
സ്വന്തം ലേഖകൻ: ലോകം ഒരു കുടക്കീഴിൽ സമ്മേളിക്കുന്ന വേദിയിൽ വിസ്മയങ്ങൾ കാണാൻ സന്ദർശകർക്കൊപ്പം യു.എ. ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും എത്തി. ഒന്നിലേറെ പവിലിയനുകൾ അദ്ദേഹം സന്ദർശിച്ചു.
കിഴക്കും പടിഞ്ഞാറും ദുബായിൽ കണ്ടുമുട്ടുകയും അവർ ദുബായിയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുവെന്ന് യു.എസ്., ചൈനീസ് പവിലിയനുകൾ സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു. കസാഖിസ്ഥാൻ പവിലിയനും അദ്ദേഹം നടന്നുകണ്ടു. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ശനിയാഴ്ച ഫ്രാൻസ് പവലിയൻ സന്ദർശിച്ച ഷെയ്ഖ് മുഹമ്മദ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ യെവ്സ് ലെ ഡ്രിയാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎഇയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചും മികച്ച ഭാവി സൃഷ്ടിക്കുന്നതിൽ ആഗോള സഹകരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഫ്രാൻസിൻ്റെ ദേശീയദിനം എക്സ്പോ 2020 ദുബായിൽ ആഘോഷിച്ചു.
എക്സ്പോ 2020 ദുബായിലെ തന്റെ പര്യടനത്തിന്റെ രണ്ടാം ദിവസം സൗദി, ഒമാൻ പവലിയനുകൾ സന്ദർശിച്ചു. അദ്ദേഹത്തോടൊപ്പം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും സൗദി പവലിയനിൽ എത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല