
സ്വന്തം ലേഖകൻ: അടുത്ത വർഷം ജിസിഎസ്ഇ, എ ലെവൽ വിദ്യാർത്ഥികൾക്ക് വിഷയങ്ങൾ തെരഞ്ഞെടുക്കൽ ഉദാരമാക്കാൻ യുകെ. വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്ക് തയ്യാറെടുക്കാൻ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമാണ് വിദ്യാഭ്യാസ വകുപ്പ് നൽകുക. കോവിഡ് പ്രതിസന്ധി കാരണം പഠനം തടസ്സപ്പെട്ടതിന് ശേഷം വിദ്യാർത്ഥികളെ അവരുടെ പഴയ മികവ് തിരിച്ചുപിടിക്കാൻ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് (ഡിഎഫ്ഇ) അറിയിച്ചു.
കൺസൾട്ടേഷൻ്റെ ഭാഗമായി ആറായിരത്തിലധികം പേർ നൽകിയ അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് വിദ്യാഭ്യസ വകുപ്പിന്റെ തീരുമാനം. ജിസിഎസ്ഇയിൽ ഇംഗ്ലീഷ് സാഹിത്യം, ചരിത്രം, പുരാതന ചരിത്രം, ഭൂമിശാസ്ത്രം എന്നിവയിൽ വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
ജിസിഎസ്ഇ, എ എസ്, എ- ലെവൽ എന്നിവയിൽ ഭൂരിഭാഗം വിഷയങ്ങളിലും, പരീക്ഷകളുടെ ഉള്ളടക്കത്തെ കേന്ദ്രീകരിച്ച് വസന്തകാലത്ത് മുൻകൂർ വിവരങ്ങൾ നൽകും.ഗണിതം, ഭൗതികശാസ്ത്രം, സംയുക്ത ശാസ്ത്ര പരീക്ഷകൾ എന്നിവയിൽ ഫോർമുല ഷീറ്റുകൾ ഉൾപ്പെടെയുള്ള പിന്തുണാ സാമഗ്രികളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും.
കൺസൾട്ടേഷനോട് പ്രതികരിച്ചവരിൽ, 90% ത്തിലധികം വിദ്യാർത്ഥികളും രക്ഷിതാക്കളും മുൻകൂട്ടി വിവരങ്ങൾ നൽകുന്നതിനെ അനുകൂലിക്കുകയും 80% വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനെ അംഗീകരിക്കുകയും ചെയ്തു. പരീക്ഷാ ഹാളിലേക്ക് വിദ്യാർത്ഥികളെ തയ്യാറാക്കാൻ അധ്യാപകരെ സഹായിക്കുന്നതിന് വസന്തകാലത്തിന് മുൻപ് തന്നെ വിവരങ്ങൾ നൽകണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരിയ്ക്ക് മുമ്പുള്ളതിനേക്കാൾ 2022 ൽ വിദ്യാർത്ഥികൾക്ക് ഉയർന്ന ഗ്രേഡുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഡിഎഫ്ഇ പറയുന്നു. 2021 നും 2019 നും ഇടയിലുള്ള മിഡ്‌വേ പോയിന്റ് പ്രതിഫലിപ്പിക്കുന്നതിനായി പരീക്ഷാ ബോർഡുകൾ ഗ്രേഡ് പരിധി നിശ്ചയിക്കും. 2023 ഓടെ ഫലങ്ങൾ സാധാരണ ഗ്രേഡ് പ്രൊഫൈലിലേക്ക് മടങ്ങിയെത്തുമെന്നും ഡിഎഫ്ഇ കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല