
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയിലെ രൂക്ഷമായ വൈദ്യുതി ക്ഷാമം രാജ്യാന്തരവിപണിയെ ഏതു തരത്തിൽ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകം. ചിപ്പുകളുടെ ക്ഷാമം ഇലക്ട്രോണിക്സ് ഉപകരണ മേഖലയിലും വാഹനനിർമാണ രംഗത്തും ഉയർത്തുന്ന വെല്ലുവിളിക്കിടയിൽ, ചൈനയിൽനിന്ന് അത്ര ശുഭകരമല്ലാത്ത വാർത്തകളാണ് പുറത്തുവരുന്നത്.
അന്തരീക്ഷ മലിനീകരണ പരിധി പിടിച്ചു നിർത്താനും ഊർജ ഉപയോഗം കുറയ്ക്കാനുമായി ചൈനയിൽ കർശന വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. വൈദ്യുതോൽപാദനത്തിനുള്ള കൽക്കരിയുടെ ലഭ്യതക്കുറവ് ചൈനയെ വലയ്ക്കുകയും ചെയ്യുന്നു. വൈദ്യുത ഉപയോഗം പരിധി കവിയാതിരിക്കാൻ പവർകട്ട് അടക്കം കർശന നിയന്ത്രണമാണ് ചൈനയിലെ പല പ്രവിശ്യയിലും ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ലോകത്തിനു വേണ്ട ഇലക്ട്രോണിക്സ് ഘടകങ്ങളും തുണിത്തരങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ നിർമിക്കുന്ന ചൈനയിലെ ഫാക്ടറികൾ ഉൽപാദനം വെട്ടിച്ചുരുക്കാൻ നിർബന്ധിതരായിരിക്കുന്നു. കമ്പനികൾക്കടക്കം വൈദ്യുതി ഉപയോഗത്തിന് റേഷനിങ് ഏർപ്പെടുത്തി.
പ്രധാന വ്യവസായ ആസ്ഥാനങ്ങളായ ജാങ്സു, ഗ്വാങ്ഡോങ് പ്രവിശ്യകളിലെ ഫാക്ടറികളോട് പ്രവർത്തനം വെട്ടിച്ചുരുക്കാനോ നിർത്തി വയ്ക്കാനോ ആവശ്യപ്പെട്ടിട്ടുണ്ട്. മിക്ക ഫാക്ടറികളും ആഴ്ചയിൽ രണ്ടു ദിവസവും മറ്റുമൊക്കെയാണ് പ്രവർത്തിക്കുന്നത്. 44 ശതമാനം വ്യവസായപ്രവർത്തനങ്ങളെ പ്രതിസന്ധി ഒറ്റയടിക്കുതന്നെ ബാധിച്ചിരിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.
വീടുകളിലേക്കും വൈദ്യുതി നിയന്ത്രണമുണ്ട്. വടക്കുകിഴക്കൻ ചൈനയിൽ ലക്ഷക്കണക്കിനു കുടുംബങ്ങൾ ഇരുട്ടിലായിരിക്കുകയാണ്. പല പ്രവിശ്യകളിലും കുടിവെള്ളവും മുടങ്ങി. ട്രാഫിക് ലൈറ്റുകളും തെരുവുവിളക്കുകളും കത്തുന്നില്ല. മൊബൈൽ ഫോൺ കവറേജും അവതാളത്തിലായിരിക്കുകയാണ്. ദിവസേന എട്ടു തവണ വരെ പവർകട്ട് ഉണ്ട്.
രാജ്യത്തെ ഷോപ്പിങ് മാളുകൾ പ്രവർത്തനസമയം വെട്ടിച്ചുരുക്കി നേരത്തേ അടയ്ക്കുകയാണ്. രാത്രി പ്രവർത്തിക്കുന്ന കടകളിൽ മെഴുകുതിരികളാണ് ഉപയോഗിക്കുന്നത്. ഗ്വാങ്ഡോങ് പ്രവിശ്യയിൽ എയർകണ്ടീഷണറുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ലിയോണിങ്ങിലെ ലോഹ ഫാക്ടറിയിൽ അപ്രതീക്ഷിതമായുണ്ടായ പവർകട്ടിനെ തുടർന്ന് വെന്റിലേറ്ററിന്റെ പ്രവർത്തനം നിലച്ചതോടെ 23 തൊഴിലാളികൾ പരുക്കേറ്റ് ആശുപത്രിയാണെന്നും റിപ്പോർട്ട് ഉണ്ട്.
അന്തരീക്ഷ മലിനീകരണത്തിലും വൈദ്യുതി ഉപയോഗത്തിലും പരിധി ലംഘിക്കുന്നില്ല എന്നു കാണിക്കാനാണ് ചൈനയുടെ ശ്രമം. ഇതിനായി ശക്തമായ സമ്മർദം ചൈനയ്ക്കു മേൽ ഉണ്ട്. കൂടാതെ ഫെബ്രുവരിയിൽ ബെയ്ജിങ്ങിലും സമീപനഗരങ്ങളിലുമായി നടക്കുന്ന ശീതകാല ഒളിംപിക്സിനു മുന്നോടിയായി അന്തരീക്ഷ മലിനീകരണ തോത് കുറച്ചുകൊണ്ടുവരേണ്ടതും ചൈനയുടെ ആവശ്യമാണ്.
കൊറോണ വൈറസ് എങ്ങനെ വന്നുവെന്നതു സംബന്ധിച്ച തർക്കത്തെ തുടർന്ന് ഓസ്ട്രേലിയയുമായുള്ള ചൈനയുടെ ബന്ധം ഉലഞ്ഞിരിക്കുകയാണ്. ഇതോടെ അവിടെനിന്നുള്ള കൽക്കരി ഇറക്കുമതിയും നിലച്ചു. കൽക്കരി വില ചൈനയിൽ കുതിച്ചു കയറി. ചൈനയിൽ 60 ശതമാനം വൈദ്യുതിയും കൽക്കരി ഉപയോഗിച്ചാണ് ഉൽപാദിപ്പിക്കുന്നത്. വൈദ്യുതി ഉൽപാദനത്തിനുള്ള കൽക്കരിയുടെ വിലയിൽ കഴിഞ്ഞ ആറു മാസത്തിനിടെ വർധന 29 ശതമാനമാണ്.
താപവൈദ്യുത നിലയങ്ങളിൽ ഉപയോഗിക്കുന്ന കൽക്കരിക്കു ചൈനയിൽ വൻതോതിൽ വില കൂടിയത് വെല്ലുവിളിയായി. ആഗോള വിപണിയിൽ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള വമ്പിച്ച ഉൽപന്ന ആവശ്യകത നേരിടാൻ ഇതോടെ ചൈനയ്ക്കു സാധിക്കാതെ വരും. ലോകമെങ്ങും വിലക്കയറ്റത്തിനും ഇതു കാരണമാകാം. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ചൈനയുടെ ഈ വർഷത്തെ വളർച്ച 8.2ൽ നിന്ന് 7.7ശതമാനം ആയി കുറയാമെന്നാണ് അനുമാനിക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല