1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2021

സ്വന്തം ലേഖകൻ: ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് വനിതാ ജീവനക്കാർ പൊതുനിരത്തിൽ വസ്ത്രമഴിച്ച് പ്രതിഷേധിച്ചു. ഇറ്റലിയുടെ വിമാനക്കമ്പനിയായ അലിറ്റാലിയിൽ ജോലി ചെയ്തിരുന്ന ജിവനക്കാരികളാണ് വ്യത്യസ്തമായ പ്രതിഷേധവുമായി എത്തിയത്. അമ്പത് വിമാന ജോലിക്കാരികൾ തുണിയഴിച്ച് പ്രതിഷേധിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറ്റലിയിലെ പ്രശസ്ത വിമാനക്കമ്പനിയായ അലിറ്റാലിയ ഒക്ടോബർ 14നാണ് സർവീസ് നിർത്തലാക്കിയത്. സാമ്പത്തിക പ്രശ്നം രൂക്ഷമാണെന്നും സാഹചര്യം താങ്ങൻ സാധിക്കാത്തതിനാലാണ് വിമാന സർവീസ് നിർത്തലാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അലിറ്റാലിയയുടെ വമ്പൻ കടങ്ങൾ എഴുതിത്തള്ളാൻ ഇറ്റാലിയൻ സർക്കാർ യൂറോപ്യൻ കമ്മീഷനുമായി നടത്തിയ ഒരു കരാറിന്റെ ഭാഗമാണ് അലിറ്റാലിയ അടച്ചുപൂട്ടാൻ തീരുമാനമായത്.

അലിറ്റാലിയ സർവീസ് നിർത്തലാക്കിയതിന് പിന്നാലെ 10,500 വിമാന ജീവനക്കാരില്‍ 2500 പേരെ മാത്രമാണ് കമ്പനി നിലനിര്‍ത്തിയത്. മറ്റ് ജീവനക്കാരെ പുറത്താക്കുകയും ചെയ്തു. ഇവരിൽ ഉൾപ്പെട്ട ഫ്ലൈറ്റ് അറ്റന്‍ഡന്റുമാരാണ് പൊതുനിരത്തിൽ വ്യത്യസ്തമായ സമരവുമായി എത്തിയത്. വിമാനക്കമ്പനി അടച്ചുപൂട്ടാൻ തീരുമാനമായതിന് പിന്നാലെ ജിവനക്കാരികളുമായി അധികൃതർ ചർച്ച നടത്തിയിരുന്നു. കമ്പനി സർവീസ് നിർത്താൻ തീരുമാനിച്ചതിൻ്റെ ഭാഗമായി മറ്റ് വിമാനക്കമ്പനികളിലേക്ക് മാറിയ ജീവനക്കാരികളുമായി നടത്തിയ ചർച്ചകൾ വിജയം കണ്ടില്ല. തൊഴിലാളികളുടെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കാനോ കരാറിലെത്താനോ ട്രേഡ് യൂണിയനുകൾക്ക് സാധിച്ചില്ല.

അലിറ്റാലിയ സർവീസ് നിർത്തലാക്കിയതിന് പിന്നാലെ പുതിയ വിമാനക്കമ്പനി ആരംഭിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഐടിഎ (ഇറ്റാലിയ ട്രാസ്പോർട്ടോ ഏരിയോ) എയർലൈൻസ് എന്ന പേരിട്ട പുതിയ വിമാനക്കമ്പനിയുടെ ലോഗോ അടക്കം പ്രകാശനം ചെയ്യുകയും ചെയ്തു. 90 മില്യൺ യൂറോയ്‌ക്കാണ് അലിറ്റാലിയ ബ്രാൻഡ് നാമത്തിന്റെ അവകാശം ഐടിഎ വാങ്ങിയത്.

മറ്റ് കമ്പനികൾ കമ്പനി സ്വന്തമാക്കുന്നത് തടയാനാണ് ഈ നീക്കം നടത്തിയതെന്നും അധികൃതർ പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ നിന്നും വൻ തുക കടമെടുത്താണ് സർക്കാർ പുതിയ വിമാനക്കമ്പനി ആരംഭിക്കുന്നത്. അലിറ്റാലിയയുടെ വലിയ കടങ്ങൾ എഴുതിത്തള്ളാൻ ഇറ്റാലിയൻ സർക്കാർ യൂറോപ്യൻ കമ്മീഷനുമായി നടത്തിയ കരാറിൽ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്.

ജോലിയിൽ നിന്നും പുറത്താക്കപ്പെട്ട അമ്പതോളം ഫ്ലൈറ്റ് അറ്റന്‍ഡർമാരാണ് റോമിലെ തിരിക്കുള്ള നഗരവും സ്ഥലവുമായ ടൗണ്‍ ഹാളായ കാംപിഡോഗ്ലിയോയ്ക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. ജോലിയിൽ നിന്നും പുറത്താക്കിയെങ്കിലും അലിറ്റാലിയ കമ്പനിയുടെ യൂണിഫോം ധരിച്ച് നിശബ്ധമായി എത്തിയ ജീവനക്കാർ പൊതു നിരത്തിൽ വരിനിന്ന് മുദ്രാവക്യം വിളിക്കുകയും തുടർന്ന് യൂണിഫോം അഴിച്ചു മാറ്റുകയുമായിരുന്നു.

അടിവസ്ത്രങ്ങൾ മാത്രം ധരിച്ച ജീവനക്കാരികൾ മിനിറ്റുകളോളം പ്രതിഷേധിച്ചു. വേദന പ്രകടിപ്പിക്കാനാണ് ഞങ്ങൾ കൂട്ടമായി എത്തിയതെന്ന് മുൻ വിമാന ജീവനക്കാരിലൊരാൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. അപമാനകരവും ദുഖകരവുമായ കാര്യമാണിത്. കമ്പനി പുതിയ കാരാറിൽ എത്തിയതിൽ നിരാശയുണ്ടെന്നും എല്ലാ സഹപ്രവർത്തകർക്കും പിന്തുണ നൽകുന്നുവെന്നും ഇവർ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.