
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായെങ്കിലും സംസ്ഥാനത്തെ ബാങ്ക് ശാഖകളിലെ പ്രവാസി നിക്ഷേപം നടപ്പു സാമ്പത്തികവര്‍ഷം (202122) ആദ്യ പാദത്തില്‍ 7.71 ശതമാനം വര്‍ധിച്ചു. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കണക്കുപ്രകാരം 2021 ജൂണ്‍ അവസാനം വരെയുള്ള എന്‍.ആര്.ഐ. നിക്ഷേപം 2,36,496.24 കോടി രൂപയാണ്. 2020-21 സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 2,18,247.02 കോടി രൂപയായിരുന്നു പ്രവാസി നിക്ഷേപമെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലും മറ്റുമായി ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നിക്ഷേപത്തില്‍ ഇത്രയും വര്‍ധനയുണ്ടായിരിക്കുന്നത്. പൊതുമേഖലാ ബാങ്ക് ശാഖകളില്‍ മൊത്തം 1,08,234.04 കോടി രൂപയുടെ പ്രവാസി നിക്ഷേപമാണുള്ളത്.
സ്വകാര്യ മേഖലാ ബാങ്ക് ശാഖകളിലുള്ള എന്‍.ആര്.ഐ. നിക്ഷേപം 1,24,290.35 കോടി രൂപയും. ഇക്കാലയളവില്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ 2,151.70 കോടി രൂപയുടെയും കേരള ഗ്രാമീണ്‍ ബാങ്കില്‍ 1,183.72 കോടിയുടെയും സഹകരണ ബാങ്കുകളില്‍ 6.43 കോടി രൂപയുടെയും പ്രവാസിനിക്ഷേപം രേഖപ്പെടുത്തി.
2020 ഏപ്രില്‍-ജൂണ്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതുമേഖലയിലേക്കുള്ള പ്രവാസികളുടെ പണമൊഴുക്കില്‍ 5.67 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. സ്വകാര്യ ബാങ്കുകളിലെ നിക്ഷേപം 10.48 ശതമാനവും വര്‍ധിച്ചു. അതേസമയം, സഹകരണ ബാങ്കുകളിലെ നിക്ഷേപം 50.82 കോടി രൂപയില്‍ നിന്നും 6.43 കോടി രൂപയായി കുറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല