
സ്വന്തം ലേഖകൻ: യുഎഇയിൽ ഒന്നിലേറെ തവണ വന്നുപോകാവുന്ന 5 വർഷത്തെ ടൂറിസ്റ്റ് വീസ (മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ) നൽകിത്തുടങ്ങി. എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് (ഐസിഎ) വെബ്സൈറ്റിൽ 650 ദിർഹം (ഏകദേശം 13,000 രൂപ) ഫീസ് അടച്ചാണ് അപേക്ഷിക്കേണ്ടത്.
6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റിൽ കുറഞ്ഞത് 4000 ഡോളറോ (2.97 ലക്ഷം രൂപ) തുല്യ കറൻസിയോ ഉണ്ടാകണം. 6 മാസം നീണ്ടുനിൽക്കുന്ന ദുബായ് എക്സ്പോ സന്ദർശിക്കാൻ അനുയോജ്യമാണ് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ. എത്ര തവണ വേണമെങ്കിലും യുഎഇയിലേക്കു വരാമെങ്കിലും വർഷത്തിൽ പരമാവധി 90 ദിവസത്തെ താമസത്തിനാണ് അനുമതി.
എന്നാൽ പ്രത്യേക അനുമതിയോടെ 180 ദിവസം വരെ തങ്ങാം. യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ വീസയുള്ള ഇന്ത്യക്കാർക്ക് വീസ നടപടികളിലും ഫീസിലും ഇളവുണ്ട്. ഇവർക്ക് 14 ദിവസത്തേക്ക് വീസ ഓൺ അറൈവൽ ലഭിക്കും. 150 ദിർഹം (ഏകദേശം 3,000 രൂപ) ആണു ഫീസ്. വെബ്സൈറ്റ്: https://beta.smartservices.ica.gov.ae
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല