1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2021

സ്വന്തം ലേഖകൻ: യുഎഇയിൽ കാലാവസ്ഥയിൽ മാറ്റം വന്നതോടെ പകർച്ചപ്പനി വ്യാപകമാകുന്നു. കടുത്ത പനി, ചുമ, ജലദോഷം, ശ്വാസംമുട്ടൽ എന്നിവയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം കൂടി. കൂടുതൽ പേർ താമസിക്കുന്ന ബാച്ചിലേഴ്സ് ഫ്ലാറ്റുകളിൽ അതിവേഗം രോഗം പടരുന്നു. പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതാണ് സുരക്ഷിതമെന്നും കോവിഡ് വാക്സീൻ സ്വീകരിച്ചുവെന്നു കരുതി ഇതൊഴിവാക്കരുതെന്നും ആരോഗ്യവിദഗ്ധർ നിർദേശിച്ചു.

കുത്തിവയ്പെടുത്താൽ രോഗം വരാതിരിക്കുകയോ വന്നാൽ തീവ്രത കുറയുകയോ ചെയ്യും. യുഎഇയിൽ ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് പകർച്ചപ്പനിയുടെ സീസൺ. അതിവേഗം പടരുന്നുവെന്നതാണ് വൈറൽ പനിയുടെ പ്രത്യേകത. സ്കൂളിലോ ബാച്​ലേഴ്സ് ഫ്ലാറ്റുകളിലോ ഒരാൾക്കു വന്നാൽ മറ്റുള്ളവർക്ക് പെട്ടെന്നു ബാധിക്കാൻ സാധ്യതയേറെയാണ്.

യഥാസമയം ചികിത്സിച്ചില്ലെങ്കിൽ രോഗി അവശനാകും. കുട്ടികൾ, വയോധികർ, ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നിവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പു നൽകി. ആശുപത്രിയിൽ കിടത്തി ചികിത്സിക്കാതെ തന്നെ 84.53% പേർക്കും വൈറൽ പനി മാറുന്നതായാണ് രാജ്യാന്തര റിപ്പോർട്ട്.

കോവിഡ്, ഫ്ലൂ വാക്സീനുകൾ തമ്മിൽ ബന്ധമില്ല. കോവിഡ് വാക്സീൻ എടുത്തതുകൊണ്ട് ഫ്ലൂ വാക്സീൻ ഒഴിവാക്കരുത്. വാക്സീൻ സ്വീകരിക്കുന്നതിൽ 2 ആഴ്ചയെങ്കിലും ഇടവേളയുണ്ടാകണം. ഒരോവർഷവും വൈറസിന്റെ ഘടനയും സ്വഭാവവും മാറുമെന്നതാണ് ഇൻഫ്ലുവൻസയുെട പ്രത്യേകത.

കടുത്ത പനിയും ശരീരവേദനയുമാണ് വൈറൽ പനിയുടെ പ്രധാന ലക്ഷണങ്ങൾ. ക്ഷീണമോ ശരീര വേദനയോ ചുമയോ ആയി തുടങ്ങുന്ന രോഗം അതിവേഗം മൂർഛിക്കുന്നു. ഭക്ഷണത്തോടുള്ള വിരക്തി ശരീരം ദുർബലമാക്കുന്നു. ചെറിയ തോതിലുള്ള ജലദോഷമോ തൊണ്ടവേദനയോ ആണെങ്കിൽ ആവി പിടിക്കുന്നതും ഉപ്പിട്ട ചൂടുവെള്ളം കൊണ്ടു ഗാർഗിൾ ചെയ്യുന്നതും നല്ലതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.