
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് താങ്ങാനാകാതെ പ്രവാസികൾ. മൂന്നും നാലും ഇരട്ടി വർധിച്ച നിരക്കു കുറയുന്നതും കാത്ത് ഒട്ടേറെ കുടുംബങ്ങൾ ആഴ്ചകളായി കാത്തിരിക്കുകയാണ്. വിവിധ രാജ്യങ്ങൾ കോവിഡ് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയുടെ നടപടിക്കു ഉറ്റുനോക്കുകയാണ് പ്രവാസി സമൂഹം.
ഗൾഫ്–ഇന്ത്യാ സെക്ടറിൽ സാധാരണ സെപ്റ്റംബർ 15 മുതൽ ഡിസംബർ 15 വരെയും ജനുവരി 15 മുതൽ മാർച്ച് 31 വരെ ഓഫ് പീക്ക് ആയാണ് വിമാനക്കമ്പനികൾ കണക്കാക്കിയിരുന്നത്. യാത്രക്കാർ കുറവുള്ള ഈ സമയത്ത് 800 ദിർഹത്തിനു (16,000 രൂപ) വരെ നാട്ടിൽ പോയി മടങ്ങാനുള്ള ടിക്കറ്റ് ലഭിച്ചിരുന്നു. മാസങ്ങൾക്കു മുൻപ് ബുക്ക് ചെയ്യുന്നവർക്ക് ഇതിലും കുറഞ്ഞ തുകയ്ക്കും ലഭിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഇന്ത്യയിൽനിന്ന് യുഎഇയിലേക്കു വരാൻ മാത്രം കുറഞ്ഞത് 32,000 രൂപയ്ക്കു മുകളിലാണ് നിരക്ക്. നാലംഗ കുടുംബത്തിനു യുഎഇയിലെത്താൻ കുറഞ്ഞത് 1.28 ലക്ഷത്തിലേറെ രൂപ മുടക്കണം. ഒക്ടോബർ ആകുമ്പോഴേക്കും നിരക്കു കുറയുമെന്ന് കരുതി കാത്തിരുന്നവർക്കും രക്ഷയില്ല. ഒക്ടോബർ മുതൽ ദുബായ് എക്സ്പോ തുടങ്ങുന്നതിനാൽ വരും ആഴ്ചകളിലും വർധിച്ച നിരക്കു തന്നെയാണ് വിവിധ എയർലൈനുകളുടെ സൈറ്റിലുള്ളത്.
തിരക്കുള്ളപ്പോൾ നിരക്കു കൂട്ടുന്നതുമൂലം മാസങ്ങളായി നാട്ടിൽ കുടുങ്ങിയ പ്രവാസി കുടുംബങ്ങൾക്കു യാത്ര നീട്ടിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ട സ്ഥിതിയാണ്. കേരളത്തിൽനിന്നു മാത്രമല്ല ഡൽഹിയിൽനിന്നും യുഎഇയിലേക്കുള്ള നിരക്കിലും 1000 ദിർഹത്തിന്റെ (20,000 രൂപ) വർധനയുണ്ട്. എക്സ്പോ തീരുന്ന മാർച്ച് 31 വരെ നിരക്കിൽ വലിയ കുറവിന് സാധ്യതയില്ലെന്ന് ട്രാവൽ രംഗത്തുള്ളവർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല