1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2021

സ്വന്തം ലേഖകൻ: വിനോദ സഞ്ചാരികളുടെ പറുദീസയാവാന്‍ ദുബായിലെ ഹത്ത ഒരുങ്ങുന്നു. പുതിയ ബീച്ചും തടാകവും പര്‍വത റെയില്‍വേയുമൊക്കെയായി വന്‍ പദ്ധതിക്ക് കാതോര്‍ത്തിരിക്കുകയാണ് ദുബായിലെ ഹത്ത പട്ടണം. നിലവില്‍ സാഹസിക ടൂറിസത്തിന് പേരുകേട്ട ഹത്തയുടെ ടൂറിസം വികസനത്തിനുള്ള വന്‍ പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമാ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു.

ഒമാനോട് ചേര്‍ന്ന് കിടക്കുന്ന ദുബായിയുടെ അതിര്‍ത്തി മലയോര പ്രദേശമായ ഹത്തയെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കാനാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്. നിലവില്‍ മൗണ്ടന്‍ ബൈക്കിംഗ്, കയാക്കിംഗ് തുടങ്ങിയവയ്ക്ക് പേരുകേട്ട ഹത്തയില്‍ പുതിയ തടാകം, ടൂറിസ്റ്റ് ബീച്ച്, ഗതാഗത സംവിധാനം, ദൈര്‍ഘ്യമേറിയ പര്‍വത നടപ്പാത, മൗണ്ടന്‍ റെയില്‍വേ തുടങ്ങിയവ നിര്‍മിക്കും.

ഇതിന് പുറമെ ഹോട്ടല്‍ സൗകര്യങ്ങളും 120 കിലോമീറ്റര്‍ സൈക്കിള്‍ പാതയും ഹെല്‍ത്ത് റിസോര്‍ട്ടും ഇവിടെ ഒരുക്കുമെന്ന് ശെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു. ഹത്തയിലെ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേക സ്ഥിരം കമ്മിറ്റിയെ നിശ്ചയിച്ചതായി ശെയ്ഖ് മുഹമ്മദ് അറിയിച്ചു. ഹത്തയുടെ പരിസ്ഥിതിയും പ്രകൃതിയും സംരക്ഷിച്ചുകൊണ്ടുള്ള വികസന പദ്ധതിയായിരിക്കും ഇവിടെ നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം തുടക്കം കുറിച്ച ദുബായ് 2040 അര്‍ബണ്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് 20 വര്‍ഷം നീണ്ടു നില്‍ക്കുന്ന ഹത്ത മാസ്റ്റര്‍ ഡെവലപ്‌മെന്റ് പ്ലാന്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യപടിയാണ് പുതിയ ടൂറിസം വികസനം. ഹത്തയിലെ ജനങ്ങള്‍ക്ക് പ്രയോജനകരവും യുഎഇയിലെ കുടുംബങ്ങള്‍ക്ക് വിനോദസഞ്ചാര കേന്ദ്രവും എന്ന നിലയില്‍ സമഗ്ര സാമ്പത്തിക മാതൃകയാരിക്കും ഹത്ത വികസന പദ്ധതിയെന്ന് ശെയ്ഖ് മുഹമ്മദ് പറഞ്ഞു. ശനിയാഴ്ച ഹത്തയില്‍ സന്ദര്‍ശനം നടത്തന്നതിനിടിലായിരുന്നു അദ്ദേഹം മാസ്റ്റര്‍ വികസന പദ്ധതി പ്രഖ്യാപനം നടത്തിയത്.

ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍മക്തൂം, ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാദ് അല്‍മക്തൂം, ദുബായ് മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ശെയ്ഖ് അഹ്‌മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം തുടങ്ങിയവരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.

യുഎഇയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പര്‍വത പാതയായിരിക്കും ഹത്തയില്‍ ഒരുക്കുക. ഇവിടെ ദേശീയ, അന്തര്‍ദേശീയ മല്‍സരങ്ങള്‍ സംഘടിപ്പിക്കും. മൗണ്ടന്‍ കേബിള്‍ റെയില്‍വേ വഴി വിനോദ സഞ്ചാരികള്‍ക്ക് ഹത്ത അണക്കെട്ട് കാണാന്‍ അവസരം ലഭിക്കും. വികസന പദ്ധതിയുടെ ഭാഗമായി ഹത്തയിലെ ഗതാഗത സംവിധാനം ശക്തിപ്പെടുത്തുമെന്നും ശെയ്ഖ് മുഹമ്മദ് അറിയിച്ചു.

വിനോദസഞ്ചാരികളുടെ ബെക്കുകളും സ്‌കൂട്ടറുകളും കൊണ്ടുപോവാനുള്ള സംവിധാനത്തോടു കൂടിയ ബസ് സര്‍വീസ് ആരംഭിക്കും. ഹത്തയിലെ വിവിധ പൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള ബസ് ഓണ്‍ ഡിമാന്റ് സൗകര്യവും ഇവിടെ ഒരുക്കും. ഹാജര്‍ പര്‍വതത്തിലെ ഉയര്‍ന്ന പ്രദേശമായ ഹത്തയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാലാവസ്ഥയാണെന്നത് അനുകൂല ഘടകമാണ്. ദുബായ്, ഷാര്‍ജ നഗരങ്ങളെക്കാള്‍ തണുപ്പേറിയ കാലാവസ്ഥയാണ് ഇവിടെയുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.