1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2021

സ്വന്തം ലേഖകൻ: ഷഹീന്‍ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ ഒമാന്‍. അതിശക്തമായ ചുഴലിക്കാറ്റ് മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ തീരത്തു നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെയാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഷഹീന്‍ ചുഴലിക്കാറ്റിന്റെ കേന്ദ്രം വടക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ രേഖാംശം 59.3 കിഴക്കും അക്ഷാംശം 24.2 വടക്കുമാണെന്ന് നാഷനല്‍ മള്‍ട്ടി ഹസാര്‍ഡ്‌സ് ഏര്‍ളി വാണിംഗ് സെന്റര്‍ അറിയിച്ചു. മസ്‌ക്കറ്റ് ഗവര്‍ണറേറ്റില്‍ നിന്ന് ഏതാണ് 200 കിലോമീറ്റര്‍ മാത്രം അകലെയാണ് ഇതെന്നും അധികൃതര്‍ വ്യക്തമാക്കി.

മണിക്കൂറില്‍ 116 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഷഹീന്‍ ചുഴലിയുടെ നേരത്തേയുള്ള പ്രതിഫലനങ്ങള്‍ മസ്‌ക്കറ്റ്, സൗത്ത് അല്‍ ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളില്‍ അനുഭവപ്പെട്ടു തുടങ്ങി. ഇവിടങ്ങളില്‍ ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. കടല്‍ ജലം വലിയ തോതില്‍ ഉയരുന്നുണ്ടെന്നും അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ തിര അടിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ചയോടെ ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ ഷഹീന്‍ ചുഴലി എത്തിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മണിക്കൂറില്‍ 100 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയിലുള്ള കാറ്റ് എത്തുന്നതോടെ ശക്തമായ മഴയും അതേത്തുടര്‍ന്ന് വെള്ളപ്പൊക്കവും ഉണ്ടാവാനിടയുണ്ട്. 200നും 500നും ഇടയില്‍ മില്ലിമീറ്റര്‍ ശക്തിയില്‍ മഴ പെയ്യുമെന്നാണ് നിരീക്ഷണം.

നോര്‍ത്ത് അല്‍ ബത്തീന, മസ്‌ക്കറ്റ്, അല്‍ ദാഹിറ, അല്‍ ബുറൈമി, അല്‍ ദകലിയ, സൗത്ത് അല്‍ ശര്‍ഖിയ്യ തുടങ്ങിയ മേഖലകളിലാണ് പ്രളയ സാധ്യതയുള്ളത്. മുസന്തം, നോര്‍ത്ത് അല്‍ ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലും മഴയും കാറ്റും ഉണ്ടാകുമെങ്കിലും കാഠിന്യം കുറയും. സൗത്ത് അല്‍ ശര്‍ഖിയ്യ മുതല്‍ മുസന്തം വരെയുള്ള തീരപ്രദേശങ്ങളില്‍ കടല്‍ അത്യന്തം പ്രക്ഷുബ്ധമാവും.

ഷഹീന്‍ ചുഴലിക്കാറ്റ് തീരത്തെത്തുന്നതിനു മുമ്പായി അധികൃതര്‍ മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി രാജ്യത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. എന്നാല്‍, ഷഹീന്‍ ചുഴലി ബാധിക്കില്ലെന്നു കരുതുന്ന റിയാര്‍, ഉസ്ഫ പ്രവിശ്യകള്‍ക്ക് അവധി ബാധകമല്ല. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും കടല്‍ത്തീരങ്ങളില്‍ നിന്നും ആളുകള്‍ മാറി നില്‍ക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

വാദികള്‍ മുറിച്ചു കടക്കുന്നതും മല്‍സ്യ ബന്ധനത്തിനും മറ്റുമായി കടലില്‍ പോകുന്നതും അധികൃതര്‍ കര്‍ശനമായി വിലക്കി. വെള്ളം കയറാനിടയുള്ള പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിക്കുന്നവരെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടറുകള്‍ കണ്ടെത്തിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭക്ഷണം, കുടിവെള്ളം, ബ്ലാങ്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും സജ്ജീകരിച്ചു കഴിഞ്ഞു. ജനങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന മാത്രം വാര്‍ത്തകള്‍ സ്വീകരിക്കണമെന്നും സോഷ്യല്‍ മീഡിയ വഴി അനാവശ്യ ഭീതി സൃഷ്ടിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഷഹീന്‍ ചുഴലിക്കാറ്റ് തീരത്തെത്തിയേക്കാനുള്ള സാധ്യത പരിഗണിച്ച് യുഎഇയിലും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ബീച്ചുകള്‍, മലഞ്ചെരിവുകള്‍, പര്‍വതങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നത് അധികൃതര്‍ വിലക്കി. ഫുജൈറ തീരത്തു നിന്ന് 440 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ കേന്ദ്രം. അല്‍ ഐന്റെ ചില ഭാഗങ്ങളിലും ചുഴലിയുടെ പ്രതിഫലനങ്ങള്‍ ഉണ്ടാവാനിടയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഇവിടങ്ങളില്‍ ശക്തമായ കാറ്റും മഴയും തിമാലയും ഉണ്ടാവാനിടയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഷഹീന്‍ ചുഴലിയുടെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ രാജ്യം സജ്ജമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകളില്‍ നിന്ന് മാത്രം വാര്‍ത്തകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.