
സ്വന്തം ലേഖകൻ: സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ലോകത്ത് ഏറ്റവും മുന്നില്‍ യുഎഇ എന്ന് സര്‍വേ. ജോര്ജ്ടൗണ് സര്‍വകലാശാല നടത്തിയ ദി വിമിന്‍, പീസ് ആന്റ് സെക്യൂരിറ്റി ഇന്‍ഡക്സിലാണ് സ്ത്രീകള്‍ക്ക് സുരക്ഷിതത്വ ബോധത്തോടെ ജീവിക്കാന്‍ പറ്റിയ രാജ്യങ്ങളില്‍ യുഎഇ ഒന്നാമതെത്തിയത്. 15 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ നടത്തിയ സര്‍വേയില്‍ അവരുടെ രാത്രി സഞ്ചാര സുരക്ഷയെ കുറിച്ചായിരുന്നു പ്രധാനമായും ഊന്നല്‍ നല്‍കിയത്.
നേരത്തേ ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി അബൂദാബിയെ നംബിയോ സര്‍വേ തെരഞ്ഞെടുത്തിരുന്നു. ദുബായിയും ഷാര്‍ജയും ആദ്യ പത്തില്‍ ഇടംനേടുകയും ചെയ്തു. ഏത് പാതിപാത്രിയിലും ആരെയും ഭയക്കാതെ അക്രമത്തിനോ പീഡനത്തിനോ ഇരയായേക്കുമെന്ന ഭീതി ഇല്ലാതെ ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാവുന്ന രാജ്യമായാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ യുഎഇയെ കുറിച്ച് അഭിപ്രായപ്പെട്ടത്.
സര്‍വേയില്‍ പങ്കെടുത്ത 98.5 ശതമാനം സ്ത്രീകളും ഇതേ അഭിപ്രായക്കാരായിരുന്നു. വെറും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ എതിരഭിപ്രായമുള്ളത്. ഇത്ര ധൈര്യമായി രാത്രി സമയത്ത് പുറത്തിറങ്ങി നടക്കാന്‍ പറ്റുന്ന രാജ്യം മറ്റൊന്നില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു. 96.9 ശതമാനവുമായി സിംഗപ്പൂരാണ് സ്ത്രീകളുടെ രാത്രിയാത്രാ സുരക്ഷയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്.
സര്‍വേ പ്രകാരം രാത്രികാല യാത്രയില്‍ ഉള്‍പ്പെടെ സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും പിറകില്‍ നില്ക്കുന്ന രാജ്യം അഫ്ഗാനിസ്താനാണ്. ഇവിടെയുള്ള സ്ത്രീകള്‍ തങ്ങള്‍ തീരെ സുരക്ഷിതരല്ലെന്ന അഭിപ്രായക്കാരാണ്. താലിബാന് ഭരണകൂടം അധികാരമേറ്റതോടെ സ്ത്രീകളുടെ ഇക്കാര്യത്തിലുള്ള ആശങ്ക വര്‍ധിച്ചതായും സര്‍വേ ഫലം വ്യക്തമാക്കുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന സിറിയയാണ് സ്ത്രീകള്‍ക്കെതിരായ സംഘടിത കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ളത്. വികസിത രാജ്യങ്ങളില്‍ ആസ്ത്രേലിയയും ന്യൂസിലാന്റുമാണ് സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍.
സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ വളരെ പിറകിലാണെന്നും ജോര്ജ്ടൗണ് യൂനിവേഴ്സിറ്റിയിലെ വിമിന്‍, പീസ് ആന്റ് സെക്യൂരിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടും പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓസ്ലോയും സംയുക്തമായി പ്രസിദ്ധകരിച്ച സര്‍വേ ഫലം വ്യക്തമാക്കുന്നു. ഇവിടെ മൂന്നില്‍ ഒരാള്‍ മാത്രമാണ് രാത്രി ഒറ്റയ്ക്കുള്ള യാത്ര സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടത്.
അതേസമയം, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കുറച്ചുകൂടി ഭേദമാണ്. ഇവിടെ നിന്ന് സര്‍വേയില്‍ പങ്കെടുത്ത അഞ്ചില്‍ നാലു പേരും സുരക്ഷിതത്വം അനുഭവിക്കുന്നവരാണ്. അതേസമയം, 80ലേറെ രാജ്യങ്ങള്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ ഇക്കാര്യത്തില്‍ പുരോഗതി കൈവരിച്ചതായും സര്‍വേ ഫലം വ്യക്തമാക്കുന്നു. നേരത്തേ സുരക്ഷയുടെ കാര്യത്തില്‍ മലേഷ്യയിലെ 31 ശതമാനം സ്ത്രീകള്‍ മാത്രമായിരുന്നു നല്ല അഭിപ്രായം രേഖപ്പെടുത്തിയതെങ്കില്‍ ഇപ്പോള്‍ അത് 49 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല