1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2021

സ്വന്തം ലേഖകൻ: രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് കൂടി നല്‍കാന്‍ സൗദിയും തീരുമാനമെടുത്തു. ഇതിനായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് ആറു മാസം പിന്നിട്ടവര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസായി മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കുന്നത്.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള വിഭാഗങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍, വൃക്ക രോഗികള്‍, പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ക്കു പുറമെ, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍ഗണനാ ക്രമത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സൗദിയില്‍ ആരംഭിച്ച വാക്‌സിനേഷന്‍ ക്യാംപയിന്റെ ഭാഗമായി ഇതിനകം 4.5 കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ ഇതുവരെ 45,056,637 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 24,018,342 എണ്ണം ആദ്യ ഡോസ് ആണ്. 21,038,295 എണ്ണം സെക്കന്‍ഡ് ഡോസും. 1,691,245 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയതെന്നും മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ രാജ്യത്ത് പ്രതിദിന കോവിഡ് ബാധ നിരക്ക് വലിയ തോതില്‍ കുറഞ്ഞു. കഴിഞ്ഞ ദിവസം 51 പേര്‍ക്ക് മാത്രമാണ് പുതുതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ 59 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. രാജ്യത്താകെ 24 മണിക്കൂറിനിടെ ഒരാള്‍ മാത്രമാണ് കോവിഡ് കാരണം മരിച്ചത്. രാജ്യത്ത് ആകെ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത 5,48,162 പേരില്‍ 5,37,208 പേരും രോഗമുക്തി നേടി. ആകെ 8,774 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇപ്പോഴുള്ള രോഗബാധിതരില്‍ 77 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.

രാജ്യത്ത് കോവിഡ് വ്യാപനം വലിയ തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ സൗദി നേരത്തേ പ്രഖ്യാപിച്ചിരുന്നു. പൊതു ഇടങ്ങളിലെ മാസ്‌ക് ധാരണം, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങളാണ് നിലവില്‍ ഒഴിവാക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.