
സ്വന്തം ലേഖകൻ: ഇന്ത്യയുടെ കോവിഡ് വാക്സീൻ കോവിഷീൽഡിന് ഓസ്ട്രേലിയ അംഗീകാരം നൽകി. രാജ്യാന്തര വിമാന സർവീസ് ആരംഭിക്കുന്നതോടെ, കോവിഷീൽഡ് സ്വീകരിച്ച യാത്രികരെ വാക്സിനേറ്റഡ് ഗണത്തിൽ ഉൾപ്പെടുത്തി പ്രവേശനം അനുവദിക്കും.
ഇന്ത്യയിൽ നിന്നു വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഒട്ടേറെ പേർക്ക് തീരുമാനം ആശ്വാസകരമാണ്. രാജ്യാന്തര വിമാന സർവീസിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം അടുത്തമാസം പിൻവലിക്കാനാണു തീരുമാനം. ചൈനയുടെ വാക്സീൻ സിനോവാക്കിനും കോവിഷീൽഡിനൊപ്പം അംഗീകാരം നൽകിയിട്ടുണ്ട്.
അതിനിടെ കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച അതിർത്തികൾ അടുത്തമാസം തുറക്കാൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചു. 2020 മാർച്ചിലാണ് ആസ്ട്രേലിയ അതിർത്തികൾ അടച്ചത്. രാജ്യത്തെ പൗരന്മാർ രാജ്യംവിടുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. ഈ നടപടികൾ കോവിഡ് നിയന്ത്രിക്കാൻ സഹായിച്ചതായാണ് വിലയിരുത്തൽ.
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ നടന്നിരുന്നു. അതേസമയം, അതിർത്തി അടച്ചതോടെ നിരവധി പൗരൻമാരാണ് മറ്റിടങ്ങളിൽ കുടുങ്ങിയത്. 18 മാസമായി ഇവർ രാജ്യത്തെത്താൻ കാത്തിരിക്കുകയാണ്. നേരത്തേ ഡിസംബർ 17ന് അതിർത്തി തുറക്കാനാണ് തീരുമാനിച്ചത്.
എന്നാൽ, പിന്നീട് ഇത് ഒരുമാസം നേരത്തേയാക്കാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ 2,10,679 ആസ്ട്രേലിയൻ പൗരന്മാർക്കാണ് വിദേശത്തേക്ക് പറക്കാൻ അനുമതിയുള്ളതെന്ന് സിഡ്നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് യാത്രചെയ്യാനാണ് സർക്കാർ അനുമതി നൽകിയതെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. വിദേശസഞ്ചാരികളെ രാജ്യത്ത് പ്രവേശിപ്പിക്കുന്നതും പരിഗണിക്കും. രാജ്യത്തെ 80 ശതമാനം ആളുകളും വാക്സിനേഷൻ സ്വീകരിച്ചവരാണ്. രാജ്യത്തുനിന്ന് പുറത്തുപോകുന്നവർ തിരിച്ചുവരുേമ്പാൾ ഏഴു ദിവസം വീട്ടിൽ ക്വാറൻറീനിൽ കഴിയണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല