്ങളിലേക്ക് മൂന്നര മണിക്കൂർ മുതൽ നാല് മണിക്കൂർ വരെയാണ് യാത്ര സമയം. അതേസമയം ഡൽഹിയിൽനിന്ന് ലണ്ടനിലേക്കുള്ള യാത്രസമയം പത്ത് മണിക്കൂറാണ്. മുപ്പതിനായിരം രൂപവരെയാണ് ഇതിന് നിരക്ക്. എന്നാൽ ജി.സി.സി രാജ്യങ്ങളിലേക്ക് ഇതിലും ഉയർന്ന നിരക്ക് നൽകേണ്ടിവരുന്നു.
അതിനിടെ സുഹാർ വിമാനത്താവളത്തിൽനിന്ന് അന്താരാഷ്ട്ര സർവിസ് പുനരാരംഭിച്ചത് ബുറൈമി, ബാത്തിന മേഖലകളിലുള്ളവർക്ക് ആശ്വാസമാണ്. കണക്ഷൻ വിമാനങ്ങൾ വഴി കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും പോകാൻ കഴിയും. നാട്ടിലേക്ക് മസ്കത്ത് വിമാനത്താവളം വഴി പോയി തിരിച്ച് ഷാർജ കണക്ഷൻ വിമാനത്തിൽ സുഹാറിൽ എത്തുന്നവരും ധാരാളമാണ്.
യാത്ര നിരക്കിെൻറ കാര്യത്തിലും ചെറിയ കുറവ് കാണുന്നുണ്ട്. ട്രാൻസിറ്റിന് ഷാർജയിൽ രണ്ടുമണിക്കൂർ മുതൽ അഞ്ചുമണിക്കൂർ വരെ സമയനഷ്ടമാണെങ്കിലും ഈ മേഖലയിലുള്ളവർക്ക് എളുപ്പം വീട്ടിലെത്താൻ ആകുമെന്നതാണ് മെച്ചം. സെപ്റ്റംബർ അവസാനത്തോടെ എയർബബ്ൾ കരാറിൽ സീറ്റുകൾ വർധിപ്പിക്കുകയോ ഇന്ത്യ ബജറ്റ് വിമാനക്കമ്പനികൾക്ക് സർവിസിന് അനുമതി നൽകുകയോ ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല