1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2021

സ്വന്തം ലേഖകൻ: സഹിഷ്ണുതയുടെ ഭൂമികയിലേയ്ക്ക് ലോകത്തെ മുഴുവൻ സ്വാഗതം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്സ്പോ 2020 ദുബായ് ഇന്ന് (വ്യാഴം) വൈകിട്ട് ഉദ്ഘാടനം നടക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം യുഎഇയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്തത്. ഇങ്ങനെ സ്വാഗതം ചെയ്യാൻ സാധിക്കുന്നതിൽ അഭിമാനിക്കുന്നതായും ഷെയ്ഖ് മുഹമ്മദ് അൽ ബയാൻ അറബിക് ദിനപത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

192 രാജ്യങ്ങളുടെ പ്രതിനിധികളെ സഹിഷ്ണുതയുടെ ദേശത്തേയ്ക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു, മാനവികതയ്ക്ക് രാജ്യാന്തര സഹകരണം ആവശ്യമായ സാഹചര്യത്തിൽ ആഗോള വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. ആറു മാസം നീണ്ടുനിൽക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പരിപാടിക്ക് കഴിഞ്ഞ 10 വർഷം നമ്മൾ നടത്തിയ സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായുള്ള ദേശീയ അഭിമാനമാണിത്.
ഇൗ യാത്ര യുഎഇയോടുള്ള ആഗോള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. മനുഷ്യരാശിയെ സേവിക്കാൻ ഏറ്റെടുക്കുന്ന ഏതൊരു ദൗത്യത്തിലും സ്ഥാനത്തിലും മികവ് പുലർത്താനുള്ള അസാധാരണമായ കഴിവ് എമിറാത്തികൾ വീണ്ടും വീണ്ടും തെളിയിച്ചു.

യുഎഇ ഒരു ഫലവൃക്ഷമാണെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു. ഈ ഗ്രഹത്തിന് ഒരു നല്ല നാളെയെക്കുറിച്ച് സ്വപ്നം കാണുന്ന എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയും. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ തന്ത്രങ്ങളുടെ ഫലം ഇന്ന് ഞങ്ങൾ കൊയ്യുന്നു. ഇതാണ് നിങ്ങളുടെ ഫലം. വെല്ലുവിളികളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാനുള്ള നിങ്ങളുടെ കാഴ്ചപ്പാടിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ് ലോകത്തിന്റെ ആത്മവിശ്വാസമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ചരിത്രം മുതൽ സൗരയൂഥം വരെ നേർക്കാഴ്ചകളാക്കി എക്സ്പോയിൽ ഇന്ത്യയും തിളങ്ങുന്നു. കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രാതിനിധ്യം ഉറപ്പാക്കിയ മേളയിൽ കൂടുതൽ സംസ്ഥാനങ്ങളെ പ്രതീക്ഷിക്കാം. പവിലിയനിൽ ഓരോ സംസ്ഥാനത്തിനും ഒന്നു മുതൽ 2 ആഴ്ചവരെ ലഭിക്കും. നിക്ഷേപ സാധ്യതകൾ പങ്കുവയ്ക്കാനും സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാനും അവസരമുണ്ടാകും.

മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘങ്ങൾ നേരിട്ട് രാജ്യാന്തര നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ 50,000 സ്റ്റാർട്ടപ്പുകൾക്കും അവസരം ലഭിക്കും. ഓരോ സംസ്ഥാനത്തിന്റെയും ചെറുപതിപ്പുകൾ സന്ദർശകരെ വരവേൽക്കും. പടുകൂറ്റൻ എൽഇഡി സ്ക്രീനുകളിലെ കാഴ്ചകൾ, കരകൗശല ഉൽപന്നങ്ങൾ, കലാവിരുന്നുകൾ എന്നിവയിലെല്ലാം നാട്ടുതനിമ ഓളമിടും.

ആദ്യം ഗുജറാത്തിനും തുടർന്നു കർണാടകയ്ക്കും ലഡാക്കിനുമാണ് അവസരം. വരും ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ പദ്ധതികൾ പ്രഖ്യാപിക്കും. വിനോദസഞ്ചാരം, സ്റ്റാർട്ടപ്പ്, കാർഷികം, ഊർജം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാകും പല സംസ്ഥാനങ്ങളുടെയും പ്രഖ്യാപനങ്ങൾ. രാജ്യാന്തര വേദിയിൽ സംസ്ഥാനങ്ങൾക്കു സ്വന്തം നിലയ്ക്കു പദ്ധതികൾ അവതരിപ്പിക്കാനും സംരംഭകരെ ആകർഷിക്കാനും അവസരം ലഭിക്കും.

പവിലിയനിലെ ‘ഇന്ത്യ ടൂറിൽ’ കേരളം മുതൽ കശ്മീർ വരെയുള്ള കാഴ്ചകൾ കാണാം. വള്ളംകളി, കളരിപ്പയറ്റ്, തെയ്യം, മൈസൂർ ദസറ, ദക്ഷിണേന്ത്യൻ-ഉത്തരേന്ത്യൻ കൊട്ടാരങ്ങൾ എന്നിങ്ങനെ ദൃശ്യവിരുന്നുകളേറെ. ഓരോ സംസ്ഥാനത്തിന്റെയും ഭക്ഷ്യമേളകളും ഇന്ത്യൻ പവിലിയനെ സമ്പന്നമാക്കും. എന്താണ് ഇന്ത്യയെന്ന് ഒറ്റ സന്ദർശനത്തിലൂടെ അറിയാനും പവിലിയൻ അവസരമൊരുക്കും.

ഇന്ത്യൻ സിനിമ, സംഗീതം എന്നിവയും പൈതൃക ലോകത്ത് ഇടം പിടിച്ചിട്ടുണ്ട്. സിനിമ റീൽ എന്ന ദൃശ്യ വിരുന്നിൽ സത്യൻ, പ്രേംനസീർ, എംജിആർ, രാജ്കുമാർ, രാജ്കപൂർ തുടങ്ങിയവരുടെ അവിസ്മരണീയ ചലച്ചിത്രയുഗങ്ങൾ കടന്നുപോകും. കർണാടക-ഹിന്ദുസ്ഥാനി സംഗീതം, സംഗീതോപകരണങ്ങൾ, വിവിധ കലാകാരന്മാരുടെ സംഭാവനകൾ എന്നിവ പുതിയ തലമുറയ്ക്ക് അപൂർവാനുഭവമാകും.

ഇന്ത്യൻ ഗ്രാമങ്ങൾ മുതൽ രാജനഗരങ്ങൾ വരെ ഈ വെർച്വൽ ലോകത്തുണ്ട്. രാജ്യാന്തര മേളകളിൽ അധികം സജീവമാകാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തവും പുതുമയാകും. ത്രിപുര, മണിപ്പൂർ, അരുണാചൽ പ്രദേശ്, അസം, മിസോറം എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ കരകൗശല പരിപാടികളും കലാമേളകളും നടത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.