1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2021

സ്വന്തം ലേഖകൻ: ട്രക്ക് ഡ്രൈവർമാർ ഇല്ലാത്തതിനാൽ ഇന്ധന ക്ഷാമം രൂക്ഷമായ യുകെയിൽ എണ്ണ ടാങ്കറുകൾ ഓടിക്കാൻ പട്ടാളththe നിയോഗിക്കും. സൈന്യത്തെ ഇക്കാര്യം ഏൽപ്പിച്ചതായും അവർ സജ്ജമായതായും ബ്രിട്ടീഷ് വാണിജ്യ സെക്രട്ടറി ക്വാസി ക്വാർട്ടെംഗ് സ്ഥിരീകരിച്ചു. പക്ഷേ പട്ടാളത്തിൻ്റെ സഹായം ഉടൻ വേണ്ടി വരില്ലെന്നും ക്വാർട്ടെംഗ് കൂട്ടിച്ചേർത്തു.

“തയ്യാ റെടുപ്പുകൾ പൂർത്തിയായെങ്കിലും സൈന്യത്തെ രംഗത്തിറക്കാൻ കുറച്ച് ദിവസങ്ങൾ എടുത്തേക്കും. എങ്കിലും അത് ചെയ്യാൻ തന്നെയാണ് സർക്കാർ തീരുമാനം. അടുത്ത രണ്ട് ദിവസങ്ങളിൽ ചില സൈനികർ ടാങ്കർ ഓടിക്കുന്നത് ആളുകൾ കാണുമെന്ന് ഞാൻ കരുതുന്നു,“ ക്വാർട്ടെംഗ് വ്യക്തമാക്കി.

നേരത്തെ ഇന്ധനം സ്റ്റോക്കുള്ള പമ്പുകളിൽ സൈന്യത്തെ കാവൽ നിർത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇന്ധനം കിട്ടില്ലെന്നു ഭയന്ന് ആളുകൾ കൂടുതൽ വാങ്ങി സംഭരിക്കുന്നതു തടയുക, പമ്പ് കാലിയാകാതെ നോക്കുക, ആൾക്കൂട്ടം മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കുക എന്നിവയാണു സൈന്യത്തിന്റെ ചുമതല.

“ചെറിയൊരു വിഭാഗം ഡ്രൈവർമാർ ജോലിക്കു സന്നദ്ധമായിട്ടുണ്ട്. ഇവരെ രംഗത്തിറക്കുന്നതോടെ ഇന്ധനവിതരണ ശൃംഖല സ്ഥിരത കൈവരിക്കുമെന്നാണു പ്രതീക്ഷ,“ ഊർജ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഏതാനും പമ്പുകൾ മാത്രമാണു പല നഗരങ്ങളിലും പ്രവർത്തിക്കുന്നത്. ഇവയ്ക്കു മുന്നിൽ മണിക്കൂറുകൾ നീളുന്ന ക്യൂവാണ്.

പമ്പുകൾക്കു മുന്നിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ലണ്ടൻ ഉൾപ്പെടെയുള്ള വൻനഗരങ്ങളിലടക്കം ഇന്ധനക്ഷാമമുണ്ട്. വലിയ ട്രക്കുകൾക്കൊഴികെ മറ്റെല്ലാ വാഹനങ്ങൾക്കും പമ്പുകളിൽനിന്നു പരമാവധി നൽകുന്ന ഇന്ധനത്തിന്റെ അളവ് 30 ലീറ്ററാക്കി കുറച്ചു. പെട്രോളിനും ഡീസലിനും 10 മുതൽ 20 പെൻസിന്റെ വരെ വർധനയുണ്ട്. ഇന്ധനക്ഷാമം ചരക്കുനീക്കത്തെ ബാധിച്ചതോടെ സൂപ്പർ മാർക്കറ്റുകളിൽ പലയിടത്തും സാധനദൗർലഭ്യം അനുഭവപ്പെട്ടു തുടങ്ങി.

അതിനിടെ യുകെയിലെ ഇന്ധന സാഹചര്യം മെച്ചപ്പെടാൻ തുടങ്ങുന്നുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. സാധാരണ രീതിയിൽ തന്നെ തങ്ങളുടെ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ അദ്ദേഹം വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു. ലയിടങ്ങളിലും പ്രതിസന്ധി ഏറെ രൂക്ഷമായിരുന്നു. എന്നാൽ നിലവിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ പ്രതിസന്ധിയിലേക്ക് വീഴാൻ സർക്കാർ അനുവദിച്ചുവെന്ന ആരോപണവുമായി ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.