
സ്വന്തം ലേഖകൻ: യുകെയിൽ കോവിഡ് കേസുകള്‍ വീണ്ടും കുതിയ്ക്കുകയും ആശുപത്രി അഡ്മിഷനുകള്‍ ഉയരുകയും ചെയ്യുമ്പോഴും ലോക്ക്ഡൗണിനെ കുറിച്ച് ഇനി ചിന്തിക്കില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. പകരം ബൂസ്റ്റര്‍ ഡോസ് വിതരണത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. ബൂസ്റ്റര്‍ വാക്‌സിന്‍ ബ്രിട്ടനെ മറ്റൊരു ലോക്ക്ഡൗണിലേക്ക് പോകുന്നതില്‍ നിന്നും തടയുമെന്ന് ചാന്‍സലര്‍ റിഷി സുനാകും വ്യക്തമാക്കുന്നു.
വൈറസിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ മുന്‍നിര ആയുധമായി വാക്‌സിന്‍ തന്നെയാണ് നിലയുറപ്പിച്ച് നില്‍ക്കുന്നതെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. ശൈത്യകാലത്ത് വൈറസ് മൂലം എന്‍എച്ച്എസ് സമ്മര്‍ദത്തിലാകുന്നത് തടയാനും ഇതാണ് പ്രധാന മാര്‍ഗം. വിന്റര്‍ വെല്ലുവിളി നിറഞ്ഞതാകുമെന്ന് സമ്മതിച്ചെങ്കിലും മറ്റൊരു ലോക്ക്ഡൗണിലേക്ക് രാജ്യത്തെ തള്ളിവിടില്ലെന്നാണ് സുനാകിന്റെ നിലപാട്. അത് സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാവും.
രാജ്യത്തെ അടച്ചുപൂട്ടാനുള്ള പദ്ധതി മനസില്‍ പോലുമില്ലെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും നേരത്തെ വ്യക്തമാക്കിയത്. കോവിഡ് ഇന്‍ഫെക്ഷന്‍ ബാധിച്ച രോഗികളുടെ എണ്ണമേറുന്നതിനൊപ്പം ഫ്ളൂ പോലുള്ള മറ്റ് ഇന്‍ഫെക്ഷനുകളും ചേര്‍ന്ന് എന്‍എച്ച്എസിനെ സമ്മര്‍ദത്തിലാക്കി മാറ്റുമെന്നാണ് ആരോഗ്യ മേധാവികള്‍ നല്‍കുന്ന മുന്നറിയിപ്പ്.
ആറാഴ്ചയ്ക്കിടെ ആദ്യമായി ബ്രിട്ടന്റെ ദൈനംദിന ഹോസ്പിറ്റല്‍ അഡ്മിഷന്‍ 1000 കടന്ന ഘട്ടത്തിലാണ് സുനാകിന്റെ പ്രതികരണം. കോവിഡ് ബൂസ്റ്റര്‍ വാക്‌സിന്‍ പദ്ധതിയുടെ വേഗം കൂട്ടാന്‍ ഇംഗ്ലണ്ടിന്റെ വാക്‌സിന്‍ ചീഫ് ഡോ. എമിലി ലോസണ്‍ എന്‍എച്ച്എസില്‍ മേല്‍നോട്ടത്തിനായി തിരിച്ചെത്തിയിട്ടുണ്ട്.
ബൂസ്റ്റര്‍ വാക്‌സിന് യോഗ്യതയുള്ള 8.7 മില്ല്യണ്‍ രോഗികളില്‍ 4 മില്ല്യണ്‍ പേര്‍ മാത്രമാണ് ഇപ്പോള്‍ വാക്‌സിന്‍ എടുത്തിരിക്കുന്നത്. കെയര്‍ ഹോം അന്തേവാസികളില്‍ ഇത് കാല്‍ശതമാനം മാത്രമാണ്. വിന്ററില്‍ എന്‍എച്ച്എസ് രോഗികളെ കൊണ്ട് നിറഞ്ഞ് കവിയുമെന്നാണ് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അതിനിടെ ആശങ്കയേറ്റി അവശ്യ സാധനങ്ങളുടെ വില കുതിയ്ക്കുന്നു. ആപ്പിള്‍ മുതല്‍ സോസേജുകള്‍ വരെയുള്ള ദൈനംദിന പലചരക്ക് സാധനങ്ങളുടെ വില 20 ശതമാനം കണ്ടു കൂടി. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ പുതിയ കണക്കുകൾ കാണിക്കുന്നത് അടിസ്ഥാന സാധനങ്ങളുടെ വിലയിൽ കഴിഞ്ഞ 12 മാസത്തിനിടെ റെക്കോർഡ് വർധന ഉണ്ടായതായാണ്.
ഒരു ബാഗ് ആപ്പിളിന്റെ വില 2.35 പൗണ്ടാണ്. ഒരു മാസത്തിനുള്ളില്‍ ഒരു കിലോഗ്രാം പന്നിയിറച്ചി സോസേജുകളുടെ ഒരു സാധാരണ പായ്ക്ക് 4.87 പൗണ്ടില്‍ നിന്ന് 5.16 പൗണ്ടായി ഉയര്‍ന്നു. രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയരുന്നതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. പെട്രോളിന് 2013 മാര്‍ച്ചിന് ശേഷം ഏറ്റവും വിലയേറിയ സമയം കൂടിയാണിത്. വിവിധ മേഖലകളില്‍ സമാനമായ വര്‍ദ്ധനവാണുള്ളത്. ഇറച്ചി , മല്‍സ്യം, പഴം, പച്ചക്കറി, പാല്‍ എന്നിവയ്‌ക്കെല്ലാം വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കും.
പുറത്ത് ഭക്ഷണം കഴിക്കാനും, സൂപ്പര്‍മാര്‍ക്കറ്റ് ബില്ലുകളിലും, മാനുഫാക്ചറിംഗ് ഉത്പന്നങ്ങളിലും വര്‍ദ്ധനവ് പ്രകടമാണ്. കഫെ, റെസ്റ്റൊറന്റ്, പബ്ബ് ബില്ലുകൾ വര്‍ഷത്തില്‍ 14-18 ശതമാനമാണ് ഉയരുന്നത്. എനര്‍ജി, ഷിപ്പിംഗ് ചെലവുകളും ഉയർന്നു തന്നെ. ഒപ്പം ഡ്രൈവര്‍മാരുടെ ക്ഷാമം ഇനിയും പരിഹരിക്കപ്പെടാത്തതും സ്ഥിതി രൂക്ഷമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല